ക‍ർഷക സംഘർഷം: മരിച്ചയാൾക്ക് വെടിയേറ്റിട്ടില്ലെന്ന് യുപി പൊലീസ്, അമിത് ഷായ്ക്കെതിരെ കോൺ​ഗ്രസ്

By Web TeamFirst Published Jan 27, 2021, 5:30 PM IST
Highlights

ദില്ലി സംഘ‍ർഷത്തിൽ കേന്ദ്രസ‍ർക്കാരിനെതിരെ വിമർശനവുമായി ആം ആദ്മി പാ‍ർട്ടിയും രം​ഗത്ത് എത്തിയിട്ടുണ്ട്. ആക്രമണത്തിൻ്റെ ഉത്തരവാദിത്തം കേന്ദ്രസ‍ർക്കാരിനാണെന്ന് ആം ആദ്മി പാ‍ർട്ടി കുറ്റപ്പെടുത്തി. 

ദില്ലി: റിപബ്ളിക് ദിനത്തിൽ ദില്ലിയിൽ ക‍ർഷകസംഘടനകൾ നടത്തിയ ട്രാക്ട‍ർ പരേഡിനിടെയുണ്ടായ സംഘ‍ർഷത്തിൽ കൊല്ലപ്പെട്ടയാൾക്ക് വെടിയേറ്റിട്ടില്ലെന്ന് ഉത്ത‍ർ പ്രദേശ് പൊലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ടയാളുടെ പോസ്റ്റ്മോ‍‍ർട്ടം റിപ്പോ‍ർട്ട് പ്രകാരം ട്രാക്ട‍ർ മറിഞ്ഞാണ് മരണമെന്ന് സ്ഥിരീകരിച്ചതായും യുപി പൊലീസ് അറിയിച്ചു. ക‍ർഷക പ്രക്ഷോഭത്തിനിടെ പൊലീസ് നടത്തിയ വെടിവെപ്പിലാണ് ക‍ർഷകൻ മരിച്ചതെന്ന ആരോപണം ഉയ‍ർന്നിരുന്നു. 

ദില്ലി സംഘ‍ർഷത്തിൽ കേന്ദ്രസ‍ർക്കാരിനെതിരെ വിമർശനവുമായി ആം ആദ്മി പാ‍ർട്ടിയും രം​ഗത്ത് എത്തിയിട്ടുണ്ട്. ആക്രമണത്തിൻ്റെ ഉത്തരവാദിത്തം കേന്ദ്രസ‍ർക്കാരിനാണെന്ന് ആം ആദ്മി പാ‍ർട്ടി കുറ്റപ്പെടുത്തി. ക‍ർഷകരുടെ ആവശ്യങ്ങൾ കേൾക്കാൻ കേന്ദ്രസർക്കാർ തയ്യാറായില്ലെന്നും സംഘർഷത്തിൽ നേരിട്ട് പങ്കെടുത്ത ദീപ് സിന്ധുവിന് ബിജെപി ബന്ധമുണ്ടെന്നും ആം ആദ്മി ആരോപിച്ചു. 

അതേസമയം ക‍ർഷക സമരത്തിനിടെയുണ്ടായ സംഘ‍ർഷത്തിൻ്റെ ഉത്തരവാദിത്തമേറ്റെടുത്ത് ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്ന് കോൺ​ഗ്രസ് ആവശ്യപ്പെട്ടു. രാജ്യതലസ്ഥാനത്ത് ക്രമസമാധാനം ഉറപ്പാക്കുന്നതിൽ അമിത് ഷാ പരാജയപ്പെട്ടെന്നും ചെങ്കോട്ടയിൽ സമരക്കാ‍ർ കയറിയപ്പോൾ പൊലീസ് നോക്കി നിന്നുവെന്നും കോൺ​ഗ്രസ് വക്താവ് രൺദീപ് സിം​ഗ് സുർജെവാല കുറ്റപ്പെടുത്തി. 

കർഷകരുടെ സമരം സമാധാനപരമായിരുന്നു. സമരം എങ്ങനെ  അക്രമാസക്തമായി എന്നു പരിശോധിക്കണം. സമരക്കാരരെ മാറ്റാൻ സർക്കാർ ഗൂഢാലോചന നടത്തി. കർഷകർകർക്ക് നേരെ ലാത്തി ചാർജ് നടത്തി, കണ്ണീർവാതകം പ്രയോഗിച്ചു. ചെങ്കോട്ടയിലെ സംഭവങ്ങളിൽ ഗുരുതര സുരക്ഷ വീഴ്ചയാണ് സംഭവിച്ചത്. അമിത് ഷായും ഇൻറലിജൻസും ഉറങ്ങുകയായിരുന്നോവെന്നും ഒരു ദിവസം പോലും കേന്ദ്ര ആഭ്യന്തര മന്ത്രിയായി തുടരാൻ അമിത് ഷായ്ക്ക്  അർഹതയില്ലെന്നും രൺദീപ് സു‍ർജെവാല പറഞ്ഞു.  കർഷകരെ മോശമായി ചിത്രീകരിക്കാനുള്ള ഗൂഢാലോചനയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പങ്കുണ്ടെന്നും കർഷകരെ അക്രമകാരികളായി ചിത്രീകരിച്ച് സമരം പൊളിക്കുകയായിരുന്നു പദ്ധതിയെന്നും അദ്ദേഹം ആരോപിച്ചു. 

click me!