മുഹമ്മദ് സുബൈറിനെ കോടതിയില്‍ ഹാജരാക്കി; കേസ് അസംബന്ധമെന്ന് അഭിഭാഷക, നടപടി രാഷ്ട്രീയപരമല്ലെന്ന് പൊലീസ്

Published : Jun 28, 2022, 04:16 PM ISTUpdated : Jun 28, 2022, 04:23 PM IST
മുഹമ്മദ് സുബൈറിനെ കോടതിയില്‍ ഹാജരാക്കി; കേസ് അസംബന്ധമെന്ന് അഭിഭാഷക, നടപടി രാഷ്ട്രീയപരമല്ലെന്ന് പൊലീസ്

Synopsis

2018 ൽ ഉപയോഗിച്ചിരുന്ന ഫോൺ നഷ്ടമായതായി മുഹമ്മദ് സുബൈർ കോടതിയിൽ പറഞ്ഞു. തന്നെ ഭീഷണിപ്പെടുത്തിയാലൊന്നും മൊബൈൽ ഫോൺ തിരികെ കിട്ടില്ല. പൊലീസ് അധികാരം ദുർവിനിയോഗം ചെയ്യുകയാണ്. 

ദില്ലി: ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരായ കേസ് അസംബന്ധമെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷക വൃന്ദ ഗ്രോവർ പറഞ്ഞു. മതവികാരം വ്രണപ്പെടുത്തി എന്നത് തെറ്റാണ്. അദ്ദേഹത്തിന്‍റെ ട്വീറ്റ് മൂലം ആരാധനാലയമോ പരിപാവനം എന്ന് കരുതുന്ന സ്ഥലമോ തകർക്കപ്പെട്ടിട്ടില്ല.  പ്രഥമ ദൃഷ്ട്യാ നിലനിൽക്കുന്നതല്ല കേസ് എന്നും അഭിഭാഷക വ്യക്തമാക്കി. മുഹമ്മദ് സുബൈറിനെ ഇന്ന് പാട്യാല ഹൗസ് കോടതിയിൽ  ഹാജരാക്കി.

ഒരു കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് മറ്റൊരു കേസിൽ മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തുവെന്ന് അഭിഭാഷക ആരോപിച്ചു. 1983 ലെ ഒരു സിനിമയിലെ ചിത്രമാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. ചിത്രത്തിൽ എഡിറ്റിങ് ഉണ്ടായിട്ടില്ല. ഹണിമൂൺ ആഘോഷിക്കുന്നവരെ കുറിച്ചുള്ള തമാശയാണ് ട്വീറ്റ് ചെയ്തത്. റിമാൻഡ് റിപ്പോർട്ട് പോലും നൽകിയില്ല. ജനാധിപത്യ രാജ്യത്ത് അഭിപ്രായസ്വാതന്ത്ര്യം ഉണ്ട് എന്നും അഭിഭാഷക പറഞ്ഞു. 

Read Also: '2018ലെ ട്വീറ്റ് ശ്രദ്ധയിൽ വന്നത് ഇപ്പോൾ'; സുബൈറിനെ അറസ്റ്റ് ചെയ്തത് ഹിന്ദി സിനിമയിലെ ദൃശ്യം പങ്കുവച്ചതിന്

2018 ൽ ഉപയോഗിച്ചിരുന്ന ഫോൺ നഷ്ടമായതായി മുഹമ്മദ് സുബൈർ കോടതിയിൽ പറഞ്ഞു. തന്നെ ഭീഷണിപ്പെടുത്തിയാലൊന്നും മൊബൈൽ ഫോൺ തിരികെ കിട്ടില്ല. പൊലീസ് അധികാരം ദുർവിനിയോഗം ചെയ്യുകയാണ്. സത്യം പറയുക എന്നത് മാധ്യമപ്രവർത്തകരുടെ കടമയാണ്. അതുകാരണം തന്നെ ലക്ഷ്യം വെക്കുന്നു. കേസിൽ ഒരു ബന്ധവുമില്ലാത്ത ലാപ്ടോപ്പാണ് പൊലീസ് തേടുന്നത്. വ്യക്തിവിവരങ്ങൾ ഇല്ലാത്ത ഒരു ട്വിറ്റർ ഹാൻഡിലിന്റെ ആദ്യത്തെ ട്വീറ്റിന്റെ അടിസ്ഥാനത്തിൽ  കേസ് എടുത്തു എന്നത് അത്ഭുതകരമാണെന്നും മുഹമ്മദ് സുബൈര്‍ കോടതിയില്‍ പറഞ്ഞു. 

അതേസമയം, മുഹമ്മദ് സുബൈറിന്റെ ട്വീറ്റ്  മതസൗഹാർദ്ദം തകർക്കുന്നതാണെന്ന് ദില്ലി പൊലീസ് ആവര്‍ത്തിക്കുന്നു. സുബൈർ മൊബൈൽ ഫോണിലെ വിവരങ്ങൾ മായ്ച്ചു കളഞ്ഞു. ഇതാണ് അറസ്റ്റിലേക്ക് നയിച്ചത്. റീ ട്വീറ്റ് ചെയ്താലും അത്  നിങ്ങളുടെ നിലപാടാകും. അങ്ങനെ ചെയ്യുന്നത് ഏത് സമയത്താണ് എന്നത് ബാധകമല്ല. നടപടിക്രമങ്ങൾ പാലിച്ചാണ് അറസ്റ്റ് ചെയ്തത്. നടപടി രാഷ്ട്രീയപരമാണ് എന്ന് പറയുന്നതിൽ അടിസ്ഥാനമില്ലെന്നും ദില്ലി പൊലീസ് വിശദീകരിക്കുന്നു. 

മുഹമ്മദ് സുബൈർ ഫോണിലെ എല്ലാ ആപ്ലിക്കേഷനും ഡിലീറ്റ് ചെയ്തതാണ് കൊണ്ടുവന്നത് എന്ന് പ്രോസിക്യൂഷൻ വാദിച്ചു. പരാതിക്കാരൻ അജ്ഞാതനല്ലെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. എല്ലാ വിവരങ്ങളും പൊലീസിന്റെ പക്കൽ ഉണ്ട്. ലാപ്ടോപ് മറ്റുപകരണങ്ങളും കണ്ടെടുക്കണം. സുബൈറിനെ പൊലീസ് കസ്റ്റഡിയിൽ വിടണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. 

Read Also: ആൾട്ട് ന്യൂസ് സഹ സ്ഥാപകൻ മുഹമ്മദ് സുബൈറിൻറെ അറസ്റ്റിനെ അപലപിച്ച് എഡിറ്റേഴ്സ് ഗിൽഡ്; ഉടൻ വിട്ടയക്കണമെന്നാവശ്യം

PREV
click me!

Recommended Stories

വിറപ്പിച്ച് ചെള്ളുപനി; മൂന്ന് പേർ കൂടി മരിച്ചതോടെ മരണസംഖ്യ എട്ടായി; പ്രതിരോധ മരുന്നുകൾ ശേഖരിച്ച് ആന്ധ്രപ്രദേശ് സർക്കാർ
കോൺഗ്രസ് വന്ദേമാതരത്തെ അപമാനിച്ചു ,വന്ദേമാതരത്തെ ഗാന്ധിജി ദേശീയ ഗീതമായി കണ്ടു,ലീഗിൻ്റെ സമ്മർദ്ദത്തിന് വഴങ്ങി നെഹ്റു അത് വെട്ടിമുറിച്ചുവെന്ന് മോദി