Asianet News MalayalamAsianet News Malayalam

Parliament : നാഗാലാന്‍റ് വെടിവെപ്പ് പാര്‍ലമെന്‍റില്‍; രാജ്യത്തെ ഞെട്ടിച്ച സംഭവമെന്ന് പ്രതിപക്ഷം, ബഹളം

സഭയുടെ തുടക്കത്തില്‍ തന്നെ പ്രസ്താവന വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ആഭ്യന്തരമന്ത്രി സഭയിൽ പ്രസ്താവന നടത്തുമെന്ന് പാർലമെന്ററികാര്യ മന്ത്രി പ്രൾഹാദ് ജോഷി പറഞ്ഞു. പ്രതിപക്ഷ ബഹളത്തില്‍ രാജ്യസഭ 12 മണിവരെ നിര്‍ത്തിവെച്ചു. 

Opposition raised nagaland violence in parliament
Author
Delhi, First Published Dec 6, 2021, 11:59 AM IST

ദില്ലി: പാര്‍ലമെന്‍റിനെ പ്രക്ഷുബ്ധമാക്കി നാഗാലാന്‍റ് (Nagaland) വെടിവെപ്പ്. ജനങ്ങളെ വെടിവെച്ചുകൊന്ന സംഭവത്തിൽ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും പ്രതിപക്ഷ നീക്കം (Opposition). രാവിലെ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗതതിന് ശേഷം കോണ്‍ഗ്രസ് കക്ഷി നേതാവ് അധിര്‍ രഞ്ജൻ ചൗധരിയാണ് ലോക്സഭയിൽ വിഷയം ഉന്നയിച്ചത്. ആഭ്യന്തരമന്ത്രി പ്രസ്താവന നടത്തുമെന്ന് സ്പീക്കര്‍ ഓംബിര്‍ള അറിയിച്ചു. സ്വന്തം പൗരന്മാരെ വെടിവെച്ചുകൊന്ന സംഭവത്തിൽ ചര്‍ച്ച വേണമെന്നും അതിന് ആഭ്യന്തരമന്ത്രി മറുപടി പറഞ്ഞ ശേഷം മറ്റ് നടപടികൾ മതിയെന്നും പ്രതിപക്ഷം നിലപാടെടുത്തതോടെ ലോക്സഭ ബഹളത്തിൽ മുങ്ങി. 

മല്ലികാർജുൻ ഖർഗെയുടെ നേതൃത്വത്തിലായിരുന്നു രാജ്യസഭയിലെ നീക്കം. ചര്‍ച്ചയാവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയതോടെ രാജ്യസഭ ആദ്യം 12 മണിവരെയും പിന്നീട് രണ്ടുമണിവരെയും നിര്‍ത്തിവെച്ചു. ഇരുസഭകളിലും ഇന്നുതന്നെ ആഭ്യന്തരമന്ത്രി പ്രസ്താവന നടത്തും. വിഷയത്തിൽ സര്‍ക്കാരിനെതിരെ നിലപാട് കടുപ്പിക്കാനാണ് പ്രതിപക്ഷ തീരുമാനം. രാജ്യസഭയിൽ സസ്പെഷൻ നേരിടുന്ന 12 അംഗങ്ങൾ ഇന്നും പാര്‍ലമെന്‍റ് കവാടത്തിൽ ധര്‍ണ്ണ നടത്തി. ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് ആവര്‍ത്തിക്കുമ്പോഴാണ് സര്‍ക്കാരിനെ പ്രതികൂട്ടിലാക്കി നാഗാലാന്‍റ് വിഷയത്തിലെ പ്രതിപക്ഷ നീക്കം. ആഭ്യന്തര മന്ത്രി അമിത്ഷാ ഇരുസഭകളിലും പ്രസ്താവന നടത്തും.

വിഘടനവാദികളെന്ന് തെറ്റിദ്ധരിച്ച് ഗ്രാമീണര്‍ക്ക് നേരെ സൈന്യം കഴിഞ്ഞ രാത്രി നടത്തിയ ആക്രമണത്തില്‍ 12 നാട്ടുകാരും ഒരു ജവാനുമാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ മേഖലയിലെ പല പ്രദേശങ്ങളിലും പ്രതിഷേധം അക്രമാസക്തമായി. കടകള്‍ തീയിട്ട് നശിപ്പിച്ചു. സമാധാനം പാലിക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടി എടുക്കുമെന്നും നാഗാലാന്‍റ് മുഖ്യമന്ത്രി നെയ്ഫിയു റിയോ വ്യക്തമാക്കി. ഖേദം രേഖപ്പെടുത്തിയ സൈന്യം അന്വേഷണം നടത്തുമെന്ന് അറിയിച്ചു. സൈന്യത്തിന്‍റെ നടപടിയില്‍ പ്രതിഷേധിച്ച്  കോൺഗ്രസും തൃണമൂൽ കോൺഗ്രസും രംഗത്തെത്തിയിരുന്നു. 

 

Follow Us:
Download App:
  • android
  • ios