ചെറിയ മൂല്യമുള്ള നോട്ടുകളുടെ ക്ഷാമം പരിഹരിക്കാൻ രാജ്യത്ത് ഹൈബ്രിഡ് എടിഎമ്മുകൾ സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. 500 രൂപ പോലുള്ള വലിയ നോട്ടുകൾക്ക് പകരം 10, 20, 50 രൂപയുടെ നോട്ടുകളും നാണയങ്ങളും ഈ എടിഎമ്മുകൾ വഴി ലഭ്യമാക്കും. 

ദില്ലി: ഡിജിറ്റലൈസേഷനും യുപിഐയും മൂലം ചെറിയ മൂല്യമുള്ള നോട്ടുകളുടെയും നാണയങ്ങളുടെയും ക്ഷാമം പരിഹരിക്കുന്നതിനായി രാജ്യത്തുടനീളം തിരക്ക് കൂടുതലുള്ള സ്ഥലങ്ങളിൽ ഹൈബ്രിഡ് എടിഎമ്മുകൾ സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ പദ്ധതി. പുതിയ ഓട്ടോമേറ്റഡ് ടെല്ലർ മെഷീനുകൾ ഉപയോഗിച്ച് നിങ്ങളുടെ 500 രൂപ നോട്ടുകൾക്ക് പകരം ആവശ്യാനുസരണം 10, 20, 50 രൂപ പോലുള്ള ചെറിയ നോട്ടുകളും നാണയങ്ങളും മാറ്റി നൽകുന്നതായിരിക്കും സംവിധാനമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദി മിന്റ് റിപ്പോർട്ട് ചെയ്തു. ഒരു പൈലറ്റ് പ്രോജക്റ്റായി മുംബൈയിൽ പദ്ധതി പരീക്ഷിച്ചുവരികയാണ്. മുംബൈയിൽ ഒരു പൈലറ്റ് പ്രോജക്ടിന്റെ ഭാഗമായി കുറഞ്ഞ മൂല്യമുള്ള കറൻസി വിതരണ യന്ത്രങ്ങളുടെ ഒരു പ്രോട്ടോടൈപ്പ് നിലവിൽ പരീക്ഷിച്ചുവരികയാണെന്നും അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ, ഈ സംവിധാനം ദേശീയതലത്തിൽ വ്യാപിപ്പിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ഗതാഗത കേന്ദ്രങ്ങൾ, മാർക്കറ്റുകൾ, ആശുപത്രികൾ, സർക്കാർ ഓഫീസുകൾ തുടങ്ങിയ സ്ഥലങ്ങളിലായിരിക്കും എടിഎമ്മുകൾ സ്ഥാപിക്കുക. ഈ നടപടി ചെറിയ മൂല്യമുള്ള കറൻസി നോട്ടുകൾ അച്ചടിക്കാൻ റിസർവ് ബാങ്കിനെ പ്രേരിപ്പിക്കുമെന്ന് വൃത്തങ്ങൾ പറഞ്ഞു.

നിലവിൽ ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ളത് 500 രൂപ നോട്ടുകളാണ്. ദൈനംദിന ഇടപാടുകളിൽ ഉയർന്ന മൂല്യമുള്ള നോട്ടുകൾക്ക് പകരമായി ചില്ലറ നൽകാൻ കടയുടമകളും പൊതുഗതാഗത തൊഴിലാളികളും ബുദ്ധിമുട്ടുകൾ നേരിടാറുണ്ട്. ചെറുപട്ടണ പ്രദേശങ്ങൾ ഇപ്പോഴും കറൻസി നോട്ടുകളെ ആശ്രയിക്കുന്നതിനാൽ, ഈ നീക്കം സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം, മതിയായ വിതരണമില്ലെങ്കിൽ മെഷീനുകൾക്ക് മാത്രം പ്രശ്നം പരിഹരിക്കാൻ കഴിയില്ലെന്ന് ആശങ്കയുണ്ട്. ചെറിയ നോട്ടുകളുടെ അച്ചടി, ലോജിസ്റ്റിക്സ്, പുനഃചംക്രമണം എന്നിവ സമാന്തരമായി വർദ്ധിപ്പിക്കേണ്ടതുണ്ടെന്നും പറയുന്നു.