അമർനാഥ് മേഘവിസ്ഫോടനം: രക്ഷാപ്രവർത്തനം ഊർജിതം, കണ്ടെത്താനുള്ളത് നാൽപ്പതോളം പേരെ

Published : Jul 09, 2022, 10:47 AM IST
അമർനാഥ് മേഘവിസ്ഫോടനം: രക്ഷാപ്രവർത്തനം ഊർജിതം, കണ്ടെത്താനുള്ളത് നാൽപ്പതോളം പേരെ

Synopsis

16 മരണം സ്ഥിരീകരിച്ചു, നാല് സംഘങ്ങളായി തിരിഞ്ഞ് എൻഡിആർഎഫിന്റെ രക്ഷാപ്രവർത്തനം, തെരച്ചിലിനായി ഡോഗ് സ്ക്വാഡും

അമർനാഥ്: ജമ്മു കശ്മീരിലെ അമർനാഥിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ പ്രളയത്തിൽ രക്ഷാപ്രവർത്തനം തുടരുന്നു. 16 മരണം ഇതുവരെ സ്ഥിരീകരിച്ചതായി ദുരന്ത നിവാരണ സേന (NDRF) അറിയിച്ചു. നാൽപ്പതോളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ഇന്തോ ടിബറ്റൻ ബോർ‍ഡർ പൊലീസ് (ITBP) അറിയിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ നൂറോളം ഉദ്യോഗസ്ഥർ നാല് സംഘങ്ങളായി തിരിഞ്ഞ് രക്ഷാപ്രവർത്തനം തുരുകയാണെന്ന് എൻഡിആർഎഫ് ഡയറക്ടർ ജനറൽ അതുൽ കാർവാൾ പറഞ്ഞു. പ്രദേശത്ത് മണ്ണിടിച്ചിൽ ഉണ്ടായിട്ടില്ലെന്ന് എൻഡിആർഎഫ് സ്ഥിരീകരിച്ചു. മഴ തുടരുന്നുണ്ടെങ്കിലും രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നില്ല. കശ്മീർ ഐജി വിജയ്  കുമാറും ചിനാർ കോർപ്‍സ് കമാൻഡർ ഓജ്‍ലയും പ്രളയ മേഖല സന്ദർശിച്ചു. 

ആവശ്യമെങ്കിൽ രക്ഷാപ്രവർത്തനം നടത്താനായി സജ്ജമായിരിക്കാൻ വ്യോമ സേനയ്ക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി രണ്ട് ഡോഗ് സ്ക്വാഡിനെയും നിയോഗിച്ചിട്ടുണ്ട്. കൊവിഡ് കാലത്ത് നിർത്തിവെച്ച അമർനാഥ് തീർത്ഥാടന യാത്ര ഈ  ജൂൺ 30ന് ആണ് ആരംഭിച്ചത്. മേഘ വിസ്ഫോടനത്തെ തുടർന്നുണ്ടായ പ്രളയത്തിൽ അകപ്പെട്ടതിൽ ഏറെയും തീർത്ഥാടകരാണ്. ക്ഷേത്രത്തില്‍ തീർത്ഥാടനം നടക്കുമ്പോഴായിരുന്നു മേഘവിസ്ഫോടനവും പിന്നാലെ പ്രളയവും ഉണ്ടായത്.

എന്താണ് മേഘവിസ്ഫോടനം?

വളരെ കുറഞ്ഞ സമയത്തിനകം ഒരു പ്രദേശത്തുണ്ടാകുന്ന അതിശക്തമായ പേമാരിയെയാണ് മേഘവിസ്ഫോടനം (Cloud Burst) എന്ന് ഒറ്റവാക്കിൽ നിർവചിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ വലിയ മഴയുണ്ടാകുന്നതു കൊണ്ടുതന്നെ. മേഘസ്ഫോടനം ഉണ്ടാകുന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും അനുബന്ധമായി ഉണ്ടാകുന്നു. കാറ്റും ഇടിയും മിന്നലും കൂടിയാകുന്നതോടെ ആ പ്രദേശം അക്ഷരാർത്ഥത്തിൽ പ്രളയത്തിലാകുകയും വലിയ നാശനഷ്ടങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു.

മേഘവിസ്ഫോടനത്തിനു കാരണമെന്ത്? 

മേഘങ്ങളിൽ തന്നെ വലുതും ചെറുതുമുണ്ട്. മേഘങ്ങളുടെ കൂട്ടത്തിൽ ഏറ്റവും വലിപ്പമേറിയ ഇനമായ കുമുലോ നിംബസ് എന്ന മഴമേഘങ്ങളാണ്, അക്ഷരാർത്ഥത്തിൽ മേഘവിസ്ഫോടനമുണ്ടാക്കുന്നത്. എന്നാൽ, എല്ലാ കുമുലോ നിംബസ് മേഘങ്ങളും മേഘവിസ്ഫോടനമുണ്ടാക്കുന്നില്ല. മേഘവിസ്ഫോടനത്തിന് കാരണമാകുന്ന മേഘങ്ങൾക്ക് ചില പ്രത്യേകതകൾ ഉണ്ടായിരിക്കും.  ഈർപ്പം നിറഞ്ഞ ഒരു വായുപ്രവാഹം ഭൗമോപരിതലത്തിൽ നിന്ന് അന്തരീക്ഷത്തിന്റെ മുകൾതട്ടിലേക്ക് ഉയരുകയും ഘനീഭവിക്കുകയും ചെയ്യുമ്പോഴാണ്, മേഘങ്ങൾ രൂപപ്പെടുന്നത്. 

അവയിൽ തന്നെ സവിശേഷ സ്വഭാവമുള്ള കുമുലോനിംബസ് മേഘങ്ങൾ രൂപപ്പെടുമ്പോൾ, അന്തരീക്ഷത്തിന്റെ താഴേത്തട്ടിൽ നിന്നാരംഭിച്ച്‌ 15 കിലോമീറ്റർ ഉയരത്തിൽ വരെ അവയെത്തുന്നു. ഇങ്ങനെയുണ്ടാകുന്ന കൂറ്റൻ കുമുലോ നിംബസ് മേഘങ്ങളാണ് മേഘവിസ്ഫോടനത്തിന് കാരണം. ഇവയ്ക്കുള്ളിൽ, ശക്തിയേറിയ ഒരു വായുപ്രവാഹം ചാംക്രമണരീതിയിൽ രൂപപ്പെടുന്നു. 

ഇത് മേഘത്തിന്റെ നടുഭാഗത്തുകൂടി മുകളിലേക്കുയരുന്നു. ഈ പ്രക്രിയയുടെ ഭാഗമായി, മേഘങ്ങളുടെ താഴെത്തട്ടിൽ ജലകണങ്ങളും മുകളറ്റത്ത്‌ ഐസ് ക്രിസ്റ്റലുകളും ഉണ്ടാകുന്നു. അന്തരീക്ഷത്തിന്റെ മുകൾത്തട്ടിലേക്ക് വേഗത്തിൽ എത്തുന്ന കുമുലോ നിംബസ് മേഘങ്ങൾ ഇവ രൂപപ്പെടുന്ന സ്ഥലത്തെ പ്രത്യേകതകൾ കാരണം പതിവിലും ഉയർന്ന അളവിൽ അന്തരീക്ഷ ഈർപ്പം വഹിച്ചേക്കാം. ഭൗമാന്തരീക്ഷത്തിന്റെ പത്തുകിലോമീറ്ററിലും മുകളിലത്തെ താപനില -40 മുതൽ -60 വരെ ഡിഗ്രി സെൽഷ്യസ് ആണ്. 

ഇതുകാരണം ഈർപ്പം, സ്വാഭാവികമായും മഞ്ഞുകണങ്ങളായി മാറുന്നു. ഈ കാറ്റിന്റെ മുകളിലേക്കുള്ള പ്രവാഹം കുറച്ച് ശമിക്കുന്നതോടുകൂടി, മഞ്ഞുകണങ്ങൾ ഭൂഗുരുത്വാകർഷണത്തിൽ പെട്ട് താഴേക്ക് പതിക്കുന്നു. വലിയ മഞ്ഞുകണങ്ങൾ, കൂടുതൽ ചെറിയ കണങ്ങളാകുന്നു. ഭൂമിയുടെ ഉപരിതലത്തിനടുത്ത് എത്തുമ്പോൾ അന്തരീക്ഷതാപനില ഉയർന്നതായതിനാൽ മഞ്ഞുകണങ്ങൾ ജലത്തുള്ളികളായി മാറുന്നു. ഇത് ശക്തമായ പേമാരിയായി ഭൂമിയിൽ പതിക്കുകയാണ് ചെയ്യുന്നതെന്നാണ് വിദഗ്‍ധർ പറയുന്നത്.

PREV
click me!

Recommended Stories

പ്രതിസന്ധിയുടെ ഒമ്പതാം നാൾ, കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി ദില്ലി ഹൈക്കോടതി, ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെടാൻ വൈകിയതെന്ത് ?
പിടിമുറുക്കി കേന്ദ്രം, ഇൻഡി​ഗോ കമ്പനി പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സംഘം