'കശ്മീരിലെ രക്തചൊരിച്ചിൽ ഒഴിവാക്കാനാണ് 370-ാം വകുപ്പ് എടുത്തു കളയുന്നത്'; ചര്‍ച്ചകള്‍ക്ക് അമിത് ഷായുടെ മറുപടി

By Web TeamFirst Published Aug 5, 2019, 6:22 PM IST
Highlights

370-ാം വകുപ്പ് നേരത്തെ പിന്‍വലിച്ചിരുന്നുവെങ്കില്‍ 41,000 പേര്‍ കശ്മീര്‍ താഴ്വരയില്‍ കൊലപ്പെടുന്ന അവസ്ഥയുണ്ടാവില്ലായിരുന്നു. വിഭജനക്കാലത്ത് പാകിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് വന്ന നിരവധി പേര്‍ക്ക് പൗരത്വം കിട്ടാതിരിക്കാനുള്ള പ്രധാന കാരണം 370-ാം വകുപ്പാണ്. 

ദില്ലി: കശ്മീരിലെ രക്തചൊരിച്ചിൽ ഒഴിവാക്കാൻ വേണ്ടിയാണ് 370-ാം വകുപ്പ് എടുത്തു കളയുന്നതെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ജമ്മു കശ്മീരിന്‍റെ വളര്‍ച്ചയ്ക്കല്ല ഭീകരതയുടെ വളര്‍ച്ചയ്ക്കായാണ് 370-ാം വകുപ്പ് ഉപയോഗപ്പെടുത്തിയത്. മേഖലയിലെ അഴിമതിയും ദാരിദ്രവും ഇതിലൂടെ വര്‍ധിക്കുകയാണ് ചെയ്തതെന്നും കശ്മീർ ബില്ലിലെ ചർച്ചകൾക്ക് രാജ്യസഭയിൽ മറുപടി പറയവെ അമിത് ഷാ ചൂണ്ടിക്കാട്ടി. താല്‍കാലികമായി മാത്രമാണ് ജമ്മു കാശ്മീരിനെ കേന്ദ്രഭരണപ്രദേശമായി പ്രഖ്യാപിക്കുന്നതെന്നും അവിടുത്തെ ക്രമസമാധാനനില സാധാരണഗതിയിലായ ശേഷം ജമ്മു കശ്മീരിന് പൂര്‍ണ സംസ്ഥാന പദവി തിരികെ നല്‍കുമെന്നും അമിത് ഷാ വ്യക്തമാക്കി.

370-ാം വകുപ്പ് പിന്‍വലിച്ചു കൊണ്ടുള്ള ചര്‍ച്ചയില്‍ അമിത് ഷായുടെ വാക്കുകള്‍....

തീര്‍ത്തും സ്ത്രീവിരുദ്ധമായ 370-ാം വകുപ്പ് കശ്മീരില്‍ തീവ്രവാദത്തിന് വേരുപടര്‍ത്താന്‍ വഴിയൊരുക്കി. 370-ാം വകുപ്പ് പിന്‍വലിക്കുന്നതിലൂടെ അക്രമങ്ങളുടേയും രക്തരൂക്ഷിതമായ ഏറ്റുമുട്ടലുകളുടെയും കാലം ജമ്മു കശ്മീരില്‍ അവസാനിക്കുകയാണ്. ജമ്മു കശ്മീരിനെ ഇന്ത്യയില്‍ ചേര്‍ക്കാനായി പ്രയത്നിച്ച ശ്യാമപ്രസാദ് മുഖര്‍ജിയെ നിർണായകമായ ഈ ഘട്ടത്തില്‍ ഞാൻ ഓര്‍ക്കുകയാണ്. 

370-ാം വകുപ്പ് നേരത്തെ പിന്‍വലിച്ചിരുന്നുവെങ്കില്‍ 41,000 പേര്‍ കശ്മീര്‍ താഴ്വരയില്‍ കൊലപ്പെടുന്ന അവസ്ഥയുണ്ടാവില്ലായിരുന്നു. വിഭജനക്കാലത്ത് പാകിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് വന്ന നിരവധി പേര്‍ക്ക് പൗരത്വം കിട്ടാതിരിക്കാനുള്ള പ്രധാന കാരണം 370-ാം വകുപ്പാണ്. ഇത് അനീതിയില്ലേ ?. രാജ്യത്തെ മറ്റു പൗരന്‍മാര്‍ക്ക് കിട്ടുന്നത് പോലെ കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യം കശ്മീരിലെ സാധാരണക്കാര്‍ക്കും കിട്ടേണ്ടതല്ലേ. കശ്മീരിലെ കുട്ടികള്‍ക്കും രാജ്യത്തെ മറ്റു വിദ്യാര്‍ത്ഥികളെ പോലെ ഇന്ത്യയിലെവിടെയും പോയി പഠിക്കാന്‍ അവസരം കിട്ടേണ്ടതല്ലേ ? 

മതരാഷ്ട്രീയത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നില്ല. എന്താണ് വോട്ടുബാങ്ക് രാഷ്ട്രീയം.  മുസ്ലീം മതവിശ്വാസികള്‍ മാത്രമാണോ കശ്മീരില്‍ താമസിക്കുന്നത്. എന്താണ് നിങ്ങള്‍ പറയാന്‍ ശ്രമിക്കുന്നത്. മുസ്ലീങ്ങള്‍, ഹിന്ദുക്കള്‍, സിഖുകാര്‍, ജൈനന്‍മാര്‍, ബുദ്ധമതക്കാര്‍ എല്ലാവരും അവിടെ ജീവിക്കുന്നുണ്ട്. 370-ാം വകുപ്പ് നല്ലതാണെങ്കില്‍ അതെല്ലാവര്‍ക്കും നല്ലതായിരിക്കണം.  അത് മോശമാണെങ്കില്‍ എല്ലാവരേയും മോശമായി ബാധിക്കണം. കശ്മീരിൽ വിനോദസഞ്ചാരം വേണ്ട രീതിയിൽ വളരാത്തതിന് ഒരു കാരണം തന്നെ 370-ാം വകുപ്പാണ്. 

ആയുഷ്മാൻ ഭാരത് പദ്ധതി എല്ലാ സംസ്ഥാനങ്ങളിലും എന്ന പോലെ ജമ്മു കാശ്മീരിലുമുണ്ട്. പക്ഷേ അതു നടപ്പാക്കാൻ ആശുപത്രികൾ എവിടെയാണുള്ളത്. കശ്മീരിലെവിടെയാണ് നല്ല ഡോക്ടർമാരും നഴ്സുമാരുമുള്ളത്. കശ്മീരിൽ ജീവിക്കാനും അവിടെ ജോലി ചെയ്യാനും പുറത്തുള്ള എത്ര ഡോക്ടർമാർ തയ്യാറാവുമെന്ന് 35 എയെ പിന്തുണയ്ക്കുന്നവർ വ്യക്തമാക്കണം.  ഇനിയാരെങ്കിലും വന്നാൽ തന്നെ അയാൾക്കവിടെയൊരു വീടോ സ്ഥലമോ വാങ്ങാനോ കല്ല്യാണം കഴിക്കാനോ പറ്റില്ല.

അയാൾ എത്ര കാലം അവിടെ ജീവിച്ചാലും അവിടെ അവർക്ക് വോട്ടവകാശവും കിട്ടില്ല. അന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ഒരു താൽകാലിക സംവിധാനം എന്ന നിലയിലാണ് 370-ാം വകുപ്പ് കൊണ്ടു വന്നത് അത് എല്ലാവർക്കും അം​ഗീകരിക്കാൻ സാധിക്കും. പക്ഷേ താൽകാലികമായി കൊണ്ടു വന്ന ഒരു നിയമം 70 വർഷം നിലനിൽക്കുന്നത് അം​ഗീകരിക്കാൻ സാധിക്കില്ല. 

ഇവിടെ പാര്‍ലമെന്‍റില്‍ നിന്ന് നിങ്ങള്‍ പറയുന്നത് 370-ാം വകുപ്പ് പിന്‍വലിച്ചാല്‍ കശ്മീരില്‍ രക്തപുഴ ഒഴുകുമെന്നാണ്. കശ്മീര്‍ താഴ്വരയിലെ ജനങ്ങള്‍ക്ക് എന്ത് സന്ദേശമാണ് ഇതിലൂടെ നിങ്ങള്‍ നല്‍കുന്നത്. അവരൊക്കെ 18-ാം നൂറ്റാണ്ടിലെ പോലെ ഇനിയും ജീവിക്കണം എന്നാണോ നിങ്ങളുടെ ലക്ഷ്യം. അവര്‍ക്ക് 21-ാം നൂറ്റാണ്ടില്‍ ജീവിക്കാന്‍ അവകാശമില്ലേ. ഇങ്ങനെയെല്ലാം പറഞ്ഞ് കശ്മീരിലുള്ളവരെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ  മക്കള്‍ ലണ്ടനിലും യുഎസിലും ആണ് ജീവിക്കുന്നത്. 

click me!