ടിക്കറ്റിന് മൂന്നിരട്ടി പണം, ക്രൂരമര്‍ദ്ദനം; പാര്‍ട്ടി പ്രവര്‍ത്തകനെന്ന ആരോപണം നിഷേധിച്ച് ബിജെപി

By Web TeamFirst Published May 8, 2020, 8:26 PM IST
Highlights

 രാജേഷിന് ബിജെപിയുമായി ഒരു ബന്ധവുമില്ലെന്നാണ് പാര്‍ട്ടിയുടെ വാദം. അതിഥി തൊഴിലാളികള്‍ക്ക് ടിക്കറ്റ് നല്‍കാനായി രാജേഷിനെ ഏല്‍പ്പിച്ചിട്ടില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍

സുറത്ത്: നാട്ടിലേക്ക് മടങ്ങാനുള്ള ട്രെയിന്‍ ടിക്കറ്റിന്‍റെ നിരക്ക് മൂന്നിരട്ടിയാക്കി ബിജെപി പ്രവര്‍ത്തകന്‍ വാങ്ങിയെന്നും മര്‍ദ്ദിച്ചെന്നുമുള്ള പരാതിയുമായി അതിഥി തൊഴിലാളികള്‍. ഗുജറാത്തിലെ സുറത്തിലാണ് സംഭവം. ലോക്ക്ഡൗണിന്‍റെ പശ്ചാത്തലത്തില്‍ നാട്ടിലേക്ക് മടങ്ങാനുള്ള ട്രെയിന്‍ ടിക്കറ്റിന്‍റെ നിരക്ക് ബിജെപി പ്രവര്‍ത്തകന്‍ മൂന്നിരട്ടിയാക്കി വാങ്ങിയെന്നാണ് കോണ്‍ഗ്രസ് അടക്കമുള്ളവര്‍ ആരോപണം ഉയര്‍ത്തിയിരിക്കുന്നത്.  

ഫേസ്ബുക്ക് പ്രൊഫൈലില്‍ ബിജെപി പ്രവര്‍ത്തകനാണെന്ന് രേഖപ്പെടുത്തിയിരിക്കുന്ന രാജേഷ് വര്‍മ്മയ്ക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ബിജെപി നേതാക്കള്‍ക്കൊപ്പമുള്ള നിരവധി ചിത്രങ്ങളും രാജേഷിന്‍റേതായി പുറത്ത് വന്നിട്ടുള്ളതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗുജറാത്തില്‍ നിന്ന് ജാര്‍ഖണ്ഡിലേക്ക് മടങ്ങുന്ന ഒരു സംഘം അതിഥി തൊഴിലാളികളില്‍ നിന്ന് ഒരു ലക്ഷത്തിലധികം രൂപ അധികമായി രാജേഷ് വാങ്ങിയെന്നാണ് പരാതി.

ഇക്കാര്യം ചോദിക്കാനെത്തിയ വാസുദേവ വര്‍മ എന്ന തൊഴിലാളിയെ രാജേഷും സംഘവും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചതായും പരാതിയുണ്ട്. ടിക്കറ്റ് വാങ്ങാനായി താന്‍ രാജേഷിന്‍റെ അടുത്ത് ചെന്നു. 1.16 ലക്ഷമാണ് അദ്ദേഹം ആവശ്യപ്പെട്ടത്. പണം തിരികെ നല്‍കില്ലെന്നും നിങ്ങള്‍ക്ക് എന്ത് വേണമെങ്കിലും ചെയ്യാമെന്നാണ് അദ്ദേഹം പറഞ്ഞതെന്ന് വാസുദേവ പറഞ്ഞു.

ഒരു ടിക്കറ്റിന് 2000 രൂപയാണ് അദ്ദേഹം വാങ്ങിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിഷേധിച്ചപ്പോള്‍ പലകയും കല്ലുകളും ഉപയോഗിച്ച് മര്‍ദിച്ചതായും വാസുദേവ പറഞ്ഞു. തലയില്‍ നിന്ന് ചോരയൊലിക്കുന്ന വാസുദേവയുടെ വീഡിയോ കോണ്‍ഗ്രസ് നേതാവ് ട്വിറ്ററിലൂടെ പുറത്ത് വിട്ടു.

എന്നാല്‍, രാജേഷിന് ബിജെപിയുമായി ഒരു ബന്ധവുമില്ലെന്നാണ് പാര്‍ട്ടിയുടെ വാദം. അതിഥി തൊഴിലാളികള്‍ക്ക് ടിക്കറ്റ് നല്‍കാനായി രാജേഷിനെ ഏല്‍പ്പിച്ചിട്ടില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു. രാജേഷിനെതിരെ കേസെടുത്തിട്ടുണ്ടെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ എ എം പാര്‍മര്‍ അറിയിച്ചു. 

click me!