ഭാര്യയേയും നാലു മക്കളേയും കൊന്ന ആമയൂര്‍ കൊലക്കേസ്; റെജികുമാറിന്റെ വധശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു

Published : Apr 20, 2023, 07:52 PM IST
 ഭാര്യയേയും നാലു മക്കളേയും കൊന്ന ആമയൂര്‍ കൊലക്കേസ്; റെജികുമാറിന്റെ വധശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു

Synopsis

ആമയൂര്‍ കൂട്ടക്കൊലയിൽ പ്രതിയുടെ ശിക്ഷയ്ക്ക് സ്റ്റേ  അനുവദിച്ച് സുപ്രീംകോടതി

ദില്ലി: ആമയൂര്‍ കൂട്ടക്കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട റെജികുമാറിന്റെ വധശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് ഡി വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് സ്റ്റേ ചെയ്തത്. റെജികുമാറിന്റെ മാനസികനില സംബന്ധിച്ച റിപ്പോര്‍ട്ടും കോടതി തേടി. എട്ട് ആഴ്ചയ്ക്കുള്ളില്‍ റിപ്പോർട്ട്  കൈമാറാന്‍ സുപ്രീം കോടതി നിര്‍ദേശം നൽകി. 

റെജികുമാറിന്റെ മാനസികനില വിശകലനം ചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ സൈക്യാട്രി വിഭാഗം മേധാവിയോട് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ മുഖേനെ കൈമാറാനും ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്. വധശിക്ഷയ്ക്ക് എതിരെ റെജികുമാര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ്. നരസിംഹ, ജെ.ബി. പര്‍ഡിവാല എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റെ  ഉത്തരവ്.

റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് കോടതിക്ക് കൈമാറണം. വധശിക്ഷയ്ക്ക് എതിരായ അപ്പീൽ മൂന്ന് മാസത്തിന് ശേഷം പരിഗണിക്കാന്‍ സുപ്രീം കോടതി മാറ്റി. റെജികുമാറിന് വേണ്ടി മുതിർന്ന  അഭിഭാഷകന്‍ ശേഖര്‍ നാഫഡെ, അഭിഭാഷകരായ മുകുന്ദ് പി. ഉണ്ണി, സാക്ഷി ജയിന്‍ എന്നിവര്‍ ഹാജരായി.

Read more: 'വധശിക്ഷ തെറ്റായ നി​ഗമനങ്ങളുടെ അടിസ്ഥാനത്തിൽ'; കേരളത്തെ ഞെട്ടിച്ച കൂട്ടക്കൊലക്കേസിലെ പ്രതി സുപ്രീം കോടതിയിൽ

2008ൽ ആണ് കേരളത്തെ ഞെട്ടിച്ച ആമയൂർ കൂട്ടക്കൊലപാതകം നടന്നത്. കാമുകിയോടൊപ്പം ജീവിക്കാനായി റെജികുമാർ ഭാര്യയേയും നാലു മക്കളേയും കൊലപ്പെടുത്തിയെന്നാണ് കേസ്. ഭാര്യ ലിസി (38), മക്കളായ അമലു (12), അമൽ (10), അമല്യ (എട്ട്), അമന്യ (മൂന്ന്) എന്നിവരാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. ഭാര്യയെയും മക്കളെയും മൂന്നുഘട്ടമായി കഴുത്തിൽമുറുക്കി ശ്വസംമുട്ടിച്ച് കൊലപ്പെടുത്തിയെന്ന് കുറ്റപ്പത്രത്തിൽ പറയുന്നു. ലിസിയുടെ ജഡം സെപ്ടിക് ടാങ്കിലും അമലിന്റെയും അമന്യയുടെയും ജഡങ്ങൾ വീടിനടുത്തെ പൊന്തക്കാട്ടിലും അമലു, അമന്യ എന്നിവരുടെ മൃതദേഹങ്ങൾ വീട്ടിനുള്ളിലുമാണ് കണ്ടെത്തിയത്. 

സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ ‌കോട്ടയത്തു നിന്നാണ് പൊലീസ് അറസ്റ്റു ചെയ്തത്. കൊലപാതകത്തിനു മുമ്പ് മൂത്തമകൾ അമലുവിനെ പ്രതി ബലാത്സംഗം ചെയ്തായും പൊലീസ് കണ്ടെത്തി. പൈശാചികമായ കൊലപാതകങ്ങളാണ്‌  നടത്തിയതെന്നും അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണ്‌ ഇതെന്നും നീരീക്ഷിച്ചാണ് 2009ലാണ് റെജികുമാറിന് പാലക്കാട് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് നടരാജൻ ശിക്ഷ വിധിച്ചത്. പിന്നീട് ഹൈക്കോടതി 2014ൽ കീഴ്ക്കോടതി വിധി ശരിവെച്ചു.

PREV
click me!

Recommended Stories

കേന്ദ്രം കടുപ്പിച്ചു, 610 കോടി റീഫണ്ട് നൽകി ഇൻഡിഗോ! 3,000 ത്തോളം ലഗേജുകളും ഉടമകൾക്ക് കൈമാറി, പ്രതിസന്ധിയിൽ അയവ്
വാൽപ്പാറയിൽ അഞ്ച് വയസ്സുകാരനെ പുലി കടിച്ചുകൊന്ന സംഭവം: ഫെൻസിങ് നടപടികൾ ആരംഭിക്കാൻ നിർദേശം