Nagaland Firing : 'നാഗാലാന്‍റില്‍ സ്ഥിതി നിയന്ത്രണ വിധേയം'; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചെന്ന് അമിത് ഷാ

By Web TeamFirst Published Dec 6, 2021, 4:04 PM IST
Highlights

അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. നാഗാലാന്‍റില്‍ സ്ഥിതി നിയന്ത്രണവിധേയമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. 

ദില്ലി: വിഘടനവാദികളെന്ന് തെറ്റിദ്ധരിച്ച് നാഗാലാന്‍റില്‍ (Nagaland) ഗ്രാമീണരെ സുരക്ഷാസേന വെടിവെച്ച് കൊന്ന കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ (Amit Shah). അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. നാഗാലാന്‍റില്‍ സ്ഥിതി നിയന്ത്രണവിധേയമെന്നും ആഭ്യന്തരമന്ത്രി ലോക്സഭയില്‍ പറഞ്ഞു. രാജ്യസഭയില്‍ പ്രസ്താവന നടത്തുന്നതിനിടെ പ്രതിപക്ഷം ബഹളമുയര്‍ത്തി.  

ജനങ്ങളെ വെടിവെച്ചുകൊന്ന സംഭവത്തിൽ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്‍റിന്‍റെ ഇരുസഭകളെയും രാവിലെ മുതല്‍ പ്രതിപക്ഷം പ്രക്ഷുബ്ധമാക്കിയിരുന്നു. സ്വന്തം പൗരന്മാരെ വെടിവെച്ചുകൊന്ന സംഭവത്തിൽ ചര്‍ച്ച വേണമെന്നും അതിന് ആഭ്യന്തരമന്ത്രി മറുപടി പറഞ്ഞ ശേഷം മറ്റ് നടപടികൾ മതിയെന്നുമായിരുന്നു പ്രതിപക്ഷത്തിന്‍റെ നിലപാട്. ഇതോടെ ലോക്സഭ ബഹളത്തിൽ മുങ്ങി. രാവിലെ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗതതിന് ശേഷം കോണ്‍ഗ്രസ് കക്ഷി നേതാവ് അധിര്‍ രഞ്ജൻ ചൗധരിയാണ് ലോക്സഭയിൽ വിഷയം ഉന്നയിച്ചത്. 

മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിലായിരുന്നു രാജ്യസഭയിലെ നീക്കം. ചര്‍ച്ചയാവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങിയതോടെ രാജ്യസഭ ആദ്യം 12 മണിവരെയും പിന്നീട് രണ്ടുമണിവരെയും നിര്‍ത്തിവെച്ചു. രാജ്യസഭയിൽ സസ്പെഷൻ നേരിടുന്ന 12 അംഗങ്ങൾ ഇന്നും പാര്‍ലമെന്‍റ് കവാടത്തിൽ ധര്‍ണ്ണ നടത്തി. ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് ആവര്‍ത്തിക്കുമ്പോഴാണ് സര്‍ക്കാരിനെ പ്രതികൂട്ടിലാക്കി നാഗാലാന്‍റ് വിഷയത്തിലെ പ്രതിപക്ഷ നീക്കം.

വിഘടനവാദികളെന്ന് തെറ്റിദ്ധരിച്ച് ഗ്രാമീണര്‍ക്ക് നേരെ സൈന്യം കഴിഞ്ഞ രാത്രി നടത്തിയ ആക്രമണത്തില്‍ 12 നാട്ടുകാരും ഒരു ജവാനുമാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ മേഖലയിലെ പല പ്രദേശങ്ങളിലും പ്രതിഷേധം അക്രമാസക്തമായി. കടകള്‍ തീയിട്ട് നശിപ്പിച്ചു. സമാധാനം പാലിക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടി എടുക്കുമെന്നും നാഗാലാന്‍റ് മുഖ്യമന്ത്രി നെയ്ഫിയു റിയോ വ്യക്തമാക്കി. ഖേദം രേഖപ്പെടുത്തിയ സൈന്യം അന്വേഷണം നടത്തുമെന്ന് അറിയിച്ചു. സൈന്യത്തിന്‍റെ നടപടിയില്‍ പ്രതിഷേധിച്ച്  കോൺഗ്രസും തൃണമൂൽ കോൺഗ്രസും രംഗത്തെത്തിയിരുന്നു. 

click me!