ബെംഗളൂരു: പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾക്കെതിരായ സൈന്യത്തിന്റെ ആക്രമണം രാജ്യത്ത് മോദി തരം​ഗം ഉണ്ടാക്കുമെന്ന വിവാദ പ്രസ്താവനയിൽ വിശദീകരണവുമായി ക‌‌ർണാടക ബിജെപി അധ്യക്ഷൻ ബി എസ് യദ്യൂരപ്പ. തന്‍റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചുവെന്നാണ് യദ്യൂരപ്പയുടെ വിശദീകരണം. സാഹചര്യം ബിജെപിക്ക് അനുകൂലമാണെന്ന് മാസങ്ങളായി താൻ പറയുന്നുണ്ടെന്നും യദ്യൂരപ്പ പറഞ്ഞു.

ഭീകര‌ർക്കെതിരെയുള്ള ആക്രമണം കർണാടകത്തിൽ 22 സീറ്റുവരെ ബിജെപിക്ക് നേടിത്തരുമെന്ന് പറഞ്ഞിട്ടില്ലെന്നും യദ്യൂരപ്പ പറഞ്ഞു. ഇരുപത്തിരണ്ട് സീറ്റ് നേടുമെന്ന് താൻ ആദ്യമായിട്ടല്ല പറയുന്നതെന്നാണ് യദ്യൂരപ്പയുടെ ന്യായീകരണം. 

അന്തരീക്ഷം ഓരോ ദിവസവും ബിജെപിക്ക് അനുകൂലമാവുകയാണ്. ഇന്ത്യയുടെ തിരിച്ചടി യുവാക്കൾക്കിടയിൽ ബിജെപിക്ക് അനുകൂലമായ വികാരം ഉണ്ടാക്കിയിട്ടുണ്ടെന്നും ഇതിന്റെ ഫലം ലോക്സഭാ തെരഞ്ഞെടുപ്പിൽ അറിയാമെന്നും യെദ്യൂരപ്പ നേരത്തേ പറഞ്ഞിരുന്നു. ഇതുവഴി കർണാടകത്തിൽ 22 സീറ്റ് വരെ ബിജെപി നേടുമെന്നുമായിരുന്നു യദ്യുരപ്പയുടെ അവകാശപ വാദം.