മലയാളം ഉൾപ്പെടെ എട്ട് ഇന്ത്യൻ ഭാഷകളിലെ മികച്ച സൃഷ്ടികൾക്ക് 'സെമ്മൊഴി സാഹിത്യ പുരസ്‌കാരം' എന്ന പേരിൽ അഞ്ച് ലക്ഷം രൂപയുടെ അവാർഡ് നൽകുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അറിയിച്ചു.
ചെന്നൈ: കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര പ്രഖ്യാപനം കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം തടഞ്ഞ നടപടിയിൽ പ്രതിഷേധിച്ച് ബദൽ ദേശീയ പുരസ്‌കാരവുമായി തമിഴ്‌നാട് സർക്കാർ. മലയാളം ഉൾപ്പെടെ ഏഴ് പ്രധാന ഇന്ത്യൻ ഭാഷകളിലും തമിഴിലും മികച്ച സാഹിത്യ സൃഷ്ടികൾക്ക് ഇനി തമിഴ്‌നാട് സർക്കാർ പുരസ്‌കാരം നൽകുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രഖ്യാപിച്ചു. സെമ്മൊഴി സാഹിത്യ പുരസ്‌കാരം എന്ന് പേരിട്ടിരിക്കുന്ന അവാർഡിന് അഞ്ച് ലക്ഷം രൂപയും ഫലകവുമാണ് സമ്മാനമായി ലഭിക്കുക.
ഡിസംബർ 18-ന് ഡൽഹിയിൽ നടക്കേണ്ടിയിരുന്ന കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം അവസാന നിമിഷം സാംസ്‌കാരിക മന്ത്രാലയം ഇടപെട്ട് തടയുകയായിരുന്നു. അക്കാദമി എക്സിക്യൂട്ടീവ് യോഗം അംഗീകരിച്ച പട്ടിക പുറത്തുവിടുന്നതിനാണ് കേന്ദ്രം തടയിട്ടത്. ആദ്യമായാണ് ഒരു സ്വയംഭരണ സ്ഥാപനമായ സാഹിത്യ അക്കാദമിയുടെ തീരുമാനത്തിൽ സർക്കാർ ഇത്തരത്തിൽ നേരിട്ട് ഇടപെടുന്നത്.
എൻ പ്രഭാകരന്റെ 'മായാ മനുഷ്യർ' എന്ന നോവലിനായിരുന്നു ഇത്തവണത്തെ മലയാളം പുരസ്‌കാരം നിശ്ചയിച്ചിരുന്നതെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. സാഹിത്യത്തെയും കലയെയും രാഷ്ട്രീയവൽക്കരിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് സ്റ്റാലിൻ വ്യക്തമാക്കി. സമിതി തിരഞ്ഞെടുത്ത എഴുത്തുകാർക്ക് അവാർഡ് നൽകുമെന്ന് കേന്ദ്രം ഉറപ്പുനൽകാത്ത സാഹചര്യത്തിലാണ് തമിഴ്‌നാടിന്റെ ഈ നിർണ്ണായക നീക്കം.
തമിഴ്‌നാട് സർക്കാർ ഏർപ്പെടുത്തുന്ന ഈ ബദൽ പുരസ്‌കാരം സാഹിത്യ ലോകത്ത് വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. മലയാളം, തമിഴ്, മറാത്തി, ഒഡിയ, തെലുങ്ക്, കന്നഡ, ബംഗാളി എന്നീ എട്ട് ഭാഷകളിലെ മികച്ച സൃഷ്ടികൾക്കാണ് പുരസ്‌കാരം നൽകുക. 5 ലക്ഷം രൂപയും പ്രത്യേക ഫലകവും. സ്വതന്ത്ര്യ സാഹിത്യചിന്തയെ സംരക്ഷിക്കാനും കേന്ദ്രത്തിന്റെ ഇടപെടലുകൾക്കെതിരെ പ്രതിരോധം തീർക്കാനുമാണ് തമിഴ്‌നാട് ഈ പുരസ്‌കാരം വിഭാവനം ചെയ്തിരിക്കുന്നതെന്നാണ് പ്രഖ്യാപനം.
സാഹിത്യലോകത്തെ പ്രതിഷേധം
കേന്ദ്ര സർക്കാരിന്റെ നടപടി അപകടകരമാണെന്ന് അക്കാദമി എക്സിക്യൂട്ടീവ് അംഗം കെപി രാമനുണ്ണി പ്രതികരിച്ചു. അക്കാദമിയുടെ സ്വയംഭരണാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അഡ്മിനിസ്‌ട്രേറ്റീവ് കാരണങ്ങൾ പറഞ്ഞ് അവാർഡ് നീട്ടിവെച്ചത് സാഹിത്യകാരന്മാർക്കിടയിൽ കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.


