കണ്ടെത്താനുള്ളത് 40ഓളം പേരെ; നെഞ്ചുലയ്ക്കുന്ന കാഴ്ചകള്‍ ബാക്കി, അമർനാഥ് യാത്ര പുനരാരംഭിച്ചു

Published : Jul 11, 2022, 03:33 PM IST
കണ്ടെത്താനുള്ളത് 40ഓളം പേരെ; നെഞ്ചുലയ്ക്കുന്ന കാഴ്ചകള്‍ ബാക്കി, അമർനാഥ് യാത്ര പുനരാരംഭിച്ചു

Synopsis

കാലാവസ്ഥ മോശമായതിനാല്‍  യാത്ര പൂർണമായി റദ്ദാക്കിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതേസമയം പ്രളയത്തില്‍ കാണാതായവർക്കായുള്ള തെരച്ചില്‍ തുടരുകയാണ്. നാല്‍പ്പതോളം പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്.

കശ്മീര്‍: മേഘവിസ്ഫോടനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന അമർനാഥ് യാത്ര പുനരാരംഭിച്ചു.  തീർത്ഥാടകരുടെ പുതിയസംഘം ജമ്മു ബേസ് ക്യാമ്പില്‍ നിന്ന് തീര്‍ത്ഥാടനം ആരംഭിച്ചു. 4,026 തീര്‍ത്ഥാടനകരാണ് സംഘത്തിലുള്ളത്.  കാലാവസ്ഥ മോശമായതിനാല്‍  യാത്ര പൂർണമായി റദ്ദാക്കിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതേസമയം പ്രളയത്തില്‍ കാണാതായവർക്കായുള്ള തെരച്ചില്‍ തുടരുകയാണ്. നാല്‍പ്പതോളം പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്.

കൊവിഡ് കാലത്ത് നിർത്തിവെച്ച അമർനാഥ് തീർത്ഥാടന യാത്ര ഈ  ജൂൺ 30നാണ് ആരംഭിച്ചത്. തുടര്‍ന്ന് കഴിഞ്ഞ എട്ടിനുണ്ടായ അപകടം രാജ്യത്തെയാകെ ഞെട്ടിച്ചിരുന്നു. മേഘ വിസ്ഫോടനത്തെ തുടർന്നുണ്ടായ പ്രളയത്തിൽ അകപ്പെട്ടതിൽ ഏറെയും തീർത്ഥാടകരാണ്. ക്ഷേത്രത്തില്‍ തീർത്ഥാടനം നടക്കുമ്പോഴായിരുന്നു മേഘവിസ്ഫോടനവും പിന്നാലെ പ്രളയവും ഉണ്ടായത്. മേഘവിസ്ഫോടനത്തില്‍ മൂന്ന് ഭക്ഷണശാലകളും 25 ടെന്‍റുകളും പ്രളയത്തില്‍ തകർന്നതാണ് ദുരന്തത്തിന്‍റെ വ്യാപ്തി കൂട്ടിയത്. 

എന്താണ് മേഘസ്ഫോടനം?

വളരെ കുറഞ്ഞ സമയത്തിനകം ഒരു പ്രദേശത്തുണ്ടാകുന്ന അതിശക്തമായ പേമാരിയെയാണ് മേഘവിസ്ഫോടനം (Cloud burst) എന്ന് ഒറ്റവാക്കിൽ നിർവചിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ വലിയ മഴയുണ്ടാകുന്നതു കൊണ്ടുതന്നെ, മേഘസ്ഫോടനം ഉണ്ടാകുന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും അനുബന്ധമായി ഉണ്ടാകുന്നു. കാറ്റും ഇടിയും മിന്നലും കൂടിയാകുന്നതോടെ ആ പ്രദേശം അക്ഷരാർത്ഥത്തിൽ പ്രളയത്തിലാകുകയും വലിയ നാശനഷ്ടങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു.

മേഘസ്ഫോടനത്തിനു കാരണമെന്ത്? വിദഗ്ധർ പറയുന്നതെന്ത്?

മേഘങ്ങളിൽ തന്നെ വലിപ്പ - ചെറുപ്പമുള്ളവയുണ്ട്. മേഘങ്ങളുടെ കൂട്ടത്തിൽ ഏറ്റവും വലിപ്പമേറിയ ഇനമായ കുമുലോ നിംബസ് എന്ന മഴമേഘങ്ങളാണ്, അക്ഷരാർത്ഥത്തിൽ  മേഘസ്ഫോടനമുണ്ടാക്കുന്നത്. എന്നാൽ, എല്ലാ കുമുലോ നിംബസ് മേഘങ്ങളും മേഘസ്ഫോടനമുണ്ടാക്കുന്നില്ല. മേഘസ്ഫോടനത്തിന് കാരണമാകുന്ന മേഘങ്ങൾക്ക് ചില പ്രത്യേകതകൾ ഉണ്ടായിരിക്കും. താഴെ ക്ലാസ്സുകളിൽ പഠിച്ചതനുസരിച്ച്, ഈർപ്പം നിറഞ്ഞ ഒരു വായുപ്രവാഹം ഭൗമോപരിതലത്തിൽ നിന്ന് അന്തരീക്ഷത്തിന്റെ മുകൾതട്ടിലേക്ക് ഉയരുകയും ഘനീഭവിക്കുകയും ചെയ്യുമ്പോഴാണ്, മേഘങ്ങൾ രൂപപ്പെടുന്നത്. 

അവയിൽ തന്നെ സവിശേഷ സ്വഭാവമുള്ള കുമുലോനിംബസ് മേഘങ്ങൾ രൂപപ്പെടുമ്പോൾ, അന്തരീക്ഷത്തിന്റെ താഴേത്തട്ടിൽ നിന്നാരംഭിച്ച്‌ 15 കിലോമീറ്റർ ഉയരത്തിൽ വരെ അവയെത്തുന്നു. ഇങ്ങനെയുണ്ടാകുന്ന കൂറ്റൻ കുമുലോ നിംബസ് മേഘങ്ങളാണ് മേഘസ്ഫോടനത്തിനു കാരണം. ഇവയ്ക്കുള്ളിൽ, ശക്തിയേറിയ ഒരു വായുപ്രവാഹം ചാംക്രമണരീതിയിൽ രൂപപ്പെടുന്നു. 

ഇത് മേഘത്തിന്റെ നടുഭാഗത്തുകൂടി മുകളിലേക്കുയരുന്നു. ഈ പ്രക്രിയയുടെ ഭാഗമായി, മേഘങ്ങളുടെ താഴെത്തട്ടിൽ ജലകണങ്ങളും മുകളറ്റത്ത്‌ ഐസ് ക്രിസ്റ്റലുകളും ഉണ്ടാകുന്നു. അന്തരീക്ഷത്തിന്റെ മുകൾത്തട്ടിലേക്ക് വേഗത്തിൽ എത്തുന്ന കുമുലോ നിംബസ് മേഘങ്ങൾ ഇവ രൂപപ്പെടുന്ന സ്ഥലത്തെ പ്രത്യേകതകൾ കാരണം പതിവിലും ഉയർന്ന അളവിൽ അന്തരീക്ഷ ഈർപ്പം വഹിച്ചേക്കാം. ഭൗമാന്തരീക്ഷത്തിന്റെ പത്തുകിലോമീറ്ററിലും മുകളിലത്തെ താപനില -40 മുതൽ -60 വരെ ഡിഗ്രി സെൽഷ്യസ് ആണ്. 

ഇതുകാരണം ഈർപ്പം, സ്വാഭാവികമായും മഞ്ഞുകണങ്ങളായി മാറുന്നു. ഈ കാറ്റിന്റെ മുകളിലേക്കുള്ള പ്രവാഹം കുറച്ച് ശമിക്കുന്നതോടുകൂടി, മഞ്ഞുകണങ്ങൾ ഭൂഗുരുത്വാകർഷണത്തിൽ പെട്ട് താഴേക്ക് പതിക്കുന്നു. വലിയ മഞ്ഞുകണങ്ങൾ, കൂടുതൽ ചെറിയ കണങ്ങളാകുന്നു. ഭൂമിയുടെ ഉപരിതലത്തിനടുത്ത് എത്തുമ്പോൾ അന്തരീക്ഷതാപനില ഉയർന്നതായതിനാൽ മഞ്ഞുകണങ്ങൾ ജലത്തുള്ളികളായി മാറുന്നു. ഇത് ശക്തമായ പേമാരിയായി ഭൂമിയിൽ പതിക്കുകയാണ് ചെയ്യുന്നതെന്നാണ് വിദഗ്ധർ പറയുന്നത്.

PREV
click me!

Recommended Stories

മുൻ ചീഫ് ജസ്റ്റിസ് ബി ആ‍ര്‍ ഗവായ്ക്ക് നേരെ ഷൂ എറിഞ്ഞ അഭിഭാഷകനെതിരെ ആക്രമണം, രാകേഷ് കിഷോറിനെ ചെരുപ്പുകൊണ്ട് അടിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത്
എയർ ഇന്ത്യക്കും ആകാസക്കും കോളടിച്ചു! ഇൻഡിഗോക്കെതിരെ കേന്ദ്ര സർക്കാർ നടപടി, 5 % സർവ്വീസുകൾ മറ്റ് വിമാനകമ്പനികൾക്ക് നൽകി