
പാറ്റ്ന: ട്രക്കുമായി കൂട്ടിയിടിച്ച കാർ അഞ്ച് തവണ കരണം മറിഞ്ഞിട്ടും യാത്രക്കാർ കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. മാരുതി സുസുക്കി ആൾട്ടോ കാറാണ് ദേശീയ പാതയിൽ വെച്ച് ഭയാനകമായ അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച രാവിലെ ബിഹാറിനെ റോഹ്തസിലുണ്ടായ വാഹനാപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. യാത്രക്കാരുടെ രക്ഷപ്പെടൽ അത്ഭുതകരമായിരുന്നു എന്നാണ് അപകടം കണ്ടുനിന്ന നാട്ടുകാർ പ്രതികരിച്ചത്.
നല്ല വേഗത്തിൽ വരികയായിരുന്നു ട്രക്കുമായി കാർ ആദ്യം കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തിൽ കാർ അഞ്ച് തവണ കരണംമറിഞ്ഞ് ഒടുവിൽ ഇടതു ഡോറുകൾ നിലത്തു തട്ടുന്ന തരത്തിൽ റോഡിൽ ചരിഞ്ഞു നിന്നു. വലിയ ശബ്കം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് നേരെ വെച്ചതും അകത്തുണ്ടായിരുന്ന നാല് യാത്രക്കാരെ പുറത്തിറക്കിയതും. ഇവർക്ക് സ്ഥലത്തുവെച്ചു തന്നെ പ്രാഥമിക ശുശ്രൂഷ നൽകി.ബനാറസിലേക്ക് പോവുകയായിരുന്ന യാത്രക്കാരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ആർക്കും സാരമായ പരിക്കുകളില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ അപകടം സംഭവിച്ച ഉടൻ തന്നെ ട്രക്ക് ഡ്രൈവർ സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം