'അമിത് ഷാ മോദിയെ ഇരുട്ടിലാക്കുന്നു'; മരിക്കാനും തയ്യാറെന്ന് ശിവസേന

By Web TeamFirst Published Nov 14, 2019, 7:48 PM IST
Highlights

സര്‍ക്കാര്‍ രൂപീകരണത്തില്‍ ശിവസേനയുമായി നടത്തിയ ചര്‍ച്ചകളിലെ തീരുമാനങ്ങള്‍ അറിയിക്കാതെ അമിത് ഷാ മോദിയെ ഇരുട്ടിലാക്കുകയാണെന്ന് ശിവസേന. 

മുംബൈ: മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി സ്ഥാനം പങ്കിടാമെന്ന് ആർക്കും വാക്ക് കൊടുത്തിട്ടില്ലെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ പ്രസ്താവനയ്‍ക്കെതിരെ ശിവസേന. മുഖ്യമന്ത്രിസ്ഥാനം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് വാക്കു നല്‍കിയിട്ടില്ലെന്ന് അമിത് ഷാ കള്ളം പറയുകയാണെന്ന് മുതിർന്ന ശിവസേനാ നേതാവ് സഞ‍്ജയ് റാവത്ത് വിമർശിച്ചു. 

അധികാരം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് ശിവസേനയുമായി നടത്തിയ ചര്‍ച്ചകളിലെ തീരുമാനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിക്കാതെ അമിത് ഷാ മോദിയെ ഇരുട്ടിലാക്കുകയാണെന്നും റാവത്ത് ആരോപിച്ചു.  മുഖ്യമന്ത്രിസ്ഥാനത്തേക്ക് ദേവേന്ദ്ര ഫഡ്നാവിസാകും എത്തുകയെന്ന് മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് മോദി ആവര്‍ത്തിച്ച് പറഞ്ഞിട്ടും എന്തുകൊണ്ടാണ് ശിവസേന പ്രതികരിക്കാതിരുന്നതെന്ന് അമിത് ഷാ ചോദിച്ചിരുന്നു. ശിവസേനയില്‍ നിന്നുള്ളയാളാകും മുഖ്യമന്ത്രിയെന്ന് ഉദ്ധവ് താക്കറെ അറിയിച്ചിരുന്നെന്നും അപ്പോള്‍ ബിജെപി എന്താണ് എതിര്‍ക്കാതിരുന്നതെന്നും സഞ്ജയ് റാവത്ത് തിരിച്ചടിച്ചു.   

വാക്ക് നൽകിയിട്ട് അത് പാലിക്കാതെ ഇത്രയും നാൾ മിണ്ടാതിരുന്നു. ഇപ്പോഴത്തെ ഭീഷണി കണ്ട് സേന പേടിക്കില്ലെന്നും മരിക്കാൻ തയാറായി തന്നെയാണ് നിൽക്കുന്നതെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. അതേസമയം സർക്കാ‍ർ രൂപീകരിക്കാൻ ശിവസേനയ്ക്ക് സമയം നീട്ടി നൽകാത്തതിൽ പ്രതിഷേധിച്ച് സേനയെ പിന്തുണയ്ക്കുന്ന സ്വതന്ത്ര എംഎല്‍എ ബച്ചു കാഡു രാജ് ഭവന് മുന്നിലിരുന്ന് പ്രതിഷേധിച്ചു

 

click me!