
ലഖ്നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്കുനേരെ പ്രതികാര നടപടിയുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സമരക്കാര്‍ക്കുനേരെ പ്രതികാര നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കിയതിന് പിന്നാലെ സമരത്തില്‍ പങ്കെടുത്ത 28 പേര്‍ക്ക് 25 ലക്ഷം രൂപ അടക്കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചു. പൊതുമുതലും സ്വകാര്യമുതലും നശിപ്പിച്ചതിനാണ് നോട്ടീസ് നല്‍കിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. ആദ്യം 15 ലക്ഷം രൂപയുടെ നാശനഷ്ടമായിരുന്നു കണക്കാക്കിയത്. എന്നാല്‍ പിന്നീട് 25 ലക്ഷമാക്കി ഉയര്‍ത്തി.
പ്രതിഷേധ സമരത്തിനിടെ ആക്രമണം അഴിച്ചുവിട്ട 28 പേരെ കണ്ടെത്തി നോട്ടീസ് അയച്ചു. അവരുടെ ഭാഗം വിശദീകരിക്കാന്‍ ഏഴ് ദിവസം അനുവദിച്ചിട്ടുണ്ട്. അതിന് ശേഷം നഷ്ടപരിഹാരം ഈടാക്കാനുള്ള നടപടി തുടങ്ങുമെന്ന് രാംപൂര്‍ ജില്ലാ മജിസ്ട്രേറ്റ് ഔജന്യ സിംഗ് പിടിഐയോട് പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച രാംപൂരില്‍ നടന്ന പ്രക്ഷോഭത്തിനിടെയുള്ള നാശനഷ്ടങ്ങളുടെ പേരിലാണ് നടപടി.
പ്രതിഷേധക്കാര്‍ പൊലീസിനെ ആക്രമിക്കുകയും ബാരിക്കേഡ് തകര്‍ക്കുകയും ബൈക്കുകളും പൊലീസ് വാഹനവും കത്തിക്കുകയും ചെയ്തെന്ന് പൊലീസ് ആരോപിച്ചു. പൊലീസ് വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. 31 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 150 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. നേരത്തെ പ്രക്ഷോഭകാരികള്‍ക്കുനേരെ പ്രതികാര നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കിയിരുന്നു.
അതിനിടെ ഉത്തര്‍പ്രദേശില്‍ പ്രക്ഷോഭത്തിനിടെ പൊലീസ് വെടിവെപ്പില്‍ മരിച്ചവരുടെ എണ്ണം 20 ആയി ഉയര്‍ന്നു. ചൊവ്വാഴ്ച ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചതോടെയാണ് എണ്ണം ഉയര്‍ന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam