AK203 : അമേത്തി ഇനി പഴയ അമേത്തിയല്ല; എകെ 203 തോക്കുകളുടെ ഫാക്ടറി

By Web TeamFirst Published Nov 23, 2021, 10:30 PM IST
Highlights

റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായാണ് ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തത്. ഇന്ത്യന്‍ കരസേനക്ക് വേണ്ടിയാണ് അമേത്തിയിലെ ഒരു യൂണിറ്റില്‍ 6 ലക്ഷം എകെ 203 തോക്കുകള്‍ നിര്‍മ്മിക്കുന്നത്.
 

അമേത്തി(Amethi): എകെ 203 (AK203) തോക്കുകള്‍ (Rifles) ഇനി ഉത്തര്‍പ്രദേശിലെ അമേത്തിയില്‍ (Amethi) നിര്‍മ്മിക്കും. പ്രതിരോധ മന്ത്രാലയവും (MoD) റഷ്യന്‍ (Russia) സര്‍ക്കാറും തമ്മില്‍ ആറ് ലക്ഷം എകെ 203 തോക്കുകള്‍ അമേത്തിയിലെ പുതിയ ഫാക്ടറിയില്‍ നിര്‍മ്മിക്കാന്‍ ധാരണയായി. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ (Vladimir Putin) സന്ദര്‍ശനത്തിന് മുന്നോടിയായാണ് ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തത്. ഇന്ത്യന്‍ കരസേനക്ക് വേണ്ടിയാണ് അമേത്തിയിലെ ഒരു യൂണിറ്റില്‍ 6 ലക്ഷം എകെ 203 തോക്കുകള്‍ നിര്‍മ്മിക്കുന്നത്. കലാഷ്നിക്കോവ് റൈഫിള്‍ (Kalashnikov rifles) കുടുംബത്തിന്റെ ഭാഗമായ എകെ 47ന്റെ ഒരു മറ്റൊരു പതിപ്പാണ് എകെ 203. ഇന്ത്യന്‍ കരസേനാംഗങ്ങളുടെ ഇന്‍സാസ് റൈഫിളിന് പകരമാണ് എകെ 203 നല്‍കുക.


ഇന്ത്യയും റഷ്യയും തമ്മിലുള്ള കരാര്‍ പ്രകാരം 6,01,427 എകെ 203 തോക്കുകളാണ് അമേത്തിയിലെ പുതിയ ഫാക്ടറിയില്‍ നിര്‍മിക്കുക. സാങ്കേതിക വിദ്യ കൈമാറുന്നതിന്റെ ഭാഗമായി ആദ്യത്തെ 70,000 റൈഫിളുകളില്‍ റഷ്യന്‍ നിര്‍മിത ഘടകങ്ങള്‍ ഉപയോഗിക്കും. കലാഷ്‌നിക്കോവ് തോക്കുകളുടെ ഏറ്റവും വലിയ ഉപയോക്താക്കളിലൊന്നാണ് ഇന്ത്യന്‍ സൈന്യം. നിര്‍മ്മാണം തുടങ്ങി 32 മാസങ്ങള്‍ക്ക് ശേഷം 70,000 റൈഫിളുകള്‍ ഇന്ത്യന്‍ സൈന്യത്തിന് കൈമാറും. അടുത്ത വര്‍ഷത്തോടെ നിര്‍മ്മാണം ആരംഭിക്കാനാണ് പദ്ധതി. 

ഫയര്‍ കൃത്യതയും ബാരല്‍ ആയുസ്സുമാണ് എകെ 203 തോക്കുകളുടെ പ്രധാന സവിഷേഷതയെന്ന് റഷ്യന്‍ ആയുധ കയറ്റുമതി ഏജന്‍സി പറയുന്നു. അത്യാധുനിക ശൈലിയിലുള്ള രൂപകല്‍പ്പനയും സാങ്കേതിക വിദ്യയും തോക്കിന്റെ പ്രത്യേകതയാണ്. മടക്കാനും നിയന്ത്രിക്കാനും സാധിക്കുന്ന ബട്ട് സ്റ്റോക്, പിസ്റ്റള്‍ ഗ്രിപ് എന്നിവയാണ് മറ്റ് തോക്കുകളില്‍ നിന്ന് എകെ 203നെ വ്യത്യസ്തമാക്കുന്നത്. 

tags
click me!