ആംബുലന്‍സ് നിഷേധിച്ചു; സ്‌കൂട്ടറില്‍ ആശുപത്രിയിലെത്തിച്ച രോഗി മരിച്ചു

By Web TeamFirst Published Apr 15, 2020, 12:21 PM IST
Highlights
ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കാര്യമായ പരിശോധന നടത്താതെ രോഗിക്ക് മരുന്ന് നല്‍കി വീട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു...
 
ഇന്‍ഡോര്‍: ആംബുലന്‍സ് നിഷേധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് സ്‌കൂട്ടറില്‍ കൊണ്ടുപോയ രോഗി മരിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. ഇന്‍ഡോറിലെ ബദ്വാലി ചൗക്കി സ്വദേശിയായ അറുപതുകാരനായ പാണ്ഡുവിനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിക്കവെയാണ് ആംബുലന്‍സ് നിഷേധിച്ചത്. മധ്യപ്രദേശിന്റെ കൊറോണ ഹോട്ട്‌സ്‌പോട്ടാണ് ഇന്‍ഡോര്‍. ഈ പ്രദേശത്ത് കൊവിഡ് വ്യാപനം നടന്നതിനാലാണ് ആംബുലന്‍സ് നിഷേധിച്ചത്. 

ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കാര്യമായ പരിശോധന നടത്താതെ രോഗിക്ക് മരുന്ന് നല്‍കി വീട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നുവെന്ന് പാണ്ഡുവിന്റെ ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ രോഗം മൂര്‍ച്ഛിച്ചതോടെ ആശുപത്രിയില്‍ വിളിച്ചപ്പോള്‍ ആംബുലന്‍സ് നല്‍കാന്‍ അവര്‍ തയ്യാറായില്ല. മറ്റ് മാര്‍ഗമില്ലാതെ ഇയാളെ മഹാരാഹ യശ്വന്ത് റാവു ആശുപത്രിയിലേക്ക് സ്‌കൂട്ടറില്‍ കൊണ്ടുപോയി. ആശുപത്രിയിലെത്തിയപ്പോഴേക്കും ഇയാള്‍ മരിച്ചു. 

അതേസമയം പാണ്ഡുവിന്റെ ബന്ധുക്കളുടെ ആരോപണം ഇന്‍ഡോര്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ തള്ളി. തിങ്കളാഴ്ച വീട്ടിലേക്ക് മടങ്ങിയതിന് ശേഷം ഇവര്‍ ചൊവ്വാഴ്ച ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നുവെന്നും ശേഷം ഹാരാഹ യശ്വന്ത് റാവു ആശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നു. പക്ഷേ ആശുപത്രിയിലെത്തും മുമ്പ് അയാള്‍ മരിച്ചുവെന്നും ഡോക്ടര്‍ പ്രതികരിച്ചു. എന്നാല്‍ സംഭവം ശരിവച്ച എം വൈ ആശുപത്രി സൂപ്രണ്ട് പി എസ് താക്കൂര്‍, മരിച്ചയാളുചെ ബന്ധുക്കളുടെ സാമ്പിളുകള്‍ പരിശോധിക്കാന്‍ ആരോഗ്യപ്രവര്‍ത്തകോട് ആവശ്യപ്പെട്ടു. 
click me!