
ദില്ലി: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രശംസിച്ച പാർട്ടി എംഎൽഎയെ സമാജ് വാദി പാർട്ടി അധ്യക്ഷണ അഖിലേഷ് യാദവ് പുറത്താക്കി. പൂജ പാൽ എന്ന വനിതാ എംഎൽഎയെയാണ് പുറത്താക്കിയത്. തന്റെ ഭർത്താവിന്റെ കൊലപാതകത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നീതി നടപ്പിലാക്കിയെന്നടക്കം നിയമസഭയിൽ നടത്തിയ പ്രസംഗത്തിന് പിന്നാലെയാണ് നടപടി. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിലും കടുത്ത അച്ചടക്ക ലംഘനങ്ങളിലും ഏർപ്പെട്ടതിനാണ് പൂജ പാലിനെ പുറത്താക്കിയതെന്ന് പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് അറിയിച്ചു. മുൻപ് പലതവണ മുന്നറിയിപ്പ് നൽകിയിട്ടും ഈ പ്രവർത്തനങ്ങൾ തുടർന്നതിനാൽ പാർട്ടിക്ക് കാര്യമായ ദോഷമുണ്ടാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2005 ലാണ് പൂജ പാലിന്റെ ഭർത്താവ് രാജു പാൽ കൊല്ലപ്പെട്ടത്. ഗുണ്ടാ നേതാവ് അതീഖ് അഹമ്മദാണ് പൂജയുടെ ഭർത്താവായ രാജു പാലിനെ കൊലപ്പെടുത്തിയത്. പൂജ പാലിന് ഇനി പാർട്ടിയുടെ ഒരു പരിപാടിയിലും പങ്കെടുക്കാൻ അനുവാദമില്ല. ഭാവിയിൽ ഒരു പരിപാടിക്കും ക്ഷണിക്കില്ലെന്നും അഖിലേഷ് യാദവ് വ്യക്തമാക്കി.
എംഎൽഎയുടെ പുറത്താക്കലിന് പിന്നാലെ സമാജ്‌വാദി പാർട്ടിക്കെതിരെ ബിജെപി രംഗത്തെത്തി. പൂജ പാലിനെ പുറത്താക്കിയ നടപടി പ്രതിപക്ഷം ദളിത് വിരുദ്ധരാണെന്ന് തെളിയിക്കുന്നതാണെന്ന് ബിജെപി ആരോപിച്ചു.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് പൂജ നന്ദി പറഞ്ഞതിന് മണിക്കൂറുകൾക്ക് ശേഷമായിരുന്നു പുറത്താക്കൽ. ആരും കേൾക്കാതിരുന്നപ്പോൾ എന്നെ കേൾക്കാൻ മുഖ്യമന്ത്രി തയ്യാറായെന്ന് പറഞ്ഞാണ് ഭർത്താവിന്റെ കൊലപാതകത്തിൽ പൂജ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നന്ദി പറഞ്ഞത്.
2005 ജനുവരി 25-നാണ് രാജു പാൽ കൊല്ലപ്പെട്ടത്. 2004 ൽ പ്രയാഗ്‌രാജ് വെസ്റ്റ് മണ്ഡലത്തിൽ തെരഞ്ഞെടുപ്പിൽ ഗുണ്ടാ നേതാവ് അതീഖ് അഹമ്മദിന്റെ സഹോദരൻ അഷ്‌റഫിനെ പരാജയപ്പെടുത്തിയതിന്റെ രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തി. 2023 ഫെബ്രുവരിയിൽ, ഈ കൊലപാതക കേസിലെ പ്രധാന സാക്ഷിയായ ഉമേഷ് പാൽ വെടിയേറ്റ് മരിച്ചു. ഇതിന് പിന്നാലെ അതീഖ് അഹമ്മദും സഹോദരൻ അഷ്‌റഫും അറസ്റ്റിലായി. ഇവരെ മെഡിക്കൽ ചെക്കപ്പിനായി കൊണ്ടപോകുമ്പോൾ വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു.