'രാഹുലിനും കേജ്‍രിവാളിനും ഇമ്രാന്‍റെ ഭാഷ'; ആഞ്ഞടിച്ച് അമിത് ഷാ

By Web TeamFirst Published Jan 24, 2020, 12:30 PM IST
Highlights

ഏകദേശം നാലര വര്‍ഷമായി ദില്ലിയുടെ വികസനത്തെ മോദി എതിര്‍ക്കുകയാണെന്ന് കേജ്‍രിവാള്‍ പറയുന്നു. എന്നാല്‍, തെരഞ്ഞെടുപ്പ് ആയപ്പോള്‍ ദില്ലിയിലെ എല്ലാ വികസനത്തിന്‍റെയും ഖ്യാതി തനിക്കാണെന്ന് പറയുകയാണ്

ദില്ലി: കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെയും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനെതിരെയും ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാഹുല്‍ ഗാന്ധിയും കേജ്‍രിവാളും സംസാരിക്കുന്നത് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ ഭാഷയിലാണെന്ന് അമിത് ഷാ ആരോപിച്ചു. ദില്ലി നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായുള്ള റാലിയിലാണ് അമിത് ഷായുടെ പരാമര്‍ശങ്ങള്‍.

ഏകദേശം നാലര വര്‍ഷമായി ദില്ലിയുടെ വികസനത്തെ മോദി എതിര്‍ക്കുകയാണെന്ന് കേജ്‍രിവാള്‍ പറയുന്നു. എന്നാല്‍, തെരഞ്ഞെടുപ്പ് ആയപ്പോള്‍ ദില്ലിയിലെ എല്ലാ വികസനത്തിന്‍റെയും ഖ്യാതി തനിക്കാണെന്ന് പറയുകയാണ്. 2015ന് ശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും കേജ്‍രിവാള്‍ തോറ്റെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി ജമ്മു കശ്മീരിനെ ബാക്കി ഇന്ത്യക്കൊപ്പം ഒന്നാക്കുകയാണ് തങ്ങള്‍ ചെയ്തത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധമെന്ന പേരില്‍ ദില്ലിയില്‍ ആം ആദ്മി പാര്‍ട്ടി കലാപമുണ്ടാക്കുകയായിരുന്നു. അവര്‍ വീണ്ടും ഭരണത്തിലെത്തിയാല്‍ രാജ്യതലസ്ഥാനത്ത് ജീവിക്കുന്നത് സുരക്ഷിതമല്ലാതെയാകുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

നാല് മാസത്തിനുള്ളില്‍ അയോധ്യയില്‍ ആകാശം തൊടുന്ന രാമക്ഷേത്രം ഉയരും. ടുക്ഡേ ടുക്ഡേ ഗ്യാങ് അഴിക്കുള്ളില്‍ ആകേണ്ടവരാണ്. എന്നാല്‍, രാഹുലും കേജ്‍രിവാളും അവരെ പിന്തുണച്ച് ജെഎന്‍യുവില്‍ പോയി. യുവാക്കളെ തെറ്റിദ്ധരിപ്പിക്കുകയാണ് രാഹുലും കേജ്‍രിവാളും ചെയ്യുന്നതെന്നും അമിത് ഷാ ആരോപിച്ചു.

click me!