കനത്ത സുരക്ഷയില്‍ അമര്‍നാഥ് തീര്‍ത്ഥാടനത്തിന് തുടക്കമായി

By Web TeamFirst Published Jul 1, 2019, 10:09 AM IST
Highlights

തീര്‍ത്ഥാടന യാത്രയ്ക്ക് നേരെ ഭീകരാക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിൽ വന്‍ സുരക്ഷയാണ് ആഭ്യന്തര മന്ത്രാലയം ഒരുക്കിയിരിക്കുന്നത്. 

ദില്ലി: കനത്ത സുരക്ഷയ്ക്കിടെ, ദക്ഷിണ കശ്മീരിലെ അമർനാഥ് ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടനത്തിന് തുടക്കമായി. ജമ്മു കശ്മീരിൽ ഒരുക്കിയിട്ടുള്ള ബേസ് ക്യാമ്പിൽ നിന്ന് ആദ്യ തീർത്ഥാടക സംഘം യാത്ര ആരംഭിച്ചു. തീര്‍ത്ഥാടന യാത്രയ്ക്ക് നേരെ ഭീകരാക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ വന്‍ സുരക്ഷയാണ് ആഭ്യന്തര മന്ത്രാലയം ഒരുക്കിയിരിക്കുന്നത്. 

അമർനാഥ് യാത്രയ്ക്ക് നേരെ പുല്‍വാമ മാതൃകയിലുള്ള സ്ഫോടനം ഭീകരർ ലക്ഷ്യമിടുന്നുണ്ടെന്നായിരുന്നു കേന്ദ്ര ഇന്റലിജൻസ് നല്‍കിയ മുന്നറിയിപ്പ്. സുരക്ഷ കര്‍ശനമാക്കുന്നതിനായി വിവിധ സുരക്ഷാ സംഘങ്ങളെ വഴിയിൽ ഉടനീളം വിന്യസിച്ചിട്ടുണ്ട്. തീർത്ഥാടകരെ സിആർപിഎഫിന്‍റെ സംഘം ബൈക്കിൽ അനുഗമിക്കുന്നുണ്ട്. ദ്രുതകർമസേനയും സുരക്ഷാ രംഗത്തുണ്ട്. പ്രധാന സ്ഥലങ്ങളിലെല്ലാം സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വാഹനനീക്കം നിരീക്ഷിക്കാൻ ഡ്രോണുകളും റഡാറുകളും ഏർപ്പെടുത്തിയിട്ടുണ്ട്. 

ഈ വർഷം ഒരുലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ അമര്‍നാഥ് യാത്രയില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. ദർശനം നടത്താൻ 1.5 ലക്ഷം തീർത്ഥാടകരാണ് ഇതുവരെ പേര് നൽകിയിട്ടുള്ളത്. കഴിഞ്ഞ വർഷം 2,85,006 തീർത്ഥാടകരാണ് അമർനാഥില്‍ എത്തിയിരുന്നത്. 2017 ൽ അമർനാഥ് യാത്രക്ക് നേരെ നടന്ന ഭീകരാക്രമണത്തിൽ ഏഴ് പേ‍ർ കൊല്ലപ്പെടുകയും 18 പേ‍ർക്ക് പരിക്ക് ഏൽക്കുകയും ചെയ്തിരുന്നു. 

click me!