ഭാര്യയെ മർദിച്ചെന്ന കേസിൽ പ്രതിയായ ഭർത്താവിനെ ദില്ലിയിലെ അഡീഷണൽ സെഷൻസ് കോടതി വെറുതെവിട്ടു. പരാതിക്കാരിയായ ഭാര്യ മൊഴി നൽകുന്നതിന് മുൻപ് മരിച്ചതും, കേസിൽ മറ്റ് ശക്തമായ തെളിവുകളോ ദൃക്‌സാക്ഷികളോ ഇല്ലാത്തതിനാലുമാണ് കോടതിയുടെ ഈ ഉത്തരവ്.
ദില്ലി: ഭാര്യയെ മർദിച്ച കേസിൽ പ്രതിയായ ഭർത്താവിനെ ദില്ലിയിലെ അഡീഷണൽ സെഷൻസ് കോടതി വെറുതെവിട്ടു. മൊഴി രേഖപ്പെടുത്തുന്നതിന് മുൻപ് പരാതിക്കാരിയായ ഭാര്യ മരിച്ച സാഹചര്യത്തിലാണ് കോടതിയുടെ ഉത്തരവ്. പ്രതിക്കെതിരെ കുറ്റം തെളിയിക്കുന്നതിന് ആവശ്യമായ മറ്റ് ശക്തമായ തെളിവുകളോ ദൃക്‌സാക്ഷികളോ ഇല്ലാത്തതിനാലും, കേസിന്റെ അടിസ്ഥാനമായ മൊഴി ലഭിക്കാത്തതിനാലും പ്രതിയെ ശിക്ഷിക്കാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു.
കേസിന് ആധാരമായ സംഭവം 2021-ലാണ് നടന്നത്. അഭിനേഷ് ത്രിപദിയെന്ന വ്യക്തിക്കെതിരെ ഭാര്യ രശ്‌മിയാണ് പരാതി നൽകിയത്. ഭർത്താവ് നിർബന്ധിച്ചിട്ടും അപരിചിതനോട് സംസാരിക്കാത്തതിന് തന്നെ മർദിച്ചുവെന്നാണ് പരാതിയിൽ ആരോപിച്ചത്. ഹോക്കി സ്റ്റിക്ക് കൊണ്ട് മർദിച്ചെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം താമസിക്കുന്ന കെട്ടിടത്തിൻ്റെ മൂന്നാം നിലയിൽ നിന്ന് താഴേക്ക് തന്നെ തള്ളിയിട്ടുവെന്നും പരാതിയിൽ പറഞ്ഞിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവിനെതിരെ ഐപിസി 307, 323, 341, 506 വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു. ആശുപത്രിയിൽ ചികിത്സ തേടിയ രശ്മി പൊലീസിന് മൊഴി നൽകിയിരുന്നില്ല. കേസ് പിൻവലിച്ചതുമില്ല.
പിന്നീട് കോടതി കേസ് പരിഗണിച്ചപ്പോൾ രശ്മിക്ക് പലതവണ നോട്ടീസ് നൽകിയെങ്കിലും ഇവർ ഹാജരായില്ല. തുടർന്ന് രശ്മിയുടെ പിതാവ് നേരിട്ട് കോടതിയിൽ ഹാജരായി. മകൾ മരിച്ചെന്നും, മരിക്കുന്നതിന് മുൻപ് ഭർത്താവുമായുള്ള പ്രശ്നങ്ങൾ ഒത്തുതീർത്തെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. മരിക്കുന്നതിന് മുൻപ് മകൾ വിവാഹമോചനം നേടിയെന്നും എട്ട് ലക്ഷം രൂപ ജീവനാംശമായി കൈപ്പറ്റിയെന്നും പിതാവ് കോടതിയെ അറിയിച്ചു. കേസിൽ പരാതിക്കാരിയുടെ മൊഴിയോ സാക്ഷിമൊഴികളോ ഇല്ലാത്ത സാഹചര്യത്തിൽ കുറ്റാരോപിതനായ അഭിനേഷ് ത്രിപദിയെ ശിക്ഷിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് കോടതി കേസ് തള്ളിയത്.


