അമിത് ഷാ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നു, എന്‍ആര്‍സിയും എന്‍പിആറും വ്യത്യാസമില്ല: അസദുദ്ദീന്‍ ഒവൈസി

By Web TeamFirst Published Dec 25, 2019, 7:41 PM IST
Highlights

ആഭ്യന്തര മന്ത്രാലയത്തിന്‍റെ രേഖകള്‍ അനുസരിച്ച് എന്‍ആര്‍സിയിലേക്കുള്ള ആദ്യപടിയാണ് എന്‍പിആര്‍. അതുകൊണ്ട് തന്നെ കേരളം, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളെ മാതൃകയാക്കി തെലങ്കാനയിലും എന്‍പിആര്‍ നടപടികള്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടു. 

ഹൈദരാബാദ്: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആള്‍ ഇന്ത്യ മജ്‍ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍(എഐഎംഐഎം) നേതാവും എംപിയുമായ അസദുദ്ദീന്‍ ഒവൈസി. അമിത് ഷാ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ദേശീയ ജനസംഖ്യ രജിസ്റ്ററും(എന്‍പിആര്‍) ദേശീയ പൗരത്വ രജിസ്റ്ററും(എന്‍ആര്‍സി) തമ്മില്‍ വ്യത്യാസമില്ലെന്നും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇതിനെതിരെ ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്നും ഒവൈസി വ്യക്തമാക്കി. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു ഒവൈസിയുടെ പ്രതികരണം. 

ഭരണഘടനക്ക് വിരുദ്ധമായതിനാലാണ് പൗരത്വ നിയമ ഭേദഗതിയെ പാര്‍ലമെന്‍റില്‍ എതിര്‍ത്തതെന്ന് തെലങ്കാന മുഖ്യമന്ത്രി വ്യക്തമാക്കി. സിഎഎയും എന്‍പിആറിനെയും എതിര്‍ക്കുന്നതിനായി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ സംയുക്ത യോഗം വിളിക്കാന്‍ മുഖ്യമന്ത്രി സമ്മതിച്ചെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര മന്ത്രാലയത്തിന്‍റെ രേഖകള്‍ അനുസരിച്ച് എന്‍ആര്‍സിയിലേക്കുള്ള ആദ്യപടിയാണ് എന്‍പിആര്‍.

അതുകൊണ്ട് തന്നെ കേരളം, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളെ മാതൃകയാക്കി എന്‍പിആര്‍ നടപടികള്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടു. അമിത് ഷാ തെറ്റായ പരാമര്‍ശത്തിലൂടെ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഒവൈസി വ്യക്തമാക്കി. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭം ശക്തമായ സാഹചര്യത്തിലാണ് എന്‍പിആര്‍ എന്‍ആര്‍സിയും ബന്ധമില്ലെന്നും എന്‍പിആര്‍ നടപടികളില്‍ നിന്ന് കേരളവും ബംഗാളും പിന്മാറരുതെന്നും അമിത് ഷാ ആവശ്യപ്പെട്ടത്.

click me!