'തൃപ്തി പോര'; കേരളവും ബംഗാളും പിടിക്കാതെ പാര്‍ട്ടി ഉന്നതിയിലെത്തില്ലെന്ന് അമിത് ഷാ

By Web TeamFirst Published Jun 13, 2019, 7:05 PM IST
Highlights

ലോക്സഭയിലേക്ക് വലിയ വിജയം നേടിയെങ്കിലും കേരളത്തിലും ബംഗാളിലും സര്‍ക്കാര്‍ രൂപീകരിക്കുന്നതുവരെ പാര്‍ട്ടി ഉന്നതിയിലെത്തില്ലെന്ന് ദില്ലിയിൽ തുടങ്ങിയ ഭാരവാഹി യോഗത്തിൽ ബിജെപി അധ്യക്ഷൻ അമിത്ഷാ. 

ദില്ലി: ലോക്സഭയിലേക്ക് വലിയ വിജയം നേടിയെങ്കിലും കേരളത്തിലും ബംഗാളിലും സര്‍ക്കാര്‍ രൂപീകരിക്കുന്നതുവരെ പാര്‍ട്ടി ഉന്നതിയിലെത്തില്ലെന്ന് ദില്ലിയിൽ തുടങ്ങിയ ഭാരവാഹി യോഗത്തിൽ ബിജെപി അധ്യക്ഷൻ അമിത്ഷാ. ലോക്സഭ തെരഞ്ഞെടുപ്പിൽ നേടിയ വിജയത്തിനൊപ്പം എല്ലായിടത്തും പാര്‍ടിക്ക് വളരാനായിട്ടില്ല. എല്ലാ വിഭാഗങ്ങളിലും പാര്‍ടിക്ക് വളര്‍ച്ച ഉണ്ടാകണം.

303 സീറ്റിന്‍റെ ചരിത്ര വിജയം കൈവരിച്ചപ്പോഴും കേരളം ഉൾപ്പടെയുള്ള ദക്ഷണേന്ത്യൻ സംസ്ഥാനങ്ങളിലും പശ്ചിമബംഗാളിലുമൊന്നും പാര്‍ടിക്ക് വളര്‍ച്ച ഉണ്ടായില്ലെന്നും കേരളത്തിലും ബംഗാളിലും സര്‍ക്കാരുണ്ടാക്കാൻ ബി.ജെ.പിക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മഹാരാഷ്ട്ര, ഹരിയാന ഉൾപ്പടെ ഈ വര്‍ഷം നടക്കാനിരിക്കുന്ന നാല് സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ ബിജെപിയെ അമിത്ഷാ തന്നെ നയിക്കും. ഒരാൾക്ക് ഒരു പദവി എന്നതാണ് കീഴ്വഴക്കമെങ്കിലും സംഘടന തെരഞ്ഞെടുപ്പിന് ശേഷമേ ബിജെപിയിൽ തൽക്കാലം നേതൃമാറ്റം ഉണ്ടാകൂ.

രണ്ട് തവണ അധ്യക്ഷനായ അമിത് ഷായുടെ കാലാവധി കഴിഞ്ഞ മാര്‍ച്ചിൽ അവസാനിച്ചതാണ്. ലോക്സഭ തെരഞ്ഞെടുപ്പ് കണക്കിലെടുത്താണ് കാലാവധി നീട്ടിയത്.  ഇനി സംഘടന തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്ന ഡിസംബര്‍ വരെയാകും അമിത് ഷാ  തുടരുക.

സംഘടന തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി അംഗത്വ വിതരണ  സമിതിയുടെ കണ്‍വീനറായി ശിവരാജ് സിംഗ് ചൗഹാനെ നിയമിച്ചു. ശോഭ സുരേന്ദ്രൻ ഉൾപ്പെടെ നാല് സഹ കണ്‍വീനര്‍മാരും സമിതിയിൽ ഉണ്ടാകും.

click me!