ടുജി സ്പെക്ട്രം കേസുകൾ ചിദംബരത്തിന്‍റെ കേസ് പരിഗണിച്ച ജഡ്ജിയുടെ ബഞ്ചിലേക്ക്

By Web TeamFirst Published Sep 17, 2019, 6:08 PM IST
Highlights

നിലവില്‍ ഐഎന്‍എക്സ് മീഡിയ കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം, കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍ എന്നിവരുടെ കേസുകള്‍ പരിഗണിക്കുന്നത് അജയ് കുമാര്‍ കുഹാറാണ്. 

ദില്ലി: കോളിളക്കം സൃഷ്ടിച്ച 2ജി സ്പെക്ട്രം കേസുകള്‍ സ്പെഷ്യല്‍ സിബിഐ ജഡ്ജി ഒ പി സെയ്നിയില്‍നിന്ന് സിബിഐ സ്പെഷ്യല്‍ ജഡ്ജ് അജയ് കുഹാറിന്‍റെ ബെഞ്ചിലേക്ക് മാറ്റുന്നു. സെപ്റ്റംബര്‍ 30ന് സെയ്നി വിരമിക്കുന്ന പശ്ചാത്തലത്തിലാണ് അജയ് കുമാര്‍ കുഹാറന്‍റെ ബെ‍ഞ്ചിലേക്ക് മാറ്റുന്നത്. ഇത് സംബന്ധിച്ച് ദില്ലി ഹൈക്കോടതി ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കി. 

നിലവില്‍ ഐഎന്‍എക്സ് മീഡിയ കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം, കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍ എന്നിവരുടെ കേസുകള്‍ പരിഗണിക്കുന്നത് അജയ് കുമാര്‍ കുഹാറാണ്. സെപ്റ്റംബര്‍ മൂന്നിന് പി ചിദംബരത്തിനും മകന്‍ കാര്‍ത്തി ചിദംബരത്തിനും  എയര്‍സെല്‍ മാക്സിസ് കേസില്‍ ഒ പി സെയ്നി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. തൊട്ടുപിന്നാലെ അതേദിവസം ഐഎന്‍എക്സ് മീഡിയ കേസില്‍ ചിദംബരത്തെ 15 ദിവസത്തെ സിബിഐ കസ്റ്റഡിയില്‍ നല്‍കാന്‍ കുഹാര്‍ അനുമതി നല്‍കി. 

എന്‍ഫോഴ്സ്മെന്‍റ് ഡിപ്പാര്‍ട്ട്മെന്‍റ് (ഇഡി) അറസ്റ്റ് ചെയ്ത കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിന്‍റെ കേസും കുഹാറാണ് പരിഗണിക്കുന്നത്. 
2ജി സ്പെക്ട്രം കേസില്‍ ഡിഎംകെ നേതാക്കളയാ എ രാജ, കനിമൊഴി എന്നിവരെ 2017ല്‍ വെറുതെ വിട്ട വിധി പറഞ്ഞത് ഒ പി സെയ്നിയായിരുന്നു. 

click me!