'2018ലെ ട്വീറ്റ് ശ്രദ്ധയിൽ വന്നത് ഇപ്പോൾ'; സുബൈറിനെ അറസ്റ്റ് ചെയ്തത് ഹിന്ദി സിനിമയിലെ ദൃശ്യം പങ്കുവച്ചതിന്

By Web TeamFirst Published Jun 28, 2022, 3:00 PM IST
Highlights

Alt News  മതവിദ്വേഷം ആരോപിച്ച് ദില്ലി പൊലീസ് സ്വയമെടുത്ത കേസിലാണ് മാധ്യമപ്രവ‍ർത്തകനായ മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തത്. 

ദില്ലി: മതവിദ്വേഷം ആരോപിച്ച് ദില്ലി പൊലീസ് സ്വയമെടുത്ത കേസിലാണ് മാധ്യമപ്രവ‍ർത്തകനായ മുഹമ്മദ് സുബൈറിനെ (Mohammed Zubair) അറസ്റ്റ് ചെയ്തത്. 2018ലെ ട്വീറ്റ് ഈ വർഷമാണ് ശ്രദ്ധയിൽ വന്നതെന്നാണ്  ദില്ലി പൊലീസിന്‍റെ വാദം. ട്വീറ്റിന് ആധാരമായ ചിത്രം 1983 ലെ ഒരു ഹിന്ദി സിനിമയിലെ ദൃശ്യമാണെന്ന് വ്യക്തമായിട്ടുണ്ട്.

1983 ലെ  'കിസി സേ ന കഹാ' എന്ന ഹിന്ദി ചിത്രത്തിലെ ഒരു ദൃശ്യം പങ്കുവെച്ച് നടത്തിയ ട്വീറ്റിലാണ് മാധ്യമപ്രവര്‍ത്തകൻ മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തത്. മതവികാരം വ്രണപ്പെടുത്തല്‍,  വിദ്വേഷം വളർത്തല്‍ തുടങ്ങിയ വകുപ്പുകള്‍ സുബൈറിനെതിരെ ചുമത്തിയിട്ടുണ്ട്. ഹനുമാന്‍ ഭക്ത് എന്ന വ്യക്തിവിവരങ്ങള്‍ ഇല്ലാത്ത ട്വിറ്റർ ഐ‍ഡി ഇക്കാര്യം ചൂണ്ടിക്കാട്ടി ദില്ലി പൊലീസിനെ ടാഗ് ചെയ്തതിൻറെ  അടിസ്ഥാനത്തിലാണ്  നടപടിയുണ്ടായത്. 

2021ൽ തുടങ്ങിയ ഈ ട്വിറ്റർ ഹാൻഡിലാണ് രണ്ടായിരത്തി പതിനെട്ടിലെ ട്വീറ്റ് ടാഗ് ചെയ്തിരിക്കുന്നത്.  ദില്ലി പൊലീസ് സ്വയം കേസെടുക്കുകയായിരുന്നു എന്നും വ്യക്തമായി.  സബ് ഇന്‍സ്പെക്ടർ അരുണ്‍ കുമാർ‍ ആണ്  പരാതിക്കാരനെന്ന് എഫ്ഐആർ പറയുന്നു. 2020 ല്‍ കോടതി സംരക്ഷണം ലഭിച്ച ഒരു കേസില്‍ ചോദ്യം ചെയ്യാനായി വിളിപ്പിച്ച ശേഷം ഈ കേസില്‍ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു എന്ന് ആള്‍ട്ട് ന്യൂസ് സഹസ്ഥാപകനായ പ്രതീക് സിന്‍ഹ അറിയിച്ചു.

Read more: ആൾട്ട് ന്യൂസ് സഹ സ്ഥാപകൻ മുഹമ്മദ് സുബൈറിൻറെ അറസ്റ്റിനെ അപലപിച്ച് എഡിറ്റേഴ്സ് ഗിൽഡ്; ഉടൻ വിട്ടയക്കണമെന്നാവശ്യം

ടൂള്‍ കിറ്റ് കേസില്‍ ദിഷ രവിയെ അറസ്റ്റ് ചെയ്ത ഇൻറലിജന്‍സ് ഫ്യൂഷന്‍ ആന്‍റ് സ്ട്രാറ്റജിക് ഓപ്പറേഷന്‍സ് യൂണിറ്റ് ആണ് സുബൈറിനെതിരെയും നടപടിയെടുത്തത്. രാത്രി തന്നെ ബുറാഡിയിലെ മജിസ്ട്രേറ്റിന്‍റെ വസതിയില്‍ ഹാജരാക്കി പൊലീസ് ഒരാഴ്ചത്തെ കസ്റ്റ‍ഡി ആവശ്യപ്പെട്ടു. എങ്കിലും ഒരു ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചത്. അര മണിക്കൂർ അഭിഭാഷകനെ കാണാനും കോടതി അനുവാദം നല്കി. 

Read more: ൾട്ട് ന്യൂസ് സഹ സ്ഥാപകൻ മുഹമ്മദ് സുബൈർ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ, വ്യാപക പ്രതിഷേധം

നോട്ടീസ് നല്കാതെയാണ് ഇന്നലത്തെ അറസ്റ്റെന്നാണ് സഹപ്രവർത്തകരുടെ ആരോപണം. നേരത്തെ ബിജെപി വക്തവാവ് നൂപൂര്‍ ശർമ നടത്തിയ മതവിദ്വേഷ പ്രസ്താവന മുഹമ്മദ് സുബൈര്‍ സാമൂഹിക മാധ്യമങ്ങളില്‍ ചർച്ചയാക്കിയിരുന്നു. ഇതിന് പിന്നാലെയുണ്ടായ രാജ്യാന്തര രംഗത്തു വരെ  പ്രതിഷേധം ശക്തമായതോടെയാണ് നൂപൂർ ശർമക്കെതിരെ ബിജെപിക്ക് നടപടിയെടുക്കേണ്ടി വന്നത്.

click me!