കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനായി ഗോവയും ആന്ധ്രാപ്രദേശും സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങുന്നു. ഓസ്‌ട്രേലിയൻ മാതൃകയിൽ 16 വയസിന് താഴെയുള്ളവർക്ക് വിലക്ക് ഏർപ്പെടുത്താനാണ് നീക്കം.
പനജി/അമരാവതി: കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനായി സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന നിയന്ത്രണമേർപ്പെടുത്താൻ ഗോവയും ആന്ധ്രാപ്രദേശും ഒരുങ്ങുന്നു. ഓസ്‌ട്രേലിയ നടപ്പിലാക്കിയ മാതൃകയിൽ 16 വയസിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതിന് നിയമപരമായ വിലക്ക് ഏർപ്പെടുത്താനാണ് ഇരു സംസ്ഥാനങ്ങളുടെയും നീക്കം. രാജ്യത്ത് നൂറ് കോടിയിലധികം ഇന്‍റർനെറ്റ് ഉപഭോക്താക്കളുണ്ടെങ്കിലും, പ്രായപൂർത്തിയാകാത്തവരുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിലവിൽ ദേശീയ തലത്തിൽ നിയന്ത്രണങ്ങളൊന്നുമില്ലാത്ത സാഹചര്യത്തിലാണ് ഈ നീക്കം ശ്രദ്ധേയമാകുന്നത്.
ഓസ്ട്രേലിയൻ നിയമം
ഓസ്‌ട്രേലിയയുടെ പുതിയ നിയമം എങ്ങനെയാണ് നടപ്പിലാക്കുന്നതെന്നും അതിന്‍റെ പ്രായോഗികതയും പഠിച്ചു വരികയാണെന്ന് ഗോവ ഐടി മന്ത്രി രോഹൻ ഖൗണ്ടെ അറിയിച്ചു. കുട്ടികൾ മൊബൈൽ ഫോണിനും സോഷ്യൽ മീഡിയയ്ക്കും അമിതമായി അടിമപ്പെടുന്നത് അവരുടെ വിദ്യാഭ്യാസത്തെയും സാമൂഹിക ബന്ധങ്ങളെയും ബാധിക്കുന്നതായി രക്ഷിതാക്കളിൽ നിന്ന് വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ ഇത്തരമൊരു ആലോചന നടത്തിയത്. സമാനമായ രീതിയിൽ ആന്ധ്രാപ്രദേശും ഈ നീക്കത്തെക്കുറിച്ച് പഠിക്കാൻ ഉന്നതാധികാര സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഒരു മാസത്തിനകം സമിതി റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് ആന്ധ്ര ഐടി മന്ത്രി നര ലോകേഷ് വ്യക്തമാക്കിയത്.
മെറ്റാ (ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം), ഗൂഗിൾ (യൂട്യൂബ്), എക്‌സ് തുടങ്ങിയ ആഗോള ടെക് ഭീമന്മാരുടെ പ്രധാന വിപണികളിലൊന്നാണ് ഇന്ത്യ. കുട്ടികളുടെ സുരക്ഷ മുൻനിർത്തിയുള്ള നിയമങ്ങളെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും, ഇത്തരം വിലക്കുകൾ കുട്ടികളെ സുരക്ഷിതമല്ലാത്ത മറ്റ് പ്ലാറ്റ്‌ഫോമുകളിലേക്ക് നയിക്കാൻ സാധ്യതയുണ്ടെന്ന് മെറ്റാ പ്രതികരിച്ചു. കുട്ടികൾ ഒരേസമയം നിരവധി ആപ്പുകൾ ഉപയോഗിക്കുന്നതിനാൽ ഏതാനും കമ്പനികളെ മാത്രം ലക്ഷ്യം വെക്കുന്നത് പൂർണ്ണമായ പരിഹാരമാകില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ വർഷമാണ് 16 വയസിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്കി ഓസ്‌ട്രേലിയ ചരിത്രം കുറിച്ചത്. നിയമം നടപ്പിലാക്കിയ ആദ്യ മാസത്തിൽ തന്നെ ഏകദേശം 47 ലക്ഷം അക്കൗണ്ടുകളാണ് ഓസ്‌ട്രേലിയയിൽ റദ്ദാക്കിയത്. ഫ്രാൻസ്, ഇൻഡോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളും ഓസ്‌ട്രേലിയൻ മാതൃക പിന്തുടരാൻ ആലോചിക്കുന്നുണ്ട്. ഇന്ത്യയിൽ ഗോവയും ആന്ധ്രയും ഈ പാത സ്വീകരിക്കുന്നത് മറ്റ് സംസ്ഥാനങ്ങളെയും സമാനമായ തീരുമാനത്തിലേക്ക് നയിച്ചേക്കാം.


