
ബെംഗളൂരു: കർണാടകയിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ. ഏഷ്യാനെറ്റ് സുവർണ ന്യൂസ് എഡിറ്റർ അജിത് ഹനുമക്കനവറിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് കോൺഗ്രസിനെതിരെ അമിത് ഷാ ആഞ്ഞടിച്ചത്. തെരഞ്ഞെടുപ്പ് സമയത്ത് ജനത്തിന് സൗജന്യങ്ങൾ വാഗ്ദാനം ചെയ്യുന്ന സംസ്‌കാരത്തിനെതിരെയും അമിത് ഷാ വിമർശനമുന്നയിച്ചു. കോൺഗ്രസ് പ്രതിച്ഛായയില്ലാത്ത പാർട്ടിയാണെന്നും കോൺഗ്രസ് പാർട്ടി നൽകുന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം ജനം വിശ്വസിക്കില്ലെന്നും അമിത് ഷാ പറഞ്ഞു. ഗുജറാത്ത്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, അസം, മണിപ്പൂർ, ത്രിപുര എന്നിവിടങ്ങളിൽ കോൺഗ്രസ് വിവിധ വാഗ്ദാനങ്ങൾ നൽകി. അവരുടെ ഉറപ്പുകൾ ആരു വിശ്വസിക്കുമെന്നും അമിത് ഷാ ചോദിച്ചു.
അധികാരത്തിലേറിയാൽ പ്രതിമാസം 2000 രൂപയും 200 യൂണിറ്റ് സൗജന്യ വൈദ്യുതിയുമെന്ന കോൺഗ്രസ് വാഗ്ദാനം ആശങ്കപ്പെടുത്തുന്നില്ലെന്ന് ചോദ്യത്തിന് മറുപടിയായി അമിത് ഷാ പറഞ്ഞു. കർണാടകയിലെ ജനങ്ങൾക്ക് ഒരു ലക്ഷം രൂപയുടെ ശുചിമുറികൾ സൗജന്യമായി ലഭിച്ചിട്ടുണ്ട്. സൗജന്യമായി ഗ്യാസ് സിലിണ്ടറും സൗജന്യമായി വൈദ്യുതി കണക്ഷനുകൾ ലഭിച്ചു. താമസിക്കാൻ വീടുകളും സൗജന്യമായി ഭക്ഷ്യധാന്യങ്ങളും ലഭിച്ചു, കർഷകർക്ക് 10,000 രൂപ ലഭിക്കുന്നു. ഇതെല്ലാം ലഭിക്കുന്നവർക്ക് ഇനി സൗജന്യ വാഗ്ദാനങ്ങളുടെ ആവശ്യമില്ലെന്നും അമിത് ഷാ പറഞ്ഞു.
ഇതെല്ലാം എങ്ങനെ അവസാനിക്കുമെന്ന് വോട്ടർമാർക്ക് അറിയാം. 2000 രൂപ കൊണ്ട് എന്ത് നേടാനാകുമെന്ന് വോട്ടർമാർക്ക് അറിയാം. സാധാരണക്കാർ മോദി സർക്കാറിന്റെ പദ്ധതികളുടെ ഗുണഭോക്താക്കളാണ്. കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ചർച്ചയാക്കാൻ പോലുമില്ലെന്നും അമിത് ഷാ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്തിയാൽ ഓരോ ഗ്രാമ പഞ്ചായത്തിനും ഒരു കോടി രൂപയും കല്യാണ കർണാടക മേഖലയ്ക്ക് 5000 കോടി രൂപയും അനുവദിക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ പറയുന്നു. അഞ്ച് പ്രധാന വാഗ്ദാനമാണ് ഇക്കുറി കോൺഗ്രസ് മുന്നോട്ടുവെക്കുന്നത്. എല്ലാ വീട്ടുകാർക്കും 200 യൂണിറ്റ് സൗജന്യ വൈദ്യുതി, കുടുംബനാഥയായ വനിതകൾക്ക് 2,000 രൂപ, തൊഴിലില്ലാത്ത ഡിപ്ലോമയുള്ളവർക്ക് 1,500 രൂപ, തൊഴിലില്ലാത്ത ബിരുദധാരികൾക്ക് 3,000 രൂപ. പൊതുഗതാഗതത്തിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ബിപിഎൽ കുടുംബത്തിലെ ഓരോ അംഗത്തിനും മാസം 10 കിലോ അരി എന്നിവയാണ് കോൺഗ്രസിന്റെ വാഗ്ദാനം. കോൺഗ്രസിന്റെ സൗജന്യ വാഗ്ദാനങ്ങൾക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിമർശനമുന്നയിച്ചിരുന്നു. കോൺഗ്രസ് പാർട്ടിയുടെ വാറന്റി തന്നെ അവസാനിച്ച സാഹചര്യത്തിൽ അവരുടെ ഗ്യാരണ്ടികൾക്ക് അർത്ഥമില്ലെന്ന് മോദി പരിഹസിച്ചു.