
ദില്ലി: അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ ഇന്ത്യാ സന്ദര്‍ശനത്തിന് വന്‍ ജനപങ്കാളിത്തമുറപ്പിക്കാനുള്ള നടപടികള്‍ക്കെതിരെ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് അല്‍ക്ക ലാംബ. വലിയ മുതലാളി വരുന്ന സന്തോഷത്തില്‍ 70 ലക്ഷം പേരെ അണിനിരത്താനുള്ള തയ്യാറെടുപ്പിലാണ് കൊച്ചുമുതലാളി. വേദിയില്‍ തൊഴില്‍ മേളയും സൗജന്യ ഭക്ഷണവും ഒരുക്കിയാല്‍ ഇന്ത്യയിലെ തൊഴിലില്ലാത്ത ഏഴ് കോടിപേര്‍ എത്തുമെന്നാണ് അല്‍ക്ക ലാംബയുടെ പരിഹാസം.
നേരത്തെ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന തനിക്ക് ഗംഭീര സ്വീകരണം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നല്‍കിയെന്ന് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചിരുന്നു. വിമാനത്താവളം മുതല്‍ സ്റ്റേഡിയം വരെ തന്നെ സ്വീകരിക്കാന്‍ 70 ലക്ഷം പേരുണ്ടാകുമെന്നാണ് പ്രധാനമന്ത്രി അറിയിച്ചതായാണ് ട്രംപ് പറഞ്ഞത്. ഫെബ്രുവരി 24, 25 തീയതികളിലായിട്ടാണ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. ഫെബ്രുവരി 24 ലെ മൂന്നു മണിക്കൂർ നേരത്തെ ഗുജറാത്ത് സന്ദർശനത്തിന് 100 കോടി രൂപ ചെലവാകുമെന്നാണ് റിപ്പോർട്ട്.
സൗകര്യങ്ങൾ ഒരുക്കുന്നതിൽ ചെലവ് നോക്കരുതെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി നിർദ്ദേശം നൽകിയതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മൂന്ന് മണിക്കൂര്‍ മാത്രം നീളുന്ന സന്ദര്‍ശനത്തിന് ഇത്രയധികം പണം ചെലവിടുന്നതില്‍ വിമര്‍ശനം ഉയരുന്നുണ്ട്. ഹൂസ്റ്റണിലെ മോഡിയുടെ പരിപാടിയായ ഹൗഡി മോഡിയ്ക്ക് സമാനമായി വന്‍ ജനപങ്കാളിത്തമുള്ള റാലിയാണ് പദ്ധതിയിടുന്നത്. കെം ച്ചോ ട്രംപ് എന്നാണ് പരിപാടിക്ക് നൽകിയിരിക്കുന്ന പേര്. എന്നാല്‍ ഡോണള്‍ഡ് ട്രംപ് സഞ്ചരിക്കേണ്ട പാതയോരത്തുള്ള ചേരികൾ മതിൽ കെട്ടി മറച്ച നടപടി ഏറെ വിവാദമായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam