
ദില്ലി: കെട്ടിക്കിടക്കുന്ന കേസുകളിൽ അതിവേഗം പരിഹാംര കാണാൻ നടപടി സ്വീകരിക്കുന്നതായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. കേസുകൾ പെട്ടെന്ന് തീർപ്പാക്കാനായി പത്ത് വീതം വിവാഹാനന്തര കേസുകളുടെ ട്രാൻസ്ഫർ ഹർജികളും ജാമ്യ ഹർജികളും എല്ലാ സുപ്രീംകോടതി ബെഞ്ചുകളും പരിഗണിക്കണമെന്ന് സുപ്രീംകോടതി ജഡ്ജിമാരുടെ യോഗത്തിൽ തീരുമാനമെടുത്തതായി അദ്ദേഹം അറിയിച്ചു.
13 ബെഞ്ചുകളും വിവാഹ തർക്കങ്ങളുമായി ബന്ധപ്പെട്ട 10 ട്രാൻസ്ഫർ ഹർജികളും പത്ത് ജാമ്യ ഹർജികളും ദിവസവും കേൾക്കാൻ സുപ്രീം കോടതിയുടെ ഫുൾ കോർട്ട് യോഗത്തിൽ തീരുമാനിമായി.തുടർന്ന് ശീതകാല അവധിക്ക് മുമ്പ് അത്തരം എല്ലാ കേസുകളും ജാമ്യാപേക്ഷകളും പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
വ്യക്തിസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് മുൻഗണന നൽകേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ജാമ്യ ഹർജികൾ പരിഗണിക്കണം. അതുപോലെ വിവാഹ ട്രാൻസ്ഫർ കേസുകളുമായി ബന്ധപ്പെട്ട് 3,000 ഹർജികൾ സുപ്രീം കോടതിയിൽ കെട്ടിക്കിടക്കുന്നുണ്ട്. കക്ഷികൾ ഈ കേസുകൾ ബന്ധമുള്ളിടങ്ങളിലേക്ക് മാറ്റാൻ ശ്രമിക്കുന്നുമുണ്ട്- അദ്ദേഹം പറഞ്ഞു.
ഓരോ ബെഞ്ചും ഓരോ ദിവസവും 10 ട്രാൻസ്ഫർ കേസുകൾ വീതം എടുത്താൽ 13 ബെഞ്ചുകൾക്ക് പ്രതിദിനം 130 കേസുകളും ആഴ്ചയിൽ 650 കേസുകളും തീർപ്പാക്കാൻ കഴിയും. അതിനാൽ ശീതകാല അവധിക്ക് മുമ്പ് എല്ലാ ട്രാൻസ്ഫർ ഹർജികളും തീരും.എല്ലാ ദിവസവും ജാമ്യാപേക്ഷകളും ട്രാൻസ്ഫർ ഹർജികളും അടക്കം 20 ഹർജികൾ പരിഗണിച്ച ശേഷം ബെഞ്ചുകൾ സാധാരണ കേസുകൾ കേട്ടു തുടങ്ങുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. രാത്രി വൈകിയും കേസുകളുടെ ഭാരം ചുമക്കുന്ന സാഹചര്യം ഒഴിവാക്കാനായി സപ്ലിമെന്ററി ലിസ്റ്റിൽ അവസാന നിമിഷം ലിസ്റ്റ് ചെയ്യുന്ന കേസുകളുടെ എണ്ണം കുറയ്ക്കാൻ തീരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam