തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബിജെപിക്കായി മോദിയും അമിത് ഷായുമടക്കമുള്ള നേതാക്കൾ അരയും തലയും മുറുക്കി മുന്നിലുണ്ട്. അമിത് ഷായുമായി ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസ് എഡിറ്റര്‍ അജിത് ഹനുമക്കനവര്‍ നടത്തിയ അഭിമുഖം. 

കർണാടകയിൽ തെര‍ഞ്ഞെടുപ്പ് ചൂട് പാരമ്യത്തിലാണ്. ഭരണത്തുടർച്ചക്കായി ബിജെപി കച്ചകെട്ടിയിറങ്ങുമ്പോൾ അധികാരം പിടിച്ചെടുക്കാൻ കോൺ​ഗ്രസും ജെഡിഎസും ശക്തമായ വെല്ലുവിളിയുയർത്തി രം​ഗത്തുണ്ട്. മെയ് 10ന് കർണാടക ജനത പോളിങ് ബൂത്തിലെത്തും. 13ന് വിധി അറിയാം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബിജെപിക്കായി മോദിയും അമിത് ഷായുമടക്കമുള്ള നേതാക്കൾ അരയും തലയും മുറുക്കി മുന്നിലുണ്ട്. അമിത് ഷായുമായി ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസ് എഡിറ്റര്‍ അജിത് ഹനുമക്കനവര്‍ നടത്തിയ അഭിമുഖം. 

എന്താണ് ഇത്തവണ കർണാടകയിലെ രാഷ്ട്രീയ അന്തരീക്ഷം. 

അമിത് ഷാ: ബിജെപിയെ സംബന്ധിച്ച് വളരെ നല്ല അന്തരീക്ഷമാണ്. രണ്ടര മാസത്തിനിടെ ഞാൻ 17-ാം ദിവസമാണ് ഇവിടെ തങ്ങുന്നത്. ഏകദേശം കർണാടകയിൽ മുഴുവൻ പര്യടനം നടത്തി. മിക്ക ജില്ലകളിലും പോയിട്ടുണ്ട്. എന്റെ അഭിപ്രായത്തിൽ ബിജെപി ഇത്തവണ കേവല ഭൂരിപക്ഷത്തിൽ വിജയിക്കും.

എല്ലാ ബിജെപി നേതാക്കളും കേവല ഭൂരിപക്ഷത്തെക്കുറിച്ചാണ് കൂടുതൽ സംസാരിക്കുന്നത്. ഇത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. 2013ലെ തെരഞ്ഞെടുപ്പ് യെദ്യൂരപ്പയെ മുഖ്യമന്ത്രിയാക്കാൻ അജണ്ടയുണ്ടായിരുന്നു. 2018-ൽ കോൺഗ്രസിനെതിരെ ഭരണവിരുദ്ധതയുണ്ടായിരുന്നു. ഈ തിരഞ്ഞെടുപ്പിൽ പ്രശ്നങ്ങളുടെയും അജണ്ടയുടെയും അഭാവമുണ്ടെന്ന് തോന്നുന്നു..

അമിത് ഷാ: നിങ്ങൾ സൂക്ഷ്മമായ വീക്ഷണകോണിലാണ് നോക്കിക്കാണുന്നത്. ഞങ്ങൾ പരമ്പരാഗത തെരഞ്ഞെടുപ്പ് വിശകലന രീതികളിൽ നോക്കിക്കാണുന്നത്. മോദിജിയുടെ ഭരണത്തിന്റെ ഒമ്പത് വർഷത്തിനുള്ളിൽ രാജ്യത്തുടനീളം ഒരു പുതിയ വിഭാ​ഗം ഉയർന്നുവന്നു. സർക്കാറിന്റെ ഭരണനേട്ടങ്ങളുടെ ഗുണഭോക്താക്കളാണ് അവർ. നാല് ലക്ഷത്തി പതിനായിരത്തോളം പേർക്ക് കർണാടകയിൽ വീടുകൾ ലഭിച്ചു. ഇവരിൽ ചിലരുമായി ഞാൻ സംസാരിച്ചു. ഏഴാം തലമുറയ്ക്ക് ശേഷമാണ് ഞങ്ങൾക്ക് താമസിക്കാൻ വീട് ലഭിച്ചതെന്ന് ഇവർ പറയുന്നു. പ്രത്യേകിച്ച് ബഞ്ചാര വിഭാ​ഗക്കാർക്ക്. കർണാടകയിലെ ജൽ ജീവൻ മിഷനു കീഴിൽ 43 ലക്ഷം കുടുംബങ്ങൾക്ക് ആദ്യമായി ടാപ്പിലൂടെ കുടിവെള്ളം ലഭിച്ചു. 70 വർഷമായി കക്കൂസ് ഇല്ലാത്ത 48 ലക്ഷം കുടുംബങ്ങളാണ് കർണാടകയിലുള്ളത്. കിസാൻ സമ്മാൻ നിധിക്ക് കീഴിൽ 10000 രൂപ ഓരോ വർഷവും 54 ലക്ഷം കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് ട്രാൻസ്ഫർ ചെയ്തു. കർണാടകയിൽ 37 ലക്ഷം സ്ത്രീകൾക്ക് ഗ്യാസ് സിലിണ്ടറുകൾ ലഭിച്ചു. ആയുഷ്മാൻ ഭാരത് പദ്ധതി പ്രകാരം 1.38 കോടി ആളുകൾക്ക് 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ നൽകി. കർണാടകയിൽ ഏകദേശം 3 കോടി ജനങ്ങൾക്ക് ഒരാൾക്ക് പ്രതിമാസം 5 കിലോ ധാന്യം സൗജന്യമായി ലഭിക്കുന്നു. 

നിങ്ങൾ സൂക്ഷ്മതലത്തിൽ നോക്കുമ്പോൾ ലിംഗായത്ത്, മുസ്ലീം, ദളിത്, ഒബിസി എന്നിങ്ങനെയാണ് കാണുന്നത്. 9 വർഷത്തിനിടെ ബിജെപി പുതിയ മേഖലകളിലേക്ക് പ്രവേശിക്കുകയാണ്. മണിപ്പൂരിൽ ഞങ്ങൾക്ക് കേവലം 0.3% വോട്ട് വിഹിതം മാത്രമേ ഉണ്ടായിരുന്നുവെന്ന് നിങ്ങൾ ഓർക്കണം. ഇന്ന് ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷമുള്ള സർക്കാറാണ് അവിടെ ഭരിക്കുന്നത്. വോട്ട് വിഹിതം 50ശതമാനമായി ഉയർന്നു. എത്തിയിരിക്കുന്നു. 37% ന്യൂനപക്ഷമുള്ള അസമിൽ, ഈ ന്യൂനപക്ഷം ഞങ്ങൾക്ക് വോട്ട് ചെയ്യാതിരുന്നിട്ട് പോലും വെറും രണ്ട് എം.എൽ.എമാരുണ്ടായിരുന്ന സ്ഥാനത്ത് ഇ്നന് ഞങ്ങൾ കേവല ഭൂരിപക്ഷമുള്ള സർക്കാർ രണ്ടാം തവണയും അധികാരത്തിൽ വന്നു. ത്രിപുരയിൽ 27 വർഷം ഒരു കമ്മ്യൂണിസ്റ്റ് സർക്കാർ ഭരിച്ചു. അവിടെയും ഇപ്പോൾ ഞങ്ങൾ രണ്ടാം തവണയും വിജയിച്ചു. ഉത്തർപ്രദേശിൽ ഞങ്ങൾക്ക് 30-35 എംഎൽഎമാർ മാത്രമാണുണ്ടായിരുന്നത്. അവിടെയും തുടർ ഭരണം ലഭിച്ചു. ഞാൻ പ്രസംഗിക്കുമ്പോൾ വീടും കക്കൂസും ഗ്യാസും കിട്ടിയവരുടെ കയ്യടി കേൾക്കാറുണ്ട്. ഇതൊന്നും നിങ്ങളുടെ കണക്കിൽപ്പെടാത്തതാണെന്ന് എനിക്ക് തോന്നുന്നു. 

കർണാടകയിൽ വികസനം ഒരു തെരഞ്ഞെടുപ്പ് പ്രശ്നമാണോ?

അമിത് ഷാ: കർണാടകയിൽ ഒരുപാട് പ്രശ്നങ്ങളുണ്ട്. എന്നാൽ സർജിക്കൽ സ്‌ട്രൈക്കിൽ കർണാടക ജനത സന്തുഷ്ടരാണ്. ലോകത്ത് ഇന്ത്യയുടെ ആധിപത്യം വർധിച്ചതിലും ഇവർ സന്തുഷ്ടരാണ്. ബഹിരാകാശത്തെ നമ്മുടെ വിജയത്തിലും കർണാടകയിലെ ജനം സന്തോഷിക്കുന്നു. അങ്ങനെയൊരു സാഹചര്യത്തിൽ എന്തിന് കോൺഗ്രസിന് വോട്ട് ചെയ്യുണമെന്ന് ഇവർ ചിന്തിക്കും. 

കർണാടകയിലെ വോട്ടർമാർ പാർട്ടികൾക്ക് ഭരണത്തുടർച്ച നൽകുന്നില്ല എന്നത് ശ്രദ്ധിച്ചിട്ടില്ലേ?

അമിത് ഷാ: അത് തെറ്റാണ്. ജനതാദൾ സർക്കാർ പലതവണ ഇവിടെ വന്നിട്ടുണ്ട്. തുടർച്ചയായി നാല് തവണ കോൺഗ്രസ് സർക്കാർ ഇവിടെ അധികാരത്തിലെത്തി. 

നിങ്ങൾ പറഞ്ഞ കണക്കുകൾ, കർണാടകയിലെ ഒരു നേതാവും പറയുന്നില്ല. അപ്പോൾ മറ്റു പ്രശ്നങ്ങൾ ഉണ്ടെന്നാണോ

അമിത് ഷാ: അങ്ങനെയല്ല അത്. ഒരു മണ്ഡലത്തിലെ ഓരോ നേതാവും തന്റെ പ്രദേശത്തെ ഗുണഭോക്താക്കളുടെ മുഴുവൻ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. ഞാൻ 17 നിയമസഭാ യോഗങ്ങൾ നടത്തി. എല്ലാവരുടെയും മുഴുവൻ വിശദാംശങ്ങളുണ്ട്. ചുമതല നൽകിയവരുടെ പക്കൽ ബൂത്ത് തിരിച്ചുള്ള വിവരങ്ങളുണ്ട്. 

ലിംഗായത്ത് വോട്ട് ബാങ്ക് ഇത്തവണ ആശങ്കയുണ്ടാക്കുന്ന ഘടകമാണോ

അമിത് ഷാ: ലിം​ഗായത്ത് വോട്ട് സംബന്ധിച്ച് ഒരാശങ്കയും ഇല്ല. ലിംഗായത്ത് വിഭാ​ഗം വോട്ട് ചെയ്യാൻ അവർക്കുവേണ്ടി കോൺ​ഗ്രസ് എന്തുചെയ്തു. 70 വർഷത്തിനിടെ കോൺഗ്രസ് രണ്ട് ലിംഗായത്ത് മുഖ്യമന്ത്രിമാരെ അപമാനിച്ച് പുറത്താക്കി. ഒരാളെ ഇന്ദിരാഗാന്ധി പുറത്താക്കി. മറ്റൊരാളെ രാജീവ് ഗാന്ധിയും വിമാനത്താവളത്തിൽവെച്ച് പുറത്താക്കി. ഞങ്ങളുടെ മുഖ്യമന്ത്രിയും ലിംഗായത്താണ്. യെദ്യൂരപ്പജിയെപ്പോലുള്ള നേതാക്കൾ നമുക്കുണ്ട്. അതുകൊണ്ടുതന്നെ ലിംഗായത്തുകളുടെ കാര്യത്തിൽ ഞങ്ങൾക്ക് ആശങ്കയേ ഇല്ല. 

യെദ്യൂരപ്പ സ്വയം മാറിനിൽക്കുകയോ അല്ലെങ്കിൽ മാറ്റിനിർത്തുകയോ ചെയ്തു. ഇതൊരു തെറ്റായ തീരുമാനമാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ

അമിത് ഷാ: ഒരിക്കലുമില്ല. 75 വയസ്സാകുമ്പോൾ പാർട്ടിയുടെ ചട്ടപ്രകാരം തന്നെ മാറ്റി നിർത്തണമെന്ന് യെദ്യൂരപ്പ തന്നെ പറഞ്ഞിരുന്നു. യെദിയൂരപ്പയെ മാറ്റി നിർത്താൻ ആ സമയത്ത് ഞങ്ങൾ തീരുമാനമെടുത്തിരുന്നില്ല.

യെദിയൂരപ്പയെ മാറ്റി നിർത്തിയതിന്റെ ലക്ഷ്യം കൈവരിച്ചെന്ന് പാർട്ടിക്ക് തോന്നിയിട്ടുണ്ടോ

അമിത് ഷാ: ലക്ഷ്യം മാറിയെന്ന് തോന്നുന്നില്ല. മുഖ്യമന്ത്രിയായാൽ മാത്രം ഒരാൾക്ക് പാർട്ടിക്കും ജനത്തിനും വേണ്ടി പ്രവർത്തിക്കാം എന്ന രീതിയല്ല പാർട്ടിയിലുള്ളത്. തെരഞ്ഞെടുപ്പിൽ മത്സരിക്കാത്ത ആയിരക്കണക്കിന് പ്രവർത്തകരുണ്ട്. അവരാണ് വലിയ നേതാക്കൾ. ഒരിക്കലും തെരഞ്ഞെടുപ്പിൽ മത്സരിക്കാത്ത കുശാഭൗ താക്കറെയായിരുന്നു ഞങ്ങളുടെ ദേശീയ അധ്യക്ഷൻ. എല്ലാ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പിൽ മത്സരിക്കാത്ത നൂറുകണക്കിന് പ്രവർത്തകർ ഉണ്ട്. അതിനർത്ഥം അവർക്ക് ഒരു സംഭാവനയും നൽകാനില്ല എന്നല്ല. യെദ്യൂരപ്പ തന്നെ നിയമസഭയിൽ കോൺഗ്രസുകാരോട് പറഞ്ഞത് കേട്ടിരുന്നില്ലേ. സന്തോഷിക്കരുത്. ഇത്തവണ ഞാൻ നിങ്ങളെ തോൽപ്പിക്കും, അടുത്ത തവണയും നിങ്ങളെ തോൽപ്പിക്കാൻ മടങ്ങിയെത്തും. യെദ്യൂരപ്പജി തെരഞ്ഞെടുപ്പിനെ വലിയ ആവേശത്തോടെയാണ് നയിക്കുന്നത്..

'ഭൂരിപക്ഷത്തിന്റെ കാര്യത്തിൽ ഒരു സംശയവുമില്ല', അമിത് ഷായുമായി പ്രത്യേക അഭിമുഖം| Amit Shah Interview