
ദില്ലി: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ഇന്ത്യ സന്ദർശന വേളയില്‍ പുതിയ ആണവ കരാർ പരിഗണനയിൽ. ആറ് ആണവ റിയാക്ടറുകൾ അമേരിക്കയിൽ നിന്ന് വാങ്ങാൻ പുതിയ കരാർ ഒപ്പുവച്ചേക്കും. ഇന്ത്യ സന്ദർശനത്തിനിടെ വൻ കരാറുകൾക്ക് ശ്രമിക്കുന്നതായി ഡോണൾഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. പുതിയ ആണവകരാറും അതില്‍ ഉള്‍പ്പെടുന്നതാണെന്നാണ് വിവരം.
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും അന്നത്തെ അമേരിക്കന്‍ പ്രസിഡന്‍റ് ജോര്‍ജ് ബുഷും ചേര്‍ന്നാണ് നേരത്തെ ആദ്യ ആണവ കരാര്‍ ഒപ്പുവെച്ചത്. 2006 ലായിരുന്നു ആണവറിയാക്ടറുകള്‍ ഇന്ത്യക്ക് നല്‍കാനുള്ള ആദ്യ കരാര്‍. കരാര്‍ ഒപ്പുവെക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന രാഷ്ട്രീയ കോലാഹലങ്ങള്‍ പിന്നീട് ഇടതുപക്ഷം ഒന്നാം യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നതിലേക്ക് അടക്കം എത്തി. ആണവറിയാക്ടറുകള്‍ ഇന്ത്യക്ക് നല്‍കാനായിരുന്നു അന്നത്തെ കരാരെങ്കിലും യാഥാര്‍ത്ഥ്യമാകുന്നത് പിന്നെയും നീണ്ടുപോയി. ആ സാഹചര്യത്തിലാണ് ആറ് റിയാക്ടറുകള്‍ കൈമാറുന്നതിനുള്ള പുതിയ ഒരു കരാറിലേക്ക് ഇന്ത്യയും അമേരിക്കയും എത്തുന്നതെന്നാണ് വിവരം.
ഞായറാഴ്ച ഇന്ത്യയിലേക്ക് എത്തുന്ന അമേരിക്കന്‍ പ്രസിഡന്‍റിന് ഒപ്പം ഭാര്യ മെലാനിയ ട്രംപ്, മരുമകൻ ജാറദ് കഷ്നർ മകൾ ഇവാങ്ക എന്നിവരും ഉണ്ടാകും. ദില്ലിയിലെ സർക്കാർ സ്കൂൾ മെലാനിയ സന്ദർശിക്കും. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, വിദ്യാഭ്യാസമന്ത്രി മനീഷ് സിസോദിയ എന്നിവരെ മെലാനിയ കാണുമെന്നാണ് റിപ്പോർട്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam