
കോയമ്പത്തൂര്‍: കൊവിഡ് 19 വ്യാപനം തടയാനായി രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക്ഡൌണിന് പിന്നാലെ സാധനങ്ങള്‍ക്ക് വില കുത്തനെ കൂടിയിരുന്നു. എന്നാല്‍ പലചരക്ക് സാധനങ്ങള്‍ക്ക് അടക്കം വിലകൂടിയിട്ടും ഇഡ്ഡലി വിലയില്‍ കുറവ് വരുത്താതെ കോയമ്പത്തൂരിന്‍റെ സ്വന്തം ഇഡ്ഡലി പാട്ടി. കോയമ്പത്തൂരിലെ അലന്തുറെയിലുള്ള വടിവേലം പാളയത്താണ് ഇഡ്ഡലി പാട്ടിയെന്ന പേരില്‍ അറിയപ്പെടുന്ന എം കമലതാള്‍. ഒരു ഇഡ്ഡലിക്ക് ഒരുരൂപ നിരക്കില്‍ വില്‍പന തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ സ്വന്തം വീടുകളിലേക്ക് മടങ്ങാനാവാതെ കുടുങ്ങിപ്പോയവര്‍ക്കാണ് ഇഡ്ഡലി പാട്ടി ഭക്ഷണം വിളമ്പുന്നത്.
ഉഴുന്നിന്‍റേയും വറുത്ത പരിപ്പിന്‍റേയും വില 100, 150ഉം ആയി. മുളകിനും അരിക്കും വില കൂടിയെന്നും അറിയാം. എന്നാലും കഷ്ടപ്പാടിന്‍റെ ഈ കാലത്ത് താന്‍ ഇഡ്ഡലിക്ക് വില കൂട്ടില്ലെന്ന് കമലതാള്‍ പറയുന്നു. 300ഓളം പേരാണ് ഇഡ്ഡലി ഇവിടെ നിന്ന് വാങ്ങുന്നത്. കൊവിഡ് കാലത്ത് ഇഡ്ഡലി വാങ്ങാനെത്തുന്നവര്‍ക്ക് സാമൂഹ്യ അകലം പാലിക്കാന്‍ പാര്‍സല്‍ നല്‍കാനാണ് കമലതാളിന് താല്‍പര്യം. മൂന്ന് ദശാബ്ദത്തിലേറെയായി ഒരു രൂപയ്ക്കാണ് കമലതാള്‍ ഇഡ്ഡലി വില്‍ക്കുന്നത്.
സാഹചര്യങ്ങള്‍ അറിയാവുന്ന ചിലര്‍ പലചരക്ക് സാധനങ്ങളും പച്ചക്കറിയും വാങ്ങി നല്‍കാറുണ്ടെന്നും ഇഡ്ഡലി പാട്ടി പറയുന്നു. ഈ സമയത്തും തന്നെ സഹായിക്കാനായി നിരവധിപ്പേരെത്തുന്നുണ്ടെന്നാണ് കമലതാള്‍ ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചത്. ശനിയാഴ്ച വൈകീട്ട് ഡിഎംകെ പ്രസിഡന്‍റ് എം കെ സ്റ്റാലില്‍ വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിച്ചതിന്‍റെ സന്തോഷവും ഇവര്‍ പങ്കുവയ്ക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam