
ദില്ലി: ചൈനീസ് അതിർത്തിയിൽ വീണ്ടും സംഘർഷം. തുടർച്ചയായ രണ്ടാം ദിവസവും ചൈനീസ് സേനയുടെ പ്രകോപനം ഇന്ത്യ ചെറുത്തെന്ന വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ധാരണകൾ ലംഘിച്ച് പെരുമാറുന്ന ചൈനീസ് സേനയെ നിയന്ത്രിച്ചു നിറുത്തണമെന്ന് ഇന്ത്യ ശക്തമായി ആവശ്യപ്പെട്ടു.
പാങ്കോംഗ് തടാകത്തിൻറെ തെക്കൻ തീരത്ത് ശനിയാഴ്ച രാത്രി ചൈന കൈയ്യേറ്റത്തിന് ശ്രമിച്ചിരുന്നു. തൽസ്ഥിതി മാറ്റാനുള്ള ചൈനീസ് നീക്കം ശക്തമായി ഇന്ത്യ ചെറുത്തു. മാത്രമല്ല ചൈന കണ്ണു വച്ച മലനിരകളിൽ ഇന്ത്യ സേനയെ എത്തിച്ചു എന്നാണ് വാർത്താ ഏജൻസിയുടെ റിപ്പോർട്ട്. സംഘർഷം തണുപ്പിക്കാൻ ബ്രിഗേഡ് കമാൻഡർമാർക്കിടയിലെ ചർച്ച നടക്കുമ്പോഴാണ് ഇന്നലെ വീണ്ടും ചൈന പ്രകോപനത്തിന് ശ്രമിച്ചതെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യൻ സേനയുള്ള സ്ഥലത്തേക്ക് വന്ന് ഒഴിപ്പിക്കാനുള്ള ചൈനീസ് നീക്കം ഇന്ത്യ തടഞ്ഞു. നിയന്ത്രണരേഖ ലംഘിക്കാനുള്ള നീക്കമാണ് ചൈന നടത്തിയതെന്ന് ഇന്ത്യ കുറ്റപ്പെടുത്തി. ധാരണകൾ ലംഘിച്ചുള്ള പെരുമാറ്റമാണ് ഈ വർഷം ആദ്യം മുതൽ ചൈന നടത്തുന്നത് എന്ന് ഇന്ത്യ തുറന്നടിച്ചു. നയതന്ത്രതലത്തിലും സൈനിക തലത്തിലും പ്രതിഷേധം അറിയിച്ചു എന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
കരസേനയുടെ മറുനീക്കം ചൈനയെ ഞെട്ടിച്ചെന്നാണ് സൂചന. കൈയ്യേറിയത് ഇന്ത്യയെന്നാണ് ചൈന ഇപ്പോൾ ആരോപിക്കുന്നത്. യഥാർഥ നിയന്ത്രണരേഖ ഇന്ത്യ കടന്നു എന്ന് ദില്ലിയിലെ ചൈനീസ് എംബസി വക്താവ് പ്രസ്താവനയിൽ പറഞ്ഞു. അതിർത്തിയിലെ സമാധാന അന്തരീക്ഷത്തെ ഈ നീക്കം ബാധിക്കുമെന്ന മുന്നറിയിപ്പുമുണ്ട്. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് സ്ഥിതി വിലയിരുത്തി. ബ്രിഗേഡ് കമാൻഡർ തലത്തിലെ ചർച്ചകൾ ഇന്നും തുടർന്നെങ്കിലും പ്രശ്നപരിഹാരമുള്ളതായി സൂചനയില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam