മുന്‍ ആംആദ്‍മി എംഎല്‍എ അൽക ലാംബ കോണ്‍ഗ്രസില്‍ ചേര്‍ന്നു

By Web TeamFirst Published Oct 12, 2019, 3:32 PM IST
Highlights

ലോക്സഭാ തെരഞ്ഞെടുപ്പിലെ ആംആദ്മി പാര്‍ട്ടിയുടെ തോല്‍വിക്ക് പിന്നാലെ പാര്‍ട്ടിയിലെ ജനപ്രതിനിധികളുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് അല്‍ക്ക ലാംമ്പയെ പുറത്താക്കിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുവേണ്ടി പ്രചാരണത്തിനിറങ്ങാന്‍ ഇവര്‍ തയ്യാറായിരുന്നില്ല.

ദില്ലി: ആംആദ്‍മി വിട്ട അല്‍ക്ക ലാംമ്പ കോണ്‍ഗ്രസില്‍ ചേര്‍ന്നു. അക്ബര്‍ റോഡിലെ കോണ്‍ഗ്രസ് ആസ്ഥാനത്തുവച്ച് അല്‍ക്ക ലാംമ്പയെ  കോണ്‍ഗ്രസിന്‍റെ ദില്ലിയുടെ ചുമതലയുള്ള പി സി ചാക്കോയും മറ്റ് നേതാക്കളും സ്വാഗതം ചെയ്തു. 20 വര്‍ഷത്തോളം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ സജീവമായിരുന്ന അല്‍ക്ക 2014, ഡിസംബര്‍ 26 നാണ് ആംആദ്മിയില്‍ ചേരുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ ആംആദ്മി പാര്‍ട്ടിയുടെ തോല്‍വിക്ക് പിന്നാലെ പാര്‍ട്ടിയിലെ ജനപ്രതിനിധികളുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് അല്‍ക്ക ലാംമ്പയെ പുറത്താക്കിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുവേണ്ടി പ്രചാരണത്തിനിറങ്ങാന്‍ ഇവര്‍ തയ്യാറായിരുന്നില്ല. 

ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ അല്‍ക്ക ലാംമ്പയെ ദില്ലി നിയമസഭ സ്പീക്കര്‍ രാം നിവാസ് ഗോയല്‍  അയോഗ്യയാക്കിയിരുന്നു. ആംആദ്മി എംഎല്‍എ സൗരവ് ഭരധ്വാജിന്‍റെ പരാതിയിലായിരുന്നു നിയമസഭ സ്പീക്കറുടെ നടപടി. അയോഗ്യയാക്കിയതിന് പിന്നാലെ ആംആദ്മി പാര്‍ട്ടിയുമായുള്ള തന്‍റെ യാത്ര ഇവിടെ അവസാനിക്കുകയാണെന്ന് ട്വിറ്ററില്‍ അല്‍ക്ക കുറിച്ചിരുന്നു. അധികാരത്തിന്‍റെ ധാര്‍ഷ്ഠ്യം എല്ലാകാലത്തും നിലനില്‍ക്കില്ല. പാര്‍ട്ടിയിലേയും ഭരണത്തിലേയും ഒരാളുടെ ആധിപത്യത്തിനെതിരായ തന്‍റെ പോരാട്ടത്തില്‍ പ്രേരണയായ പ്രവര്‍ത്തകര്‍ക്കും, എല്ലാവര്‍ക്കും നന്ദിയെന്നും അല്‍ക്ക അന്ന് അല്‍ക്ക ട്വീറ്റ് ചെയ്തിരുന്നു. 

click me!