
ദില്ലി: പാര്‍ട്ടി പ്രഖ്യാപനത്തിന് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായി (amit sha) നിര്‍ണ്ണായക കൂടിക്കാഴ്ചക്കായി മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് (amarinder singh) ദില്ലിയില്‍. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലെ സഖ്യ ചര്‍ച്ചകള്‍ക്കായാണ് പഞ്ചാബ് മുന്‍മുഖ്യമന്ത്രി അമിത്ഷായെ കാണുന്നത്. കര്‍ഷക സമരം (farmers protest) തീര്‍ക്കാന്‍ വഴിതുറക്കുന്ന നിര്‍ണായക ചര്‍ച്ചയെന്നാണ് അമരീന്ദര്‍സിംഗിന്‍റെ ഓഫീസ് കൂടിക്കാഴ്ചയെ കുറിച്ച് പ്രതികരിച്ചത്.
കോണ്‍ഗ്രസിന് വെല്ലുവിളിയായിട്ടാണ് അമരീന്ദര്‍സിംഗിന്‍റെ പുതിയ നീക്കങ്ങളെ രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്. സ്വന്തം പാര്‍ട്ടി നിലവില്‍ വന്നതായി ഇന്നലെ പ്രഖ്യാപിച്ച ക്യാപ്റ്റന്‍ തൊട്ടു പിന്നാലെ വണ്ടി കയറിയത് അമിത്ഷായെ കാണാനാണ്. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായുള്ള സഖ്യത്തിന് അമരീന്ദര്‍ ചരട് വലി തുടങ്ങിയിട്ടുണ്ട്. പഞ്ചാബില്‍ ചുവടുറപ്പിക്കാന്‍ അമരീന്ദര്‍ സിംഗിനെ പാലമാക്കാമെന്ന് ബിജെപിയും കണക്ക് കുട്ടുന്നു.
നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് കര്‍ഷക സമരം തീര്‍ത്താല്‍ സഖ്യത്തിന് അനുകൂല അന്തരീക്ഷം ഒരുങ്ങുമെന്നാണ് അമിത്ഷായുമായി കഴിഞ്ഞ മാസം നടത്തിയ കൂടിക്കാഴ്ചയില്‍ അമരീന്ദര്‍ സിംഗ് വ്യക്തമാക്കിയത്. കര്‍ഷക സമരം തീര്‍പ്പായാല്‍ ബിജെപിയുമായി സഹകരിക്കുമെന്ന് പിന്നാലെ അമരീന്ദര്‍സിംഗ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അടുത്ത മാസത്തോടെ ചില കര്‍ഷക സൗഹൃദ പ്രഖ്യാപനങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത് വരുമെന്ന സൂചകളും നിലവിലുണ്ട്.
അതേ സമയം പഞ്ചാബില്‍ നടന്ന പാര്‍ട്ടി സര്‍ക്കാര്‍ പുനസംഘടനകളില്‍ കോണ്‍ഗ്രസില്‍ വലിയൊരു വിഭാഗം കടുത്ത അതൃപ്തിയിലാണ്. ഇവരില്‍ ചിലര്‍ അമരീന്ദര്‍ സിംഗിനൊപ്പം നീങ്ങിയേക്കുെമെന്ന സൂചന കിട്ടിയതിനെ തുടര്‍ന്ന് ഹൈക്കമാന്‍ഡ് അനുനയ നീക്കം തുടങ്ങി. നേതാക്കളെ ദില്ലിക്ക് വിളിപ്പിച്ച് ചര്‍ച്ച നടത്താനാണ് ഹൈക്കമാന്‍ഡ് തീരുമാനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam