കൊവിഡ് 19: ആൻഡമാനിൽ 11 രോ​ഗബാധിതരും സുഖപ്പെട്ടു; സഹായകരമായത് പൂൾ ടെസ്റ്റിം​ഗ് എന്ന് അധികൃതർ

Web Desk   | Asianet News
Published : Apr 17, 2020, 02:42 PM IST
കൊവിഡ് 19: ആൻഡമാനിൽ 11 രോ​ഗബാധിതരും സുഖപ്പെട്ടു; സഹായകരമായത് പൂൾ ടെസ്റ്റിം​ഗ് എന്ന് അധികൃതർ

Synopsis

കൊവിഡിനെതിരെ പോരാടാൻ‌ പൂൾ ടെസ്റ്റിം​ഗിനെ അവലംബിച്ച ഇന്ത്യയിലെ വളരെ കുറച്ച് പ്രദേശങ്ങളിൽ ഒന്നാണ് ആൻഡമാൻ. 

ആൻഡമാൻ: ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ കോവിഡ് -19 പോസിറ്റീവ് സ്ഥിരീകരിച്ച 11 പേരും സുഖം പ്രാപിച്ചുവെന്ന് ഡോക്ടർമാരുടെ വെളിപ്പെടുത്തൽ. രോ​ഗമുക്തിയിൽ ഉയർന്ന നിരക്കാണ് ആൻഡമാൻ ദ്വീപുകളിൽ നിന്ന് ലഭിക്കുന്നത്. 'പതിനൊന്ന് പേരിൽ കൊവിഡ് 19 സ്ഥിരീകരിച്ചെങ്കിലും 11 പേരും രോ​ഗമുക്തി നേടി.' ഡിജിപി ദീപേന്ദർ പതക് എൻഡിടിവിയോട് സംസാരിക്കവേ പറഞ്ഞു. കർശനമായ സാമൂഹിക അകല പാലനവും ഭരണകൂടത്തിന്റെ മുഴുവൻ സമയ നിരീക്ഷണവും ആരോ​ഗ്യപ്രവർത്തകരുടെ സഹായവുമാണ് ആൻഡമാൻ ദ്വീപിനെ കൊവിഡ് മുക്തമാക്കിയത്. 'രോ​ഗം ബാധിച്ച പതിനൊന്ന് പേരും സുഖപ്പെട്ടു. എന്നാലും ഞങ്ങൾ ജാ​ഗ്രതയോടെയാണ് പ്രവർത്തിക്കുന്നത്. കേന്ദ്രത്തിന്റെ നിർദ്ദേശങ്ങൾ അനുസരിച്ച് ക്രമീകരണങ്ങളിൽ തന്നെ മുന്നോട്ടു പോകും.' ആൻഡമാൻ ചീഫ് സെക്രട്ടറി ചേതൻ സം​ഗി ട്വീറ്റ് ചെയ്തു.

കേന്ദ്രഭരണ പ്രദേശമായ ആൻഡമാനിൽ പൂൾ ടെസ്റ്റിംഗ് അവതരിപ്പിക്കുന്നതിൽ ചീഫ് സെക്രട്ടറി മുഖ്യപങ്ക് വഹിച്ചു. കൊവിഡിനെതിരെ പോരാടാൻ‌ പൂൾ ടെസ്റ്റിം​ഗിനെ അവലംബിച്ച ഇന്ത്യയിലെ വളരെ കുറച്ച് പ്രദേശങ്ങളിൽ ഒന്നാണ് ആൻഡമാൻ. പൂൾ ടെസ്റ്റിം​ഗിലൂടെ പരിശോധനയുടെ പരിധി വർദ്ധിപ്പിക്കാനും രോ​ഗികളെ കണ്ടെത്താനും സാധിച്ചു എന്ന് അധികൃതർ വ്യക്തമാക്കുന്നു. ഒരൊറ്റ പരിശോധനയിൽ ഒന്നിലധികം സാമ്പിളുകൾ എടുക്കുന്നതാണ് പൂൾ ടെസ്റ്റിം​ഗ്. സംയോജിത പരിശോധനയിൽ കൊറോണ വൈറസ് പോസിറ്റീവ് എന്ന് കാണിച്ചാൽ പിന്നീട് വ്യക്തി​ഗത പരിശോധനയ്ക്ക് വിധേയമാക്കും. രോ​ഗബാധിതർ ആരാണെന്ന് കണ്ടുപിടിക്കാൻ സാധിക്കും. ഉപയോ​ഗിക്കുന്ന പരിശോധനാ കിറ്റുകളുടെ എണ്ണം കുറയ്ക്കാനും ഇതുവഴി സാധിക്കും. 

പരിശോധനാ കിറ്റുകളുടെ ദൗർലഭ്യം നേരിടുന്ന നിരവധി സംസ്ഥാനങ്ങളിൽ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസി‌എം‌ആർ) പൂൾ ടെസ്റ്റിംഗ് രീതി അംഗീകരിച്ചിട്ടുണ്ട്. ഒരേ സമയത്ത് അഞ്ച് സാംപിളുകൾ ശേഖരിക്കാൻ സാധിക്കും.100 സാംപിളുകൾ എടുക്കാൻ വെറും 25 കിറ്റ് മാത്രമേ വേണ്ടി വരികയുള്ളുവെന്ന് അധികൃതർ പറയുന്നു. അതേസമയം 225 പേർ ഇപ്പോഴും ആൻഡമാനിൽ ക്വാറന്റൈനിൽ കഴിയുകയാണ്. ഇവര്‍ കൊവിഡ് 19 ലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചിട്ടില്ലെങ്കിലും നിരീക്ഷണത്തിൽ കഴിയുകയാണെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

ദില്ലിയിലെ നിസാമുദ്ദീനിൽ നടന്ന തബ്‍ലീ​ഗ് ജമാഅത്ത് മതസമ്മേളനത്തിൽ പങ്കെടുത്തതിനെ തുടർന്ന് കൊവിഡ് 19 സ്ഥിരീകരിച്ച ആദ്യ പ്രദേശങ്ങളിൽ ഒന്നാണ് ആൻഡമാൻ. തുടക്കത്തിൽ 9 പേരിലാണ് രോ​ഗം സ്ഥിരീകരിച്ചത്. പിന്നീടത് 11 ആയി ഉയർന്നു. 'വിമാനത്താവളത്തിൽ ആദ്യമായി സ്‌ക്രീനിംഗ് ആരംഭിച്ചത് ഞങ്ങളാണ്. ഇവർ വന്നിറങ്ങിയപ്പോൾ തന്നെ ഞങ്ങൾ അവരെ വിമാനത്താവളത്തിൽ പരിശോധിച്ച് നേരിട്ട് ആശുപത്രിയിലെത്തിച്ചു.' മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ ദീപേന്ദർ പതക് പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇഎംഎസ് മുതൽ ബുദ്ധദേവ് ഭട്ടാചാര്യ വരെ; പത്മ പുരസ്കാരങ്ങളും ഭാരതരത്നയുമടക്കം നിരസിച്ച സിപിഎം നേതാക്കൾ
പാക്ക് ഇതിഹാസ താരത്തിന്റെ മകൻ വീട്ടുജോലിക്കാരിയെ ഫാം ഹൗസിലേക്ക് കൊണ്ടുപോയി, വസ്ത്രം ബലമായി അഴിച്ചു; പീഡനക്കേസിൽ അറസ്റ്റിൽ