'അമേരിക്ക തെറ്റുതിരുത്തി, ബൈ ബൈ പറഞ്ഞു, ഇന്ത്യക്കാര്‍ക്ക് പാഠമാണ്'; 'നമസ്‌തേ ട്രംപി'നെ പരിഹസിച്ച് ശിവസേന

By Web TeamFirst Published Nov 9, 2020, 3:24 PM IST
Highlights

''നാല് വര്‍ഷം മുമ്പ് ചെയ്ത തെറ്റ് അമേരിക്കന്‍ ജനത തിരുത്തി. ട്രംപിന് ഒരു വാഗ്ദാനം പോലും പാലിക്കാനിയില്ല. ട്രംപിന്റെ തോല്‍വിയില്‍ നിന്ന് നമുക്ക് എന്തെങ്കിലും പഠിക്കാന്‍ കഴിഞ്ഞാല്‍ നന്നായിരിക്കും''
 

മുംബൈ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വീഴ്ചയില്‍ ഇന്ത്യക്കാര്‍ പഠിക്കുന്നത് നല്ലതായിരിക്കുമെന്ന് ശിവസേന. അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനെ ഓര്‍മ്മിപ്പിച്ചായിരുന്നു പ്രസ്താവന. അമേരിക്കന്‍ പ്രസിഡന്റ് പദവി ട്രംപ് ഒരിക്കലും അര്‍ഹിക്കുന്നില്ലെന്നും ശിവസേനയുടെ മുഖപത്രമായ സാംനയിലെഴുതിയ ലേഖനത്തിലൂടെ പാര്‍ട്ടി വ്യക്തമാക്കി.

''നാല് വര്‍ഷം മുമ്പ് ചെയ്ത തെറ്റ് അമേരിക്കന്‍ ജനത തിരുത്തി. ട്രംപിന് ഒരു വാഗ്ദാനം പോലും പാലിക്കാനിയില്ല. ട്രംപിന്റെ തോല്‍വിയില്‍ നിന്ന് നമുക്ക് എന്തെങ്കിലും പഠിക്കാന്‍ കഴിഞ്ഞാല്‍ നന്നായിരിക്കും'' - ശിവസേന പറഞ്ഞു. 

കൊവിഡിനേക്കാള്‍ അമേരിക്കയെ ബാധിച്ചിരിക്കുന്നത് തൊഴിലില്ലായ്മയാണ്. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് പകരം ബുദ്ധിശൂന്യമായ പരിഹാസങ്ങള്‍ക്കും അലഞ്ഞുനടക്കുന്നതിനുമാണ് ട്രംപ് സമയം കണ്ടെത്തിയത്. അമേരിക്കയില്‍ അധികാരമാറ്റം ഉണ്ടായിരിക്കുന്നു. ബിഹാര്‍ തെരഞ്ഞെടുപ്പില്‍  നിതീഷ് കുമാര്‍ നയിക്കുന്ന എന്‍ഡിഎ മുന്നണി പരാജയപ്പെടുമെന്നും ശിവസേന പറഞ്ഞു. 

'' ട്രംപ് തെരഞ്ഞെടുപ്പ് അംഗീകരിക്കില്ല, പകരം വോട്ടില്‍ കൃത്രിമം നടന്നുവെന്ന് ആരോപിച്ചുകൊണ്ടിരിക്കും. എങ്ങനെയാണ് ട്രംപിനെ നമ്മുടെ രാജ്യം സ്വീകരിച്ചതെന്ന് മറക്കരുത്. നമ്മുടെ സംസ്‌കാരം അതല്ല, എന്നിട്ടും അത് സംഭവിച്ചു. '' - ലേഖനത്തില്‍ പറയുന്നു. 

കമല ഹാരിസ് അമേരിക്കന്‍ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ട്രംപ് അവരെ അംഗീകരിക്കുന്നില്ല, പകരം അവരുടെ നേട്ടങ്ങളെ അപഹസിക്കുന്നു. ട്രംപിന് ഒരിക്കലും സ്ത്രീകളെ ബഹുമാനിക്കില്ല, അങ്ങനെ ഒരാളെയാണ് നമ്മുടെ പ്രധാനമന്ത്രിയും ബിജെപിയും പിന്തുണയ്ക്കുന്നതെന്നും ശിവസേന കൂട്ടിച്ചേര്‍ത്തു. 

ഇന്ത്യ എങ്ങനെ നമസ്‌തേ ട്രംപ് എന്ന പരിപാടി നടത്തിയാലും ബുദ്ധിശാലികളായ അമേരിക്കക്കാര്‍ ട്രംപിനോട് ബൈ ബൈ പറഞ്ഞുവെന്നും ശിവസേന ലേഖനത്തില്‍ കുറിച്ചു. 

click me!