'അമർ ജവാൻ ജ്യോതി' ഇനി ഓർമ, ദേശീയയുദ്ധ സ്മാരകത്തിലെ കെടാവിളക്കിനോട് ചേർത്തു

Published : Jan 21, 2022, 04:54 PM IST
'അമർ ജവാൻ ജ്യോതി' ഇനി ഓർമ, ദേശീയയുദ്ധ സ്മാരകത്തിലെ കെടാവിളക്കിനോട് ചേർത്തു

Synopsis

അമർ ജവാൻ ജ്യോതി എന്നാൽ രാജ്യത്തിന് വേണ്ടി ജീവൻ സമർപ്പിച്ച ധീരസൈനികരുടെ സ്മരണയ്ക്ക് വേണ്ടിയുള്ളതാണെങ്കിലും അവരുടെ എല്ലാവരുടെയും പേര് കൊത്തി വച്ചിരിക്കുന്നത് ദേശീയ യുദ്ധസ്മാരകത്തിലാണ് എന്നതിനാലാണ് അങ്ങോട്ട് ജ്യോതി മാറ്റുന്നതെന്നാണ് കേന്ദ്രസർക്കാർ വിശദീകരണം. 

ദില്ലി: ധീരസൈനികരുടെ ഓർമകൾ ഏത് കാലാവസ്ഥയിലും, ഏത് നേരത്തും ജ്വലിച്ചുനിന്നിരുന്ന രാജ്യതലസ്ഥാനത്തെ കെടാവിളക്ക് - അമർ ജവാൻ ജ്യോതി - ഇനി ഓർമ. ഇവിടത്തെ ജ്യോതി തൊട്ടടുത്ത് തന്നെയുള്ള ദേശീയ യുദ്ധസ്മാരകത്തിലെ കെടാവിളക്കിനോട് ചേർത്തു. 

വൈകിട്ട് മൂന്നര മണിയോടെ തുടങ്ങിയ ചടങ്ങിൽ അമർ ജവാൻ ജ്യോതിയിൽ നിന്ന് ടോർച്ച് ലൈറ്റിലേക്ക് അഗ്നി പകർന്നു. അവിടെ നിന്ന് യുദ്ധസ്മാരകത്തിലേക്ക് മാർച്ചായി ഈ ടോർച്ച് ലൈറ്റ് കൊണ്ടുവന്നു. ഇന്‍റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് ചീഫ് എയർ മാർഷൽ ബാലഭദ്ര രാധാകൃഷ്ണ ജ്വാല ദേശീയയുദ്ധസ്മാരകത്തിലെ കെടാവിളക്കിനോട് ചേർത്തു. അങ്ങനെ, അമർ ജവാൻ ജ്യോതിയെന്ന അഭിമാനസ്തംഭത്തിലെ തീ പൂർണമായും അണഞ്ഞു. 

അമർ ജവാൻ ജ്യോതി എന്നാൽ രാജ്യത്തിന് വേണ്ടി ജീവൻ സമർപ്പിച്ച ധീരസൈനികരുടെ സ്മരണയ്ക്ക് വേണ്ടിയുള്ളതാണെങ്കിലും അവരുടെ എല്ലാവരുടെയും പേര് കൊത്തി വച്ചിരിക്കുന്നത് ദേശീയ യുദ്ധസ്മാരകത്തിലാണ് എന്നതിനാലാണ് അങ്ങോട്ട് ജ്യോതി മാറ്റുന്നതെന്നാണ് കേന്ദ്രസർക്കാർ വിശദീകരണം. 

ഇന്ത്യഗേറ്റിലെ അമർജവാൻ ജ്യോതി അണക്കുന്നതല്ല എന്നാണ് കേന്ദ്രസർക്കാർ ഇതേക്കുറിച്ച് ഉയർന്ന വിവാദങ്ങളിൽ പ്രതികരിച്ചത്. ദേശീയ യുദ്ധസ്മാരകത്തിലെ ജ്യോതിയുമായി ലയിപ്പിക്കുന്നതിനെ ചിലർ രാഷ്ട്രീയവത്ക്കരിക്കുന്നു എന്നും കേന്ദ്രം ആരോപിച്ചു. അതേസമയം, ചരിത്രം തിരുത്തിയെഴുതാനാണ് എൻഡിഎ സർക്കാരിന്‍റെ നീക്കമെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. അമർ ജവാൻ ജ്യോതി ഉണ്ടായിരുന്നയിടത്ത് എത്തി വീണ്ടും ജ്യോതി തെളിയിക്കുമെന്നാണ് രാഹുൽ ഗാന്ധി എംപി രാവിലെ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചത്. 

ചോര തിളയ്ക്കുന്ന ആവേശം നൽകിയിരുന്നു അരനൂറ്റാണ്ടായി ഇന്ത്യാഗേറ്റിലെഅമർ ജവാൻ ജ്യോതി എന്ന കെടാവിളക്ക്. ഇന്ത്യയുടെ മണ്ണ് കാത്ത ധീരൻമാരുടെ കഥകൾ പകർന്ന ആവേശം. ഇന്ത്യാ ഗേറ്റ് നിർമ്മിച്ചിട്ട് ഒരു നൂറ്റാണ്ടു കഴിഞ്ഞു. ഒന്നാം ലോകമഹായുദ്ധത്തിൽ ബ്രിട്ടീഷ് പട്ടാളത്തിനോട് ചേർന്ന് പൊരുതിയവർക്കായുള്ള സ്മാരകമാണിത്. 

എന്നാൽ 1971-ലെ യുദ്ധവിജയത്തിനു ശേഷമാണ് ഇവിടെ അമർജവാൻ ജ്യോതി തെളിയിച്ചത്. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ തെളിയിച്ച ജ്യോതി എൻഡിഎ സർക്കാർ തൊട്ടടുത്ത് നിർമ്മിച്ച ദേശീയ യുദ്ധസ്മാരകത്തിലെ ജ്യോതിയുമായി ലയിപ്പിക്കുന്നു. 

കോൺഗ്രസ് അതിനാൽത്തന്നെയാണ് ശക്തമായ ഭാഷയിൽ ഇതിനെതിരെ രംഗത്ത് വന്നത്. അമർ ജവാൻ ജ്യോതി അണയ്ക്കുന്നതിൽ ഏറെ ദുഃഖമുണ്ടെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. ദേശഭക്തി, ത്യാഗം തുടങ്ങിയവ എന്തെന്ന് ചിലർക്ക് അറിയില്ല. സൈനികർക്കായി അമർ ജവാൻ ജ്യോതി ഒരിക്കൽ കൂടി തെളിയിക്കും എന്ന് രാഹുൽ പറഞ്ഞു. 

ചരിത്രം തിരുത്തി എഴുതുകയാണ് എൻഡിഎ സർക്കാർ എന്ന് മനീഷ് തിവാരി ആരോപിച്ചു. എന്നാൽ ജ്യോതി അണയ്ക്കുന്നു എന്ന പ്രചാരണം കേന്ദ്രം പൂർണമായും തള്ളിക്കളയുകയാണ്. 1971-ലെ യുദ്ധത്തിൽ മരിച്ച ധീര സൈനികരുടെ പേരു പോലും ഇന്ത്യാഗേറ്റിൽ ഇല്ല. ദേശീയ യുദ്ധസ്മാരകത്തിൽ സ്വതന്ത്ര ഇന്ത്യയ്ക്കായി ജീവത്യാഗം ചെയ്ത എല്ലാ സൈനികരുടെയും പേരുണ്ട്. ഈ സാഹചര്യത്തിലാണ് ജ്യോതികൾ ലയിപ്പിക്കുന്നത്. ഒരു യുദ്ധസ്മാരകം പോലും നിർമ്മിക്കാൻ കഴിയാത്തവരാണ് ഇപ്പോൾ രംഗത്തു വന്നതെന്നും കേന്ദ്രം കുറ്റപ്പെടുത്തി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യുപിയിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി പാസ്റ്റർക്ക് ജാമ്യം‌; അറസ്റ്റിലായത് ജനുവരി 13ന്
കർണാടകയിലും നയപ്രഖ്യാപന പ്രസംഗത്തിൽ പോര്; കേന്ദ്ര വിമർശനത്തിൽ ഉടക്കിട്ട് ഗവർണർ, വഴങ്ങാതെ സിദ്ധരാമയ്യ; പ്രത്യേക നിയമസഭാ സമ്മേളനത്തിൽ പ്രതിസന്ധി