ജനനനിയന്ത്രണത്തില്‍ കര്‍ശനവ്യവസ്ഥ വേണം; ഹര്‍ജിക്കാരന്‍റെ പബ്ലിസിറ്റി തങ്ങളുടെ ജോലിയല്ലെന്ന് സുപ്രീംകോടതി

By Dhanesh RavindranFirst Published Nov 18, 2022, 3:59 PM IST
Highlights

രണ്ട് കുട്ടികളില്‍ കൂടുതല്‍ ഉള്ളവര്‍ക്ക് സര്‍ക്കാര്‍ ആനൂകൂല്യങ്ങളും സബ്‌സിഡികളും നല്‍കരുത്. വോട്ടവകാശം നിഷേധിക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് അഭിഭാഷകനും ബിജെപി നേതാവുമായ അശ്വിനി കുമാര്‍ ഉപാധ്യായ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീം കോടതി രൂക്ഷമായി പ്രതികരിച്ചത്. 


ദില്ലി:  പലവിധ ആവശ്യങ്ങളുമായി വരുന്ന ഹര്‍ജിക്കാര്‍ക്ക് പബ്ലിസിറ്റി ഉണ്ടാക്കുകയല്ല തങ്ങളുടെ ജോലിയെന്ന് വ്യക്തമാക്കി സുപ്രീംകോടതി. ജനന നിയന്ത്രണത്തിന് കര്‍ശന വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തണം എന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. രണ്ട് കുട്ടികളില്‍ കൂടുതല്‍ ഉള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കരുത്. രണ്ട് കുട്ടികളില്‍ കൂടുതല്‍ ഉള്ളവര്‍ക്ക് സര്‍ക്കാര്‍ ആനൂകൂല്യങ്ങളും സബ്‌സിഡികളും നല്‍കരുത്. വോട്ടവകാശം നിഷേധിക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് അഭിഭാഷകനും ബിജെപി നേതാവുമായ അശ്വിനി കുമാര്‍ ഉപാധ്യായ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീം കോടതി രൂക്ഷമായി പ്രതികരിച്ചത്. 

വിഷയം കോടതിയുടെ പരിഗണനയില്‍പ്പെടുന്നതല്ലെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസുമാരായ എസ്. കെ കൗള്‍, എ. എസ് ഓക തുടങ്ങിയവര്‍ ഉള്‍പ്പെട്ട ബെഞ്ച് ഹര്‍ജി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടുകയായിരുന്നു. തുടര്‍ന്ന് വിഷയം സര്‍ക്കാരിന്‍റെ മുന്നില്‍ ഉന്നയിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. വിഷയം ഉന്നയിച്ചപ്പോള്‍ തന്നെ നിയമ നിര്‍മാണ വിഷയത്തില്‍ കോടതി എങ്ങനെ ഇടപെടും എന്നാണ് ജസ്റ്റീസ് എസ്.കെ കൗള്‍ ചോദിച്ചത്. വിഷയത്തില്‍ ലോ കമ്മീഷനോട് ഒരു റിപ്പോര്‍ട്ട് തേടണമെന്ന് അഡ്വ. അശ്വിനി ഉപാധ്യായ മറുപടി നല്‍കി. 

രണ്ട് കുട്ടികള്‍ മാത്രം പാടുള്ളൂ എന്നത് നിര്‍ബന്ധമാക്കണമെന്നാണ് ആവശ്യമെങ്കില്‍ അക്കാര്യം സര്‍ക്കാരിനോട് ആവശ്യപ്പെടാനായിരുന്നു കോടതി നല്‍കിയ നിര്‍ദ്ദേശം. ഇതൊരു സാമൂഹിക വിഷയമാണെന്നും ലോ കമ്മീഷന് ഇക്കാര്യത്തില്‍ ഒന്നും തന്നെ ചെയ്യാനില്ലെന്നും കോടതി വ്യക്തമാക്കി. ഞായറാഴ്ച ലോക ജനസംഖ്യ ദിനം ആക്കണം എന്നത് പോലുള്ള ആവശ്യങ്ങളില്‍ ലോ കമ്മീഷന്‍ എന്ത് ചെയ്യാനാണെന്ന് ജസ്റ്റീസ് ഓകയും ചോദിച്ചു. 

രാജ്യത്ത് ജനപ്പെരുപ്പം കൂടുകയാണെന്നും വിഷയം ഗുരുതരമാണെന്നും ഹര്‍ജിക്കാരന്‍ ആവര്‍ത്തിച്ച് വാദിച്ചു. എന്നാല്‍, നമ്മുടെ രാജ്യത്ത് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ജനപ്പെരുപ്പം കുറഞ്ഞു വരുന്ന സ്ഥിതി വിശേഷമാണ് ഉള്ളതെന്ന് ജസ്റ്റീസ് കൗള്‍ ചൂണ്ടിക്കാട്ടി. കോടതി ഇത്രയും പറഞ്ഞിട്ടും ഹര്‍ജിക്കാരന്‍ തന്‍റെ വാദങ്ങളുമായി വീണ്ടും മുന്നോട്ട് നീങ്ങിയപ്പോള്‍ കോടതിയുടെ സ്വരം മാറി. നിങ്ങള്‍ക്ക് പബ്ലിസിറ്റിയാണ് വേണ്ടത്. അതുണ്ടാക്കി തരേണ്ടത് കോടതിയുടെ ജോലിയല്ല. ഇക്കാര്യത്തില്‍ വാദം കേള്‍ക്കേണ്ട കാര്യവുമില്ലെന്ന് കര്‍ശന സ്വരത്തില്‍ വ്യക്തമാക്കി. ഇതോടെ ഹര്‍ജി സുപ്രീം കോടതി തള്ളുകയായിരുന്നു. 

കുടുതല്‍ വായനയ്ക്ക്:   പട്ടയകേസ്; സത്യവാങ്മൂലം ഫയല്‍ ചെയ്തില്ലെങ്കില്‍ ചീഫ് സെക്രട്ടറിയെ വിളിച്ച് വരുത്തമെന്ന് സുപ്രീം കോടതി   

 

click me!