ഒഡീഷ രാജ്യസഭാ തിരഞ്ഞെടുപ്പിൽ ക്രോസ് വോട്ടിംഗ് ഭയന്ന് കോൺഗ്രസ് 8 എംഎൽഎമാരെ ബെംഗളൂരുവിലെ റിസോർട്ടിലേക്ക് മാറ്റി. ബിജെപി സ്വാധീനം തടയാൻ ലക്ഷ്യമിട്ടുള്ള ഈ നീക്കത്തിന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറാണ് മേൽനോട്ടം വഹിക്കുന്നത്.

ബെംഗളൂരു: ഒഡീഷയിൽ നടക്കാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് നേതൃത്വം 8 എംഎൽഎമാരെ ബെംഗളൂരുവിലെ സ്വകാര്യ റിസോർട്ടിലേക്ക് മാറ്റി. മാർച്ച് 16-ന് നടക്കുന്ന വോട്ടെടുപ്പിൽ 'ക്രോസ് വോട്ടിംഗ്' നടക്കാനുള്ള സാധ്യത കണക്കിലെടുത്താണ് കോൺഗ്രസിന്റെ ഈ നീക്കം. ഒഡീഷ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഭക്ത ചരൺ ദാസിന്റെ നേതൃത്വത്തിലാണ് എംഎൽഎമാരെയും അവരുടെ കുടുംബാംഗങ്ങളെയും വ്യാഴാഴ്ച രാത്രി വൈകി ബെംഗളൂരുവിലെ ബിദാദിയിലുള്ള വണ്ടർലാ റിസോർട്ടിൽ എത്തിച്ചത്.

എംഎൽഎമാരെ ബിജെപി സ്വാധീനിക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് നീക്കം. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് എംഎൽഎമാർക്ക് ബെംഗളൂരുവിൽ സുരക്ഷയും താമസസൗകര്യവും ഒരുക്കിയിരിക്കുന്നത്. മുമ്പ് ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ പ്രതിസന്ധി ഘട്ടങ്ങളിൽ എംഎൽഎമാരെ സംരക്ഷിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച നേതാവാണ് ശിവകുമാർ. ഒഡീഷ കോൺഗ്രസ് അധ്യക്ഷന്റെ അഭ്യർത്ഥന പ്രകാരമാണ് താൻ ഇവർക്ക് താമസ സൗകര്യം ഒരുക്കിയതെന്നും, പാർട്ടിക്കുവേണ്ടി ഇത്തരം ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാറുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മംഗു ഖില്ല, പവിത്ര സൗന്ത തുടങ്ങിയ എട്ട് എംഎൽഎമാരാണ് നിലവിൽ റിസോർട്ടിലുള്ളത്.

ഒഡീഷയിലെ 147 അംഗ നിയമസഭയിൽ ബിജെപിക്ക് 79 എംഎൽഎമാരും ബിജെഡിക്ക് 48 എംഎൽഎമാരുമാണുള്ളത്. കോൺഗ്രസിന് 14 അംഗങ്ങളാണുള്ളത്. നാല് രാജ്യസഭാ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ നാലാമത്തെ സീറ്റിലേക്കുള്ള മത്സരം കടുത്തതാണ് രാഷ്ട്രീയ കരുനീക്കങ്ങൾക്ക് കാരണം. സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ദിലീപ് റായിയെ ബിജെപി പിന്തുണയ്ക്കുന്നുണ്ട്. വോട്ടെടുപ്പിന് തൊട്ടുമുമ്പ് ഞായറാഴ്ച വൈകുന്നേരമേ എംഎൽഎമാർ ഭുവനേശ്വറിൽ എത്തുകയുള്ളൂ എന്നാണ് വിവരം.