കുഞ്ഞാലിക്കുട്ടി സംസാരിക്കുന്നത് കശ്മീരിനായല്ല, മറ്റാര്‍ക്കോ വേണ്ടി: അമിത് ഷാ

By Web TeamFirst Published Aug 6, 2019, 7:14 PM IST
Highlights

കുട്ടി സാഹിബ് താങ്കള്‍  ആര്‍ക്ക് വേണ്ടിയാണ് സംസാരിക്കുന്നത്. അവിടെ മുസ്ലീങ്ങള്‍ മാത്രമാണോ ജീവിക്കുന്നത് കശ്മീരിലെ ന്യൂനപക്ഷം എന്നു പറയുന്നത് സിഖുമതസ്ഥരാണ്. അവരുടെ എന്ത് അവകാശമാണ് കവര്‍ന്നെടുക്കാന്‍ പോകുന്നത്. 

ദില്ലി: കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും അതില്‍ യാതൊരു മാറ്റവുമില്ലെന്നും അമിത് ഷാ. ലോക്സഭയില്‍ കശ്മീര്‍ ബില്ലിലെ ചര്‍ച്ചകള്‍ക്ക് മറുപടി പറയുമ്പോള്‍ ആണ് ആഭ്യന്തരമന്ത്രി ഇക്കാര്യം പറഞ്ഞത്.

370-ാം വകുപ്പ് എടുത്തു കളയാനുള്ള തീരുമാനം ശരിയോ തെറ്റോ എന്ന് തെളിയിക്കേണ്ടത് കാലമാണെന്നും എന്നൊക്കെ ഈ തീരുമാനം ചര്‍ച്ച ചെയ്യപ്പെടുന്നുവോ അന്നെല്ലാം മോദിയുടെ പേര് എല്ലാവരും ഓര്‍ക്കുമെന്നും അമിത് ഷാ പറഞ്ഞു.

ലോക്സഭയില്‍ പ്രതിപക്ഷ കക്ഷികളിലെ അംഗങ്ങള്‍ ഉന്നയിച്ച ഓരോ ആക്ഷേങ്ങള്‍ക്കും പേരെടുത്ത് പറഞ്ഞാണ് അമിത് ഷാ ഇന്നു സഭയില്‍ മറുപടി പറഞ്ഞത്. കാശ്മീരിനെ വിഭജിക്കുക വഴി ന്യൂനപക്ഷങ്ങളോട് സര്‍ക്കാര്‍ അനിതീ കാണിക്കുകയാണെന്ന മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെ ആക്ഷേപത്തിനും അമിത് ഷാ പേരെടുത്ത് പറഞ്ഞ് മറുപടി നല്‍കി. 

ഷാ കുഞ്ഞാലിക്കുട്ടിക്ക് നല്‍കിയ മറുപടി

പതിവു രീതിയിലാണ് ഇന്നും കുട്ടി സാഹിബ് (പികെ കുഞ്ഞാലിക്കുട്ടി) ഇവിടെ സംസാരിച്ചത്. ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള കടന്നുകയറ്റമാണിതെന്ന് അദ്ദേഹം പരാതിപ്പെടുന്നു. ആരാണ് കശ്മീരില്‍ ന്യൂനപക്ഷം.  കശ്മീരില്‍ ഹിന്ദുക്കളില്ലേ, ജൈനന്‍മാരില്ലേ, സിഖുകാരില്ലേ ഇവര്‍ക്കൊന്നും അവിടെ ജീവിക്കണ്ടേ ? 

കുട്ടി സാഹിബ് താങ്കള്‍  ആര്‍ക്ക് വേണ്ടിയാണ് സംസാരിക്കുന്നത്. അവിടെ മുസ്ലീങ്ങള്‍ മാത്രമാണോ ജീവിക്കുന്നത് കശ്മീരിലെ ന്യൂനപക്ഷം എന്നു പറയുന്നത് സിഖ് മതസ്ഥരാണ്. അവരുടെ എന്ത് അവകാശമാണ് കവര്‍ന്നെടുക്കാന്‍ പോകുന്നത്. 

370-ാം വകുപ്പ് ന്യൂനപക്ഷങ്ങളോട് അന്യായമാണ് കാണിച്ചത്. ദേശീയന്യൂനപക്ഷ കമ്മീഷന്‍റെ നിര്‍ദേശങ്ങളോ നിയമങ്ങളോ കശ്മീരില്‍ ബാധകമല്ല. അതിനു കാരണം 370-ാം വകുപ്പാണ്. പിന്നെ എങ്ങനെയാണ് ആ വകുപ്പ് ന്യൂനപക്ഷങ്ങള്‍ക്ക് അനുകൂലമായി വരുന്നത്. താങ്കള്‍ ഇവിടെ സംസാരിക്കുന്നത് കശ്മീരിന് വേണ്ടിയല്ല മറ്റാര്‍ക്കോ വേണ്ടിയാണ് കുട്ടി സാഹിബ്. 

അമിത് ഷായുടെ മറുപടി പ്രസംഗത്തില്‍ നിന്നും
 
മറ്റേതൊരു സംസ്ഥാനവും പോലെ ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണ്. 370-ാം വകുപ്പ് എടുത്തു കളയാന്‍ മുന്‍കൈയ്യെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഞാന്‍ ഈ ഘട്ടത്തില്‍ അനുമോദിക്കുകയാണ്. ജമ്മു കശ്മീരിന്‍റെ മുന്നോട്ടുള്ള പാതയിലെ വലിയൊരു തടസ്സമാണ് ഇതിലൂടെ ഇല്ലാതാവുന്നത്. 

പാക് അധീന കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. 370-ാം വകുപ്പ് എടുത്തു കളഞ്ഞതിനെ എതിര്‍ക്കുന്നവര്‍ക്ക് പോലും സത്യത്തില്‍ ഈ തീരുമാനത്തോട് യോജിപ്പുണ്ട്. എന്നാല്‍ അവരുടെ വോട്ടുബാങ്കിനെ ചൊല്ലിയാണ് ഈ ആശങ്ക. രാജ്യത്തിന്‍റെ അഖണ്ഡതയ്ക്ക് വലിയ വെല്ലുവിളിയായിരുന്നു 370-ാം വകുപ്പ്. അതു കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേറിട്ടു നിര്‍ത്തി.

ജമ്മു കശ്മീരിന് തിരികെ പൂര്‍ണ സംസ്ഥാന പദവി തിരികെ നല്‍കാന്‍ യാതൊരു തടസ്സവുമില്ല.  സംസ്ഥാനത്തെ സ്ഥിതിഗതികള്‍ സാധാരണ നിലയിലെത്തി കഴിഞ്ഞാല്‍ ജമ്മു കശ്മീരിനെ കേന്ദ്രഭരണപ്രദേശ പദവി മാറ്റി പൂര്‍ണ അധികാരമുള്ള സംസ്ഥാനമാക്കി മാറ്റും. കശ്മീരില്‍ ഇപ്പോള്‍ കര്‍ഫ്യു പ്രഖ്യാപിച്ചത് ഒരു സ്ഥിരം സംവിധാനമായല്ല, മുന്‍കരുതല്‍ എന്ന നിലയില്‍ മാത്രമാണ്. 370-ാം വകുപ്പ് പോലെയല്ല 371-ാം വകുപ്പ് (വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന വകുപ്പ്) അതില്‍ ഞങ്ങള്‍ തൊട്ടില്ല. 370-ാം വകുപ്പും 371-ാം വകുപ്പും തമ്മില്‍ താരത്മ്യം ചെയ്യാനാവില്ല. 

അസാദുദ്ദീന്‍ ഒവൈസി പറഞ്ഞത് സര്‍ക്കാര്‍ ചരിത്രപരമായ ഒരു തെറ്റ് ചെയ്യാന്‍ പോകുന്നുവെന്നാണ്. ഞങ്ങള്‍ ചരിത്രപരമായ ഒരു തെറ്റ് ചെയ്യുകയല്ല സംഭവിച്ച തെറ്റ് തിരുത്തുകയാണ് ചെയ്യുന്നത്. അഞ്ച് വര്‍ഷം കഴിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴില്‍ ജമ്മു കശ്മീരിലുണ്ടാവാന്‍ പോകുന്ന വികസനം തിരിച്ചറിയുമ്പോള്‍ താഴ്വരയിലെ ജനങ്ങള്‍ക്ക് 370-ാം വകുപ്പിന്‍റെ പിഴവുകള്‍ തിരിച്ചറിയാന്‍ സാധിക്കും. 

ആരാണ് കശ്മീര്‍ വിഷയം ഐക്യരാഷ്ട്രസഭയില്‍ എത്തിച്ചത്. അത് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവാണ്. പാക് അധീനകശ്മീര്‍ ഉണ്ടാവാന്‍ കാരണക്കാരന്‍ തന്നെ നെഹ്റുവാണ്. അന്ന് കശ്മീര്‍ മുഴുവന്‍ തിരികെ പിടിക്കാന്‍ നെഹ്റു സൈന്യത്തെ അനുവദിച്ചിരുന്നുവെങ്കില്‍ ഇന്ന് മൊത്തം കശ്മീരും ഇന്ത്യയുടെ ഭാഗമാകുമായിരുന്നു. 

370-ാം വകുപ്പ് ഇന്ത്യയുടെ അഭ്യന്തരവിഷയമാണ് പുറത്തുള്ളവര്‍ അതില്‍ ഇടപെടേണ്ട കാര്യമില്ല. കശ്മീരിന്‍റെ കാര്യത്തില്‍ 70 വര്‍ഷം ചര്‍ച്ച നടത്തിയിട്ടും ഒന്നും സംഭവിച്ചില്ല. മൂന്ന് തലമുറകളായി ചര്‍ച്ചകള്‍ തുടരുകയാണ്. എന്തായാലും വിഘടനവാദികളുമായി ഒരു തരത്തിലുള്ള ചര്‍ച്ചയ്ക്കും ഈ സര്‍ക്കാര്‍ തയ്യാറല്ല.

പാക്കിസ്ഥാന്‍റെ ഭാഷയില്‍ സംസാരിക്കുന്നവരോടും അതിര്‍ത്തിക്ക് അപ്പുറത്ത് നിന്നും നിര്‍ദേശങ്ങള്‍ സ്വീകരിച്ച് പ്രവര്‍ത്തിക്കുന്നവരോടും ഈ സര്‍ക്കാര്‍ സന്ധി സംഭാഷണത്തിന് പോകില്ല. 370-ാം വകുപ്പ് എടുത്തു കളയാനുള്ള തീരുമാനം ശരിയോ തെറ്റോ എന്ന് തെളിയിക്കേണ്ടത് കാലമാണ്. പക്ഷേ എന്നൊക്കെ ഈ തീരുമാനം ചര്‍ച്ച ചെയ്യപ്പെടുമോ അന്നെല്ലാം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരും ജനങ്ങള്‍ ഓര്‍ക്കും. 

click me!