
ദില്ലി: സിബിസിഐയോട് അമിത് ഷാ നുണ പറഞ്ഞെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. 2010 ൽ നിയമം എഫ്സിആർഐ കൊണ്ടുവന്നപ്പോൾ അതിൽ പ്രതികാര നടപടി നിർദ്ദേശമുണ്ടായിരുന്നുവെന്ന് തെളിയിക്കാൻ അമിത് ഷായെ വെല്ലുവിളിക്കുന്നുവെന്നും സിബിസിഐയെ തെറ്റിദ്ധരിപ്പിച്ച പ്രസ്താവനകളും, നിയമഭേദഗതിയും പിൻവലിക്കണമെന്നും കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു. കള്ളം പറയുന്നത് ബിജെപിയുടെ പതിവ് ശൈലിയാണ്. എഫ്.സി.ആർ.എ നിയമങ്ങളെ ആയുധമാക്കുന്നതിൽ സ്വന്തം സർക്കാരിനുള്ള പങ്കും കുറ്റബോധവും മറച്ചുവെക്കാൻ അദ്ദേഹം തെറ്റായ രീതിയിൽ കുറ്റം മറ്റുള്ളവരുടെ മേൽ ചാരുകയാണെന്നും അദ്ദേഹം ആരോപിച്ചു.
സർക്കാരിനെതിരെ ശബ്ദമുയർത്തുന്ന സിവിൽ സൊസൈറ്റി സംഘടനകളെയും ന്യൂനപക്ഷങ്ങൾ നടത്തുന്ന സ്ഥാപനങ്ങളെയും പീഡിപ്പിക്കാനും അവരുടെ സ്വത്തുക്കൾ കൈക്കലാക്കാനും വേണ്ടി എഫ്.സി.ആർ.എ ദുരുപയോഗം ചെയ്യാൻ മോദി സർക്കാർ ഇറങ്ങിയിരിക്കുകയാണ്. സംഘടനകളെ സസ്‌പെൻഡ് ചെയ്യാവുന്ന കാലാവധി നീട്ടുന്നതിനും, അവരെ സൂക്ഷ്മമായി നിരീക്ഷിക്കാൻ കേന്ദ്രത്തിന് കൂടുതൽ അധികാരം നൽകുന്നതിനും ചിലവുകൾ പരിമിതപ്പെടുത്തുന്നതിനുമായി 2020-ൽ അവർ എഫ്.സി.ആർ.എ ചട്ടങ്ങൾ കടുപ്പിച്ചുവെന്നും വേണുഗോപാൽ ആരോപിച്ചു.
2026-ൽ, ധനസഹായം കൈപ്പറ്റുന്ന സംഘടനകളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ കേന്ദ്രത്തിന് അധികാരം നൽകുന്നതിനും ലൈസൻസുകൾ തനിയെ റദ്ദാകുന്ന വ്യവസ്ഥകൾ കൊണ്ടുവരുന്നതിനും വേണ്ടി എഫ്.സി.ആർ.എ നിയമത്തിൽ ഭേദഗതി വരുത്താൻ ശ്രമിച്ചു. എതിർപ്പിനെത്തുടർന്ന് അവർ ഈ ഭേദഗതികൾ പിൻവലിച്ചെങ്കിലും, പിന്നീട് ഡെലിഗേറ്റഡ് ലെജിസ്ലേഷൻ (delegated legislation) വഴി പിൻവാതിലിലൂടെ ഇവ വീണ്ടും നടപ്പിലാക്കുകയാണുണ്ടായത്. 2010-ൽ യു.പി.എ സർക്കാർ ഈ നിയമം കൊണ്ടുവന്നപ്പോൾ, പ്രതികാര നടപടികൾ ഉണ്ടായിരുന്നോ എന്ന് കാണിച്ചുതരാൻ ഞാൻ ആഭ്യന്തരമന്ത്രിയെ വെല്ലുവിളിക്കുന്നു. ആഭ്യന്തരമന്ത്രി സി.ബി.സി.ഐയെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും കൂടാതെ ഈ ചട്ടങ്ങൾ ഉടനടി പിൻവലിക്കുകയും വേണമെന്നും വേണുഗോപാൽ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam