മുംബൈ തീരത്ത് നിന്ന് 100 നോട്ടിക്കൽ മൈൽ അകലെ അറബിക്കടലിൽ വെച്ച് അന്താരാഷ്ട്ര എണ്ണക്കടത്ത് സംഘത്തെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് പിടികൂടി
ദില്ലി: മുംബൈ തീരത്ത് നിന്ന് 100 നോട്ടിക്കൽ മൈൽ അകലെ അറബിക്കടലിൽ വെച്ച് അന്താരാഷ്ട്ര എണ്ണക്കടത്ത് സംഘത്തെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് പിടികൂടി. അത്യാധുനിക സാങ്കേതികവിദ്യയും വ്യോമ‑നാവിക സേനയുടെ ഏകോപനവും ഉപയോഗിച്ച് നടത്തിയ അതിസാഹസികമായ ഓപ്പറേഷനിലാണ് കള്ളക്കടത്ത് സംഘം പിടിയിലായത്. യുദ്ധം നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ ശേഖരിച്ച് അന്താരാഷ്ട്ര സമുദ്ര അതിർത്തിയിൽ വെച്ച് മറ്റ് കപ്പലുകളിലേക്ക് മാറ്റി ലാഭം കൊയ്യുന്നതാണ് രീതി.
വ്യാഴാഴ്ചയാണ് സംശയകരമായ രീതിയിൽ കണ്ടെത്തിയ മൂന്ന് വിദേശ കപ്പലുകളെ കോസ്റ്റ് ഗാർഡ് തടഞ്ഞത്. കപ്പലിലുണ്ടായിരുന്ന രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും പരിശോധിച്ചതിൽ നിന്നും ജീവനക്കാരെ ചോദ്യം ചെയ്തതിൽ നിന്നുമാണ് തട്ടിപ്പിന്‍റെ വിവരങ്ങൾ പുറത്തുവന്നത്. കസ്റ്റഡിയിലെടുത്ത കപ്പലുകളെ കൂടുതൽ അന്വേഷണത്തിനായി മുംബൈയിലേക്ക് എത്തിക്കും. തുടർനടപടികൾക്കായി ഇവയെ കസ്റ്റംസിനും മറ്റ് നിയമപാലക ഏജൻസികൾക്കും കൈമാറും.



