
ദില്ലി: ജി20 സംയുക്ത പ്രസ്താവനയില്‍ സമവായത്തിലെത്താനുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയ ഷെര്‍പ്പ അമിതാഭ് കാന്തിനെ അഭിനന്ദിച്ച് വ്യവസായി ആനന്ദ് മഹീന്ദ്ര. എകെ 87 എന്നാണ് അമിതാഭ് കാന്തിനെ ആനന്ദ് മഹീന്ദ്ര വിശേഷിപ്പിച്ചത്. 200 മണിക്കൂർ നീണ്ട ചർച്ചകള്‍ക്കും 300 ഉഭയകക്ഷി യോഗങ്ങള്‍ക്കും 15 കരടുകള്‍ക്കും ശേഷമാണ് യുക്രെയിന്‍ വിഷയത്തിലെ സംയുക്ത പ്രസ്താവനയില്‍ സമവായത്തിലെത്താന്‍ കഴിഞ്ഞതെന്ന് നേരത്തെ അമിതാഭ് കാന്ത് വ്യക്തമാക്കിയിരുന്നു.
സമൂഹ മാധ്യമമായ എക്സിലാണ് ആനന്ദ് മഹീന്ദ്ര, അമിതാഭിനെ പ്രശംസിച്ചത്- "അതിനാൽ ഞാൻ @amitabhk87ന് എകെ-87: നയതന്ത്രത്തിന്‍റെ ആയുധം എന്ന തലക്കെട്ട് നൽകുന്നു". പോസ്റ്റിന് താഴെ നിരവധി പേര്‍ പ്രതികരണവുമായെത്തി. എകെ-87 പോലെ ശക്തിയുള്ള ആയുധമാണ് നയതന്ത്രമെന്ന് ഒരാള്‍ കുറിച്ച്. അമിതാഭിന് കഴിയാത്തതായി ഒന്നുമില്ല എന്നായിരുന്നു മറ്റൊരു പ്രതികരണം. സമാധാനമില്ലാതെ നമുക്ക് വളർച്ചയും പുരോഗതിയും കൈവരിക്കാനാവില്ലെന്നും ഈ യുക്രെയിന്‍ - റഷ്യ യുദ്ധം ഉടൻ അവസാനിച്ച് ലോകം സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പോസ്റ്റിനു താഴെ പ്രതികരണമുണ്ടായി.
ചൈനയെയും റഷ്യയെയും ഉള്‍പ്പെടെ സമവായത്തിലെത്തിച്ച അമിതാഭ് കാന്തിനെ അഭിനന്ദിച്ച് നേരത്തെ കോണ്‍ഗ്രസ് എംപി ശശി തരൂരും രംഗത്തെത്തിയിരുന്നു. ജി20യില്‍ ഇന്ത്യയ്ക്കിത് അഭിമാനകരമായ നിമിഷമാണ്. വെല്‍ ഡണ്‍ അമിതാഭ് കാന്ത്, നിങ്ങൾ ഐഎഎസ് തെരഞ്ഞെടുത്തപ്പോൾ ഐഎഫ്‌എസിന് ഒരു നയതന്ത്രജ്ഞനെ നഷ്‌ടമായെന്ന് തോന്നുന്നുവെന്നാണ് അമിതാഭ് കാന്തിനെ കുറിച്ചുള്ള വാര്‍ത്ത പങ്കുവെച്ച് ശശി തരൂര്‍ കുറിച്ചത്.
ജി20യിലെ സംയുക്ത പ്രസാവനയില്‍ സമവായമുണ്ടായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ലോകത്തെ അറിയിച്ചത്- "എനിക്കൊരു ശുഭവാർത്ത ലഭിച്ചിരിക്കുകയാണ്. നമ്മുടെ ടീമിന്റെ കഠിനാധ്വാനത്തിന്റെ ഫലമായി, ദില്ലി ജി20 നേതാക്കളുടെ ഉച്ചകോടി പ്രഖ്യാപനത്തിൽ സമവായം രൂപപ്പെട്ടിരിക്കുകയാണ്. ഈ അവസരത്തിൽ കഠിനാധ്വാനം ചെയ്യുകയും അത് സാധ്യമാക്കുകയും ചെയ്‌ത എന്റെ ഷെർപ്പ, മറ്റ് മന്ത്രിമാർ എന്നിവരെ ഞാൻ അഭിനന്ദിക്കുന്നു"- പ്രഖ്യാപന വേളയിൽ പ്രധാനമന്ത്രി മോദി പറഞ്ഞു.
കേരള കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു അമിതാഭ് കാന്ത്. തലശ്ശേരി സബ് കലക്ടറായാണ് അദ്ദേഹം ഐഎഎസ് ജീവിതം തുടങ്ങിയത്. 'ദൈവത്തിന്‍റെ സ്വന്തം നാട്' എന്ന ടാഗ് ലൈനിലൂടെ കേരള ടൂറിസം ബ്രാന്‍ഡ് ചെയ്തത് ഉള്‍പ്പെടെ നിരവധി നൂതന ആശയങ്ങള്‍ അദ്ദേഹം കരിയറിലുടനീളം മുന്നോട്ടുവെച്ചിരുന്നു. സ്റ്റാർട്ടപ്പ് ഇന്ത്യ, മേക്ക് ഇൻ ഇന്ത്യ, ഇൻക്രെഡിബിൾ ഇന്ത്യ തുടങ്ങിയ ആശയങ്ങളുടെ പിന്നിലും അമിതാഭുണ്ടായിരുന്നു.
വിരമിച്ചതിനു ശേഷവും ഉന്നത പദവികൾ അമിതാഭ് കാന്തിനെ തേടിവന്നു. നീതി ആയോഗിന്‍റെ രണ്ടാമത്തെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറായി 2016ല്‍ അമിതാഭ് നിയമിക്കപ്പെട്ടു. 2022 ജൂൺ 30 വരെ അദ്ദേഹം നീതി ആയോഗ് സിഇഒ ആയി സേവനമനുഷ്ഠിച്ചു. കൊവിഡ് കാലത്ത് കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച എംപവേഡ് പാനലിന്‍റെ അധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡൽഹി-മുംബൈ ഇൻഡസ്ട്രിയൽ കോറിഡോറിന്റെ (ഡിഎംഐസി) ചുക്കാൻ പിടിച്ചതും അമിതാഭ് കാന്താണ്.