
ദില്ലി: ബിജെപി സര്‍ക്കാര്‍ പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്ത 90 ശതമാനം കാര്യങ്ങളും പാലിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജനങ്ങളെ സന്തോഷിപ്പിക്കാനുള്ള തീരുമാനങ്ങളല്ല, അവരുടെ നന്മയ്ക്ക് വേണ്ടിയുള്ള തീരുമാനങ്ങളാണ് നരേന്ദ്രമോദി സ്വീകരിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു. മോദിയെപ്പറ്റിയുള്ള ഒരു പുസ്തകത്തിന്‍റെ പ്രകാശനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“നിങ്ങള്‍ ബിജെപിയുടെ പ്രകടന പത്രിക നോക്കിയാൽ 90 ശതമാനത്തോളം വാഗ്ദാനങ്ങളും നടപ്പായിക്കഴിഞ്ഞുവെന്ന് മനസ്സിലാകും. മുൻ സര്‍ക്കാരുകള്‍ നടപ്പാക്കാൻ മടിച്ചിരുന്ന പല കാര്യങ്ങളും. ആര്‍ട്ടിക്കിള്‍ 370, ആര്‍ട്ടിക്കിള്‍ 35-എ, അഭയാര്‍ഥികള്‍ക്ക് പൗരത്വം, രാമജന്മഭൂമി പ്രശ്നത്തിൽ വ്യക്തമായ നിലപാട്, മുത്തലാഖ് നിരോധനം തുടങ്ങിയ വിഷയങ്ങളിൽ വ്യക്തമായ നിലപാടെടുത്ത് പരിഹരിച്ചു“ അമിത് ഷാ പറഞ്ഞു.
പ്രകടന പത്രികയുടെ വിശ്വാസ്യത വര്‍ധിച്ചെന്നും മാധ്യമപ്രവര്‍ത്തകരും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാൻ തുടങ്ങിയെന്നും അമിത് ഷാ പറഞ്ഞു. പ്രകടന പത്രിക മികച്ച ഭരണത്തിലേയ്ക്കുള്ള വഴികാട്ടിയാണെന്നും ഈ സംസ്കാരം ഉണ്ടാക്കിയത് നരേന്ദ്ര മോദിയാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.