'രാമക്ഷേത്രത്തെ എതിർക്കുന്നതിനാലാണ് കോൺ​ഗ്രസ് ഓ​ഗസ്റ്റ് അ‍ഞ്ചിന് സമരം നടത്തിയത്'; ആരോപണവുമായി അമിത് ഷാ

By Web TeamFirst Published Aug 5, 2022, 10:04 PM IST
Highlights

നാഷണൽ ഹെറാൾഡ് അഴിമതിക്കേസിൽ രാഹുൽ​ഗാന്ധിക്കും സോണിയാ​ഗാന്ധിക്കും ഡയറക്ടറേറ്റ് പുതിയ സമൻസ് അയച്ചിട്ടില്ലെങ്കിലും കോൺഗ്രസ് വെള്ളിയാഴ്ച പ്രതിഷേധം നടത്തിയെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

ദില്ലി: അയോധ്യയിലെ രാമക്ഷേത്രത്തെ എതിർക്കുന്നതിന്റെ ഭാ​ഗമായാണ് ഓ​ഗസ്റ്റ് അഞ്ചിന് തന്നെ കോൺ​ഗ്രസ് പാർട്ടി രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിച്ചതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാമക്ഷേത്രത്തിന് തറക്കല്ലിട്ട ഓ​ഗസ്റ്റ് അഞ്ച് തന്നെ കോൺഗ്രസ് പ്രതിഷേധത്തിനായി തെരഞ്ഞെടുത്തു. കറുത്ത വസ്ത്രം ധരിച്ചത് അവരുടെ പ്രീണന രാഷ്ട്രീയത്തിന്റെ സൂക്ഷ്മമായ സന്ദേശം നൽകാനാണെന്നും അമിത് ഷാ കുറ്റപ്പെടുത്തി. നാഷണൽ ഹെറാൾഡ് അഴിമതിക്കേസിൽ രാഹുൽ​ഗാന്ധിക്കും സോണിയാ​ഗാന്ധിക്കും ഡയറക്ടറേറ്റ് പുതിയ സമൻസ് അയച്ചിട്ടില്ലെങ്കിലും കോൺഗ്രസ് വെള്ളിയാഴ്ച പ്രതിഷേധം നടത്തിയെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

രാജ്യത്തെ എല്ലാവരും നിയമത്തെ മാനിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. വിലക്കയറ്റം, അവശ്യവസ്തുക്കളുടെ ജിഎസ്ടി വർധന, തൊഴിലില്ലായ്മ എന്നിവയ്‌ക്കെതിരെയാണ് വെള്ളിയാഴ്ച കോൺഗ്രസ് നേതാക്കൾ കറുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച് രാജ്യവ്യാപകമായി വൻ പ്രതിഷേധം നടത്തിയത്. ദില്ലിയിൽ പാർട്ടി ആസ്ഥാനത്തിന് പുറത്ത് കുത്തിയിരിപ്പ് സമരം നടത്തിയ പാർട്ടി മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി, ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആറ് മണിക്കൂറിന് ശേഷമാണ് പൊലീസ് ഇവരെ വിട്ടയച്ചത്. കോൺഗ്രസ് പ്രതിഷേധത്തിനിടെ 335 പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തതായി ദില്ലി പൊലീസ് അറിയിച്ചു.

രാഷ്ട്രപതിഭവനിലേക്ക് കോൺഗ്രസ് മാർച്ച്: നയിച്ചത് സോണിയ, തടഞ്ഞ് പൊലീസ്, സംഘർഷം; രാഹുൽ അടക്കം അറസ്റ്റിൽ

ജനാധിപത്യത്തിന്റെ മരണത്തിന് ഇന്ത്യ സാക്ഷ്യം വഹിക്കുകയാണെന്നും ഏകാധിപത്യത്തിനെതിരെ നിലകൊള്ളുന്നവർക്കെതിരെ നിഷ്ഠൂരമായി ആക്രമിക്കപ്പെടുകയാണെന്നും രാഹുൽ ​ഗാന്ധി ആരോപിച്ചു. വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങി ജനങ്ങളുടെ പ്രശ്‌നങ്ങൾ ഉന്നയിക്കരുതെന്നതാണ് സർക്കാരിന്റെ ഏക അജണ്ടയെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രാഹുൽ ഗാന്ധിക്ക് കീഴിലുള്ള തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്റെ ആവർത്തിച്ചുള്ള പരാജയവും നാഷണൽ ഹെറാൾഡ് കേസിൽ നടന്നുകൊണ്ടിരിക്കുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തിനും കോൺ​ഗ്രസ് ഇന്ത്യൻ ജനാധിപത്യത്തെയും സർക്കാറിനെയും കുറ്റപ്പെടുത്തുകയാണെന്ന് ബിജെപി ആരോപിച്ചു. 

click me!