
അമ്രോഹ: ഉത്തർപ്രദേശിലെ അമ്രോഹ ജില്ലയിൽ റോഡിലെ വഴുക്കൽ കാരണം ബൈക്ക് യാത്രക്കാർ ഒന്നൊന്നായി തെന്നിവീഴുന്ന പേടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ബസന്ത് പഞ്ചമി ദിനത്തിലുണ്ടായ നേരിയ മഴയെത്തുടർന്ന് റോഡിലുണ്ടായിരുന്ന പഞ്ചസാര മില്ലിലെ അവശിഷ്ടങ്ങൾ ചെളി രൂപത്തിലായി റോഡിലേക്ക് പരന്നതാണ് അപകടത്തിന് കാരണമായത്. ഡസൻ കണക്കിന് യാത്രക്കാർക്ക് പരിക്കേറ്റെങ്കിലും വലിയ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി.
ബച്ചായുൻ പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു സ്വകാര്യ കോളേജിന് സമീപമുള്ള തിരക്കേറിയ ജംഗ്ഷനിലാണ് സംഭവം നടന്നത്. റോഡിൽ നേരത്തെ തന്നെ ചിതറിക്കിടന്നിരുന്ന പഞ്ചസാര മില്ലിലെ അവശിഷ്ടങ്ങൾ മഴവെള്ളവുമായി കലർന്നു. വാഹനങ്ങൾ ഇതിന് മുകളിലൂടെ നിരന്തരം കടന്നുപോയതോടെ റോഡിൽ പശ രൂപത്തിൽ ഒരു പാളി രൂപപ്പെട്ടു. പകൽ തുടങ്ങിയ മഴ വൈകുന്നേരമായതോടെ സ്ഥിതി വഷളാക്കി. ഈ വഴി വന്ന ബൈക്ക് യാത്രക്കാർ ബ്രേക്ക് ഇടാൻ ശ്രമിക്കുമ്പോഴേക്കും നിയന്ത്രണം വിട്ട് റോഡിലേക്ക് തെന്നിവീണു.
ഒരാൾക്ക് പിന്നാലെ മറ്റൊരാളായി ബൈക്കുകൾ തെന്നി നീങ്ങുന്ന ദൃശ്യങ്ങൾ അവിടെയുണ്ടായിരുന്ന യുവാവ് മൊബൈലിൽ പകർത്തി. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് അധികൃതർ ഉണർന്നു പ്രവർത്തിച്ചത്. വിവരം അറിഞ്ഞ ഉടൻ തന്നെ പോലീസ് സംഘം സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു. ആദ്യം ട്രാക്ടർ ഉപയോഗിച്ച് റോഡിലെ ചെളിയും അവശിഷ്ടങ്ങളും നീക്കം ചെയ്തു. തുടർന്ന് പഞ്ചസാര മില്ലിലെയും ഫയർഫോഴ്സിലെയും ഫയർ എൻജിനുകൾ ഉപയോഗിച്ച് റോഡ് പൂർണ്ണമായും കഴുകി വൃത്തിയാക്കി. ശുചീകരണ പ്രവർത്തനങ്ങൾക്ക് ശേഷം ഗതാഗതം സാധാരണ നിലയിലായതായി പോലീസ് അറിയിച്ചു. പരിക്കേറ്റവർക്ക് പ്രാഥമിക ചികിത്സ നൽകി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam