
ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് സംസ്ഥാനത്ത് തികഞ്ഞ വിജയപ്രതീക്ഷയാണ് ഉള്ളതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അസം, ബംഗാൾ, യുപി, മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഡ്, ഉത്തരാഖണ്ഡ് എന്നിവടങ്ങളിൽ വലിയ വിജയം ബിജെപിയും എൻഡിഎയും നേടും. ദക്ഷിണേന്ത്യയിൽ കേരളത്തിലടക്കം പോളിങ് കഴിഞ്ഞ സ്ഥലങ്ങളിലെ ട്രെൻഡും ബിജെപിക്ക് അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ 400 സീറ്റ് നേടിയാൽ ബിജെപി സംവരണം നിർത്തുമെന്ന് കോൺഗ്രസ് പ്രചരിപ്പിക്കുന്നത്. കോൺഗ്രസിനെ പോലെ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാനല്ല ബിജെപി അധികാരം ഉപയോഗിച്ചത്. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാനാണ് ബിജെപി അധികാരം ഉപയോഗിച്ചത്. കോൺഗ്രസ് തെറ്റായ പ്രചാരണം നിർത്തണം. ബിജെപി സംവരണം നിർത്തുമെന്നത് തെറ്റായ പ്രചാരണമാണ്. വ്യാജ വീഡിയോ അടക്കം പ്രചരിപ്പിക്കുന്നുണ്ട്. ജനങ്ങൾ സത്യം അറിയണം. വ്യാജ വീഡിയോ പ്രചരിപ്പിച്ചും, ബിജെപി പ്രകടന പത്രികയെ വളച്ചൊടിച്ചും പ്രചാരണം നടത്തുകയാണ് കോൺഗ്രസെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
രാഹുൽ ഗാന്ധിയാണ് വ്യാജ വീഡിയോ പ്രചാരണത്തിന് പിന്നിലെന്ന് അമിത് ഷാ ആരോപിച്ചു. ഏപ്രിൽ 23 ന് തെലങ്കാന ചെവല്ല കെ വി ആർ ഗ്രൗണ്ടിൽ നടത്തിയ പ്രസംഗത്തിൽ മുസ്ലീം സംവരണം നിർത്തും എന്ന് രാഹുൽ ഗാന്ധി പറയുന്ന യഥാർത്ഥ വീഡിയോ അമിത് ഷാ പുറത്തുവിട്ടു. ഇതോടൊപ്പം വ്യാജ വീഡിയോയും വാർത്താ സമ്മേളനത്തിൽ പ്രദർശിപ്പിച്ചു.
യുപിയിൽ അമേഠിയിൽ മത്സരിക്കാനുള്ള ധൈര്യം കോൺഗ്രസിനില്ലെന്നും അമിത് ഷാ പറഞ്ഞു. പ്രജ്ജ്വലുമായി ബന്ധപ്പെട്ട വീഡിയോ വിവാദം ദൗർഭാഗ്യകരമായ സംഭവമാണ്. ബിജെപി ഭാരതത്തിലെ സ്ത്രീകൾക്കൊപ്പമാണ്. നരേന്ദ്ര മോദി സർക്കാർ സ്ത്രീകൾക്കെതിരെ പ്രവർത്തനങ്ങളെ അനുകൂലിക്കില്ല. എന്തുകൊണ്ടാണ് കോൺഗ്രസ് ഈ സംഭവത്തിൽ നേരത്തെ നടപടി എടുക്കാതിരുന്നത്? അന്വേഷണം നടത്താതിരുന്നത്? സംഭവത്തിൽ ശക്തമായ നടപടിയുണ്ടാകുമെന്നും അതിൽ ഒരു സംശയവുമില്ലെന്നും അമിത് ഷാ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam