വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടെ ജെഇഇ പ്രവേശന പരീക്ഷകൾക്ക് തുടക്കമായി

By Web TeamFirst Published Sep 1, 2020, 8:52 PM IST
Highlights

വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടെ ജെഇഇ പ്രവേശന പരീക്ഷകൾക്ക് തുടക്കമായി. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് ഇത്തവണ പരീക്ഷ നടത്തുന്നത്.

ദില്ലി: വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടെ ജെഇഇ പ്രവേശന പരീക്ഷകൾക്ക് തുടക്കമായി. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് ഇത്തവണ പരീക്ഷ നടത്തുന്നത്. 13 പ്രധാന കേന്ദ്രങ്ങളിലായി അമ്പതിനായിരത്തോളം മലയാളി വിദ്യാർത്ഥികൾ പരീക്ഷയെഴുതി.

കൊവിഡ് വ്യാപനത്തോടെ നേരത്തെ രണ്ടുതവണ മാറ്റിവച്ച പരീക്ഷകളാണ് വീണ്ടും തുടങ്ങിയത്. 660 കേന്ദ്രങ്ങളിലായി എട്ടരലക്ഷം വിദ്യാർത്ഥികളാണ് ദേശീയതലത്തിൽ പരീക്ഷ എഴുതുന്നത്. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് പരീക്ഷാ നടത്തിവരുന്നത്.

തെർമൽ സ്കാനിങ്, സാനിറ്റൈസർ, മാസ്ക്ക് അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഒരു റൂമിൽ പരമാവധി 24 പേർക്കാണ് പ്രവേശനം. സാമൂഹിക അകലം ഉറപ്പാക്കിയാണ് സീറ്റുകളുടെ ക്രമീകരണം. രാവിലേയും വൈകുന്നേരവുമായി ഒരു ദിവസം രണ്ട് പരീക്ഷയാണ് നടക്കുന്നത്. വിദ്യാർത്ഥികൾ പരീക്ഷാ ഹാളിൽ പ്രവേശിക്കുന്നതിന് മുമ്പ് കമ്പ്യൂട്ടറും ബെഞ്ചു ഡസ്ക്കുമടക്കം അണു വിമുക്തമാക്കുന്നുണ്ട്. പരീക്ഷാർത്ഥികൾക്ക് സാനിറ്റൈസർ കൈവശം വെക്കാനും അനുമതിയുണ്ട്.

നേരത്തെ പരീക്ഷ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികളും രാഷ്ട്രീയ പാർട്ടികളും പ്രതിഷേധം നടത്തിയിരുന്നു. ഇതേ ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള ഹർജികൾ സുപ്രീംകോടതി തള്ളിയതോടെയാണ് കേന്ദ്രസർക്കാർ പരീക്ഷാ നടപടികൾക്ക് തുടക്കം കുറിച്ചത്.

click me!