
മുംബൈ: മഹാരാഷ്ട്രയിലെ അംബർനാഥ് മുനിസിപ്പൽ കൗൺസിലിൽ കോൺഗ്രസിന് കനത്ത തിരിച്ചടി. ബിജെപി - കോൺഗ്രസ് സഖ്യം യാഥാർത്ഥ്യമാകാതെ വന്നതോടെ 12 കോൺഗ്രസ് കൗൺസിലർമാർ ബിജെപിയിൽ ചേർന്നു. ബിജെപിയുമായി സഖ്യമുണ്ടാക്കാൻ ശ്രമിച്ചതിൻ്റെ പേരിൽ കോൺഗ്രസിൽ നിന്ന് സസ്പെൻ്റ് ചെയ്യപ്പെട്ടവരാണ് ബിജെപിയിൽ ചേർന്നത്. അംബർനാഥിൽ പരമ്പരാഗത എതിരാളിയായ കോൺഗ്രസുമായി സഖ്യമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് 12 പേരെയും കോൺഗ്രസിൽ നിന്ന് സസ്പെൻ്റ് ചെയ്തത്.
ഇതോടെ ബിജെപിക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമായി. ഇവർ കോൺഗ്രസ് കൗൺസിലർമാരെ പാർട്ടിയിലേക്ക് ക്ഷണിച്ചു. പിന്നാലെ 12 പേരും ബിജെപിയിൽ ചേർന്നു. ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ ശിവസേനയെ മറികടന്ന് കൗൺസിലിൽ ഭരണം പിടിക്കാനായിരുന്നു ബിജെപിയും കോൺഗ്രസും സഖ്യമുണ്ടാക്കാൻ ശ്രമിച്ചത്. പ്രാദേശിക നേതൃത്വമുണ്ടാക്കിയ സഖ്യത്തെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് തള്ളിപ്പറഞ്ഞു. ഇതോടെ കൗൺസിലർമാർക്കെതിരെ കോൺഗ്രസും നടപടിയെടുക്കുകയായിരുന്നു.
ഡിസംബർ 20 നാണ് അംബർനാഥിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടന്നത്. ഇവിടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായത് ഷിൻഡെയുടെ ശിവസേനയാണ്. 27 സീറ്റാണ് ശിവസേന നേടിയത്. ഇവരെ അധികാരത്തിൽ നിന്ന് മാറ്റിനിർത്താനാണ് അംബർനാഥ് വികാസ് അഘാഡി (എവിഎ) എന്ന ബാനറിൽ ബിജെപി, തങ്ങളുടെ മുഖ്യ എതിരാളിയായ കോൺഗ്രസുമായി കൈകോർത്തത്. ബിജെപിക്ക് കൗൺസിലിൽ 14 സീറ്റും കോൺഗ്രസിന് 12 ഉം അജിത് പവാറിന്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിക്ക് നാലും സീറ്റാണ് ഇവിടെ ലഭിച്ചത്. ഈ മൂന്ന് കക്ഷികളും ഒന്നായാണ് സഖ്യമുണ്ടാക്കിയത്. ഫലത്തിൽ കോൺഗ്രസ് മുനിസിപ്പൽ കൗൺസിലിൽ നിന്ന് പുറത്താവുകയും ബിജെപിയുടെ അംഗസംഖ്യ ഉയരുകയും ചെയ്തു. ഇതോടെ ബിജെപിക്ക് അംബർനാഥിൽ എൻസിപി പിന്തുണയോടെ അധികാരം ഉറപ്പിക്കാനാവും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam